-->
കൊച്ചി: യുവതിയെ നിര്‍ബന്ധിച്ചു ഗര്‍ഭച്ഛിദ്രം നടത്തിയെന്ന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലീസ് കേസെടുക്കുന്നതു യുവതി പരാതി നല്‍കിയാല്‍ മാത്രം. ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയതു ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റിയനാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.
കോടതി ആവശ്യപ്പെട്ടാല്‍ കേസെടുക്കേണ്ടിവരും. എന്നാല്‍, പരാതിയില്‍ അവ്യക്തതയുണ്ടെന്നാണു പോലീസ് പറയുന്നത്. ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയെന്നു പറയുന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണു പരാതി. ഈ ശബ്ദസന്ദേശം രാഹുല്‍ മാങ്കൂട്ടത്തിലിന്റേതാണെന്നു ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും. മറുവശത്തുള്ള ആളെ സംബന്ധിച്ചും വ്യക്തവരേണ്ടതുണ്ട്. ഷിന്റോ സെബാസ്റ്റിയന്‍ ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണു പരാതി നല്‍കിയത്. തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരനു സാധിച്ചിട്ടില്ല. ഇതു കോടതിയില്‍ തിരിച്ചടിയാകും.
പുറത്തുവന്ന ശബ്ദസന്ദേശത്തിലെ ഇര പരാതിയുമായി സമീപിച്ചാല്‍മാത്രം കേസെടുത്താല്‍ മതിയെന്നാണു പോലീസിനു ലഭിച്ച നിയമോപദേശം. മാത്രമല്ല, ഈ വിഷയത്തില്‍ എന്തു പൊതുതാല്‍പര്യമാണുള്ളതെന്നും പരിശോധിക്കേണ്ടതുണ്ട്. ആരോപണവിധേയനെതിരേ പരാതിക്കാര്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗര്‍ഭച്ഛിദ്രം നടന്നിട്ടുണ്ടോ, ഗര്‍ഭസ്ഥശിശു ജീവിച്ചിരിപ്പുണ്ടോ, ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യത്തെ എത്രമാത്രം ബാധിച്ചു എന്നീ കാര്യങ്ങളില്‍ വ്യക്തത വരണമെന്നാണു പോലീസ് നിലപാട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്. ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചുവെന്നാണ് യുവതിയുടെ ആരോപണം. '2023 ലാണ് എനിക്ക് മെസേജ് അയയ്ക്കുന്നത്. ആദ്യം ഇന്‍സ്റ്റഗ്രാം വഴി മെസേജ് അയച്ചു. ശേഷം നമ്പര്‍ വാങ്ങി. പിന്നാലെ ടെലഗ്രാമിലൂടെ മെസേജ് അയയ്ക്കാന്‍ തുടങ്ങി. ടൈമര്‍ സെറ്റ് ചെയ്തായിരുന്നു മെസേജ് അയച്ചിരുന്നത്. എനിക്ക് നിന്നോട് ആദ്യം മുതലേ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞു തുടങ്ങി. താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ പല തവണ സംസാരിച്ചു.
അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ആദ്യം വിവാഹാഭ്യര്‍ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍നിന്ന് പിന്മാറി. സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് രാഹുല്‍ പറഞ്ഞു. രണ്ടുമാസം മുന്‍പ് വരെ രാഹുല്‍ മെസേജ് അയച്ചു. ഇരകള്‍ ഏറെയുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് വെളിപ്പെടുത്താന്‍ തീരുമാനിച്ചത്. പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ ഐ ഡോണ്ട് കെയര്‍, ഹൂ കെയേഴ്‌സ് എന്നായിരുന്നു മറുപടി. ജനപ്രതിനിധിയാകുന്നതിനു മുന്‍പാണ് ദുരനുഭവം നേരിട്ടത്. രാഹുലിനു രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പരാതിയുമായി ആരെയും സമീപിച്ചിട്ടില്ല. രാഹുലില്‍നിന്ന് ദുരനുഭവം നേരിട്ട മറ്റാളുകളെയും അറിയാം'- യുവതി പറഞ്ഞു. യുവതിയുമായി രാഹുല്‍ സംസാരിച്ച വിഡിയോ കോളിന്റെയും മെസേജിന്റെയും സ്‌ക്രീന്‍ ഷോട്ടും പുറത്തുവന്നിട്ടുണ്ട്.