Wednesday, March 11, 2026 Last Updated 13 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 22 Aug 2025 12.12 PM

‘‘മമ്മിക്ക് കുവൈറ്റില്‍ ഗദ്ദാമ ജോലി, പപ്പയും മമ്മിയുമുണ്ടായിട്ടും ഒറ്റപ്പെട്ട ബാല്യം; ജീവിതത്തില്‍ കെയറിങ് അറിഞ്ഞത് നൂബിനിലൂടെ, അനുഗ്രഹമാണ് നൂബിന്‍...’’ബിന്നി സെബാസ്റ്റ്യന്‍

ബാലതാരമായി സിനിമയിലൂടെയും നായികയായി മിനിസ്​‍ക്രീന്‍ പരമ്പരയിലൂടെയും പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് ബിന്നി സെബാസ്റ്റ്യന്‍. ഇപ്പോഴിതാ ബിഗ് ബോസ് ഷോയിലെ ലൈഫ് സ്റ്റോറി സെഗ്മെന്റില്‍ കുടുംബത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും ബിന്നി പറഞ്ഞത് ആരാധകരെ നൊമ്പരപ്പെടുത്തുകയാണ്.
Binny Sebastian, Noobin johny
Binny Noobin shares her life story in big boss (Image Source: Instagram)

ജനപ്രിയ പരമ്പരയായ ‘ഗീതാഗോവിന്ദ’ത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഡോ. ജോസഫൈന്‍ ബിന്നി സെബാസ്റ്റ്യന്‍. കഴിഞ്ഞ രണ്ട് വർഷമായിത്തോളമായി മലയാളി കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത കോമ്പോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം പരമ്പരയിലെ ഗീതാഞ്ജലിയും ഗോവിന്ദും. ഗീതാഞ്ജലിയായി നിരവധി ആരാധകരെ സമ്പാദിച്ച ബിന്നി സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ്.
അടുത്തിടെയായി ബിന്നി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ബിഗ് ബോസ് മലയാളം ഏഴാം സീസണിലൂടെയാണ്. ആദ്യത്തെ ആഴ്ച പിന്നിടുമ്പോള്‍ ആക്ടീവായി മുന്നേറുന്ന ബിന്നി പ്രേക്ഷകരുടെ കൈയടിയും നേടി മിന്നിത്തിളങ്ങുകയാണ്. കുട്ടിത്തവും കുസൃതികളുമായി എപ്പോഴും പുഞ്ചിരിയോടെ നില്‍ക്കുന്ന ബിന്നിയെയാണ് പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ ബിന്നിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ബിഗ് ബോസിലെത്തിയ ശേഷമാണ്.
ഇപ്പോഴിതാ ബിഗ് ബോസ് ഷോയിലെ ലൈഫ് സ്റ്റോറി സെഗ്മെന്റിലാണ് കുടുംബത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും ബിന്നി പറഞ്ഞത് ആരാധകരെ നൊമ്പരപ്പെടുത്തുകയാണ്. താൻ ഇപ്പോള്‍ ജീവിക്കുന്ന ജീവിതത്തില്‍ നൂറ് ശതമാനം സംതൃപ്തി അനുഭവിക്കുന്നുണ്ടെന്നും ഓർക്കാൻ ആഗ്രഹിക്കാത്ത കുട്ടിക്കാലമുള്ളയാളാണ് താനെന്നും കെയറിങ് എന്താണെന്ന് താൻ അനുഭവിച്ചിട്ടില്ലെന്ന് ബിന്നി പറയുന്നു.
‘‘കുട്ടിക്കാലം ഓർക്കാൻ എനിക്ക് ഒട്ടും ഇഷ്ടമല്ല. മൂന്ന് വയസില്‍ മമ്മി കുവൈറ്റില്‍ പോയി. പപ്പ നാട്ടില്‍ തന്നെ എവിടെയോ ഉണ്ടായിരുന്നു. ചേട്ടൻ ഹോസ്റ്റലിലായിരുന്നു. മമ്മിയുടെ മൂത്ത സഹോദരിയുടെ കൂടെ ഹൈദരാബാദിലായിരുന്നു ഞാൻ. അംഗനവാടിയില്‍ മാത്രമെ പോയിരുന്നുള്ളു. അതുകൊണ്ട് കുറച്ച്‌ മലയാളം അക്ഷരങ്ങള്‍ മാത്രമെ അറിയാമായിരുന്നുള്ളു. ഹൈദരാബാദ് ചെന്നശേഷം എനിക്ക് അക്ഷരങ്ങളൊന്നും അറിയില്ലായിരുന്നു. അങ്ങനെ ഞാൻ ഒന്നാം ക്ലാസില്‍ തോറ്റു. ആന്റി വളരെ സ്ട്രിക്ടായിരുന്നു.
അതുകൊണ്ട് എനിക്കും കംഫേർട്ടായിരുന്നില്ല. അങ്ങനെ നാട്ടില്‍ വന്നപ്പോള്‍ പപ്പയോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. തിരിച്ച്‌ പോകുന്നില്ലെന്നും പറഞ്ഞു. പക്ഷെ എന്തിനാണെന്ന് അറിയില്ല. എന്നെ വേറെ വീട്ടിലേക്ക് മാറ്റി. മമ്മിയുടെ വീടായിരുന്നു അത്. അവിടെ ചെന്നപ്പോള്‍ വിവേചനം അനുഭവിച്ചു. പിന്നീട് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നെ ഹോസ്റ്റലിലാക്കി.
വീട്ടില്‍ പോണമെന്ന് പറഞ്ഞ് ഞാൻ ഒരുപാട് കരഞ്ഞു. പക്ഷെ എന്നെ ഏറ്റെടുക്കാൻ ആരും ഉണ്ടായിരുന്നില്ല. അമ്മ കുവൈറ്റിലായിരുന്നു. പപ്പയ്ക്ക് അത്ര ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നില്ല. മമ്മി അങ്ങനെ ആയിരുന്നില്ല. കുഞ്ഞുങ്ങൾ നല്ല രീതിയിൽ എത്തണമെന്ന് ആയിരുന്നു ആഗ്രഹം. ലോണും കാര്യങ്ങളും ഒക്കെ എടുത്താണ് മമ്മി കുവൈറ്റിലേക്ക് പോകുന്നത്. അവിടെ ഏകദേശം ഇരുപത്തിയഞ്ച് വർഷക്കാലം മമ്മി ജോലി ചെയ്താണ് എന്നെയും ചേട്ടനെയും പഠിപ്പിച്ചത്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയത് മമ്മി ആയിരുന്നു. മമ്മിയും ഞാനും തമ്മിൽ കുട്ടിക്കാലത്ത്‌ അത്ര കമ്മ്യൂണിക്കേഷൻ ഉണ്ടായിരുന്നില്ല.
അന്നൊന്നും എനിക്ക് അത്ര മിസിങ് ഫീൽ ചെയ്തില്ല. പക്ഷെ ഒരു പെൺകുട്ടിക്ക് മമ്മിയുടെ സാന്നിധ്യം വേണ്ടുന്ന കാലത്താണ് അത് ഞാൻ തിരിച്ചറിയുന്നത്. എന്റെ മമ്മിക്ക് അവിടെ ഗദ്ദാമ ജോലിയാണ് ചെയ്യേണ്ടി വന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ മമ്മി ഞങ്ങളെ വളർത്തിയത്. കക്കൂസ് കഴുകിയും അവിടെയുള്ള ആളുകളുടെ വീടുകൾ ക്‌ളീൻ ചെയ്തും ആളുകളുടെ ആട്ടും തുപ്പും ഏറ്റാണ് മമ്മി ഞങ്ങളെ വളർത്താൻ വേണ്ടി ജോലി ചെയ്യുന്നത്. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ബ്ലെസിംഗ്‌ എന്ത് മമ്മി ചെയ്ത നന്മ അന്നെന്നു ഞാൻ വിശ്വസിക്കുന്നു.
പപ്പയും സ്ഥലത്തില്ല. അതുകൊണ്ട് തന്നെ എന്നെ കാണാനൊന്നും ആരും വരാറില്ലായിരുന്നു. വീക്കെന്റില്‍ എല്ലാവരുടേയും പാരന്റ്സ് വരും എന്നെ കാണാൻ മാത്രം ആരുമില്ല. വല്ലപ്പോഴുമാണ് മമ്മി ഫോണ്‍ വിളിച്ചിരുന്നത്. പിന്നെ എനിക്കെല്ലാം എന്റെ സുഹൃത്തുക്കളായി മാറി.
പിന്നീട് മെഡിസിന് പോയി പഠിച്ച്‌ തിരിച്ച്‌ വന്നപ്പോള്‍ അവർക്ക് ഞാൻ സ്പെഷ്യല്‍ ആളായി മാറി. അത് എനിക്ക് സർപ്രൈസിങ് ആയിരുന്നു. എന്നെ ഇത്രയും നാള്‍ ഇങ്ങനെയൊക്കെ ട്രീറ്റ് ചെയ്ത വ്യക്തികള്‍ക്ക് പിന്നീട് ഞാൻ വലിയ സംഭവമായി. എന്നെ വീട്ടില്‍ നിർത്താൻ തുടങ്ങി. ഇപ്പോഴത്തെ എന്റെ ലൈഫില്‍ ‍ഞാൻ വളരെ സാറ്റിസ്ഫൈഡും ഹാപ്പിയുമാണ്. നൂബിൻ എന്റെ ലൈഫിലേക്ക് വന്നിട്ട് മൂന്ന് വർഷമാകുന്നു. എന്റെ ലൈഫില്‍ ഇല്ലാതിരുന്ന ഒരു സാധനമാണ് കെയറിങ്. ഒരു ഡോക്ടറെ സംബന്ധിച്ച്‌ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളതാണ് കെയറിങ്. കെയറിങ് എന്താണ് എന്ന് എനിക്ക് പഠിപ്പിച്ചുതന്നത് അദ്ദേഹമാണ്.
പക്ഷേ നൂബിനുമായള്ള വിവാഹത്തിന് ആരും സമ്മതിച്ചില്ല. എന്റെ ഫാമിലിയില്‍ ഇതൊരു വലിയ ഇഷ്യുവായിരുന്നു. ഡോക്ടറായ വ്യക്തിയെ വേണം മകള്‍ വിവാഹം ചെയ്യാൻ എന്ന കാഴ്ചപ്പാട് മമ്മിക്കുണ്ടായിരുന്നു. ജോലിയും കൂലിയുമില്ലാത്ത ഒരുത്തന് മോളെ വിവാഹം ചെയ്ത് കൊടുക്കണോയെന്ന് ചേട്ടൻ അടക്കമുള്ളവർ പറഞ്ഞപ്പോള്‍ മമ്മിയും ഞങ്ങളുടെ ബന്ധത്തെ എതിർത്തിരുന്നു. ആക്ടർ ആണ്. വേറെ ജോലി ഒന്നുമില്ല എന്നതൊക്കെയാണ് അവർ കണ്ടെത്തിയ വിഷയങ്ങൾ. അതുകൊണ്ട് അവന് വേറെ കുറേ ഗേള്‍ഫ്രണ്ട്സുണ്ടാകും എന്നൊക്കെയുള്ള ചിന്ത അവരെ അലട്ടിയിരുന്നു.
ഞാൻ പറയുന്നതൊന്നും അവർക്ക് വിശ്വാസം ഇല്ല, അവർ തൃപ്തരുമായിരുന്നില്ല. ഏഴുവര്‍ഷക്കാലം ഞങ്ങൾ കാത്തിരുന്നു. എന്റെ വീട്ടുകാരുടെ സമ്മതം കിട്ടാൻ വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്. എന്റെ മമ്മിയും ചേട്ടനും ആന്റിമാരുമെല്ലാം വിദേശത്താണ് ജോലി ചെയ്യുന്നത്. ഞാനും പപ്പയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്റെ സ്വന്തം ഉത്തരവാദിത്വത്തിലാണ് ആ വിവാഹം നടക്കുന്നത്. എന്റെ ലൈഫ് ടൈം അച്ചീവ്മെന്റും അനുഗ്രഹവുമാണ് നൂബിൻ. എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ നിധിയാണ് നൂബിന്‍...’’ ബിന്നി പറഞ്ഞു. ബിന്നിയുടെ കഥ കേട്ട് ബിഗ് ബോസ് ഹൗസിലെ മിക്ക മത്സരാര്‍ത്ഥികളും ഹൗസ് മേറ്റ്സും നൊമ്പരപ്പെടുന്നതും അനുമോള്‍ അടക്കമുള്ളവര്‍ കരയുന്നതും വീഡിയോയില്‍ കാണാം.

കുടുംബവിളക്ക് താരം നൂബിന്റെ ഭാര്യയായിട്ടാണ് ബിന്നിയെ മലയാളികൾക്ക് ആദ്യം പരിചയപ്പെട്ടത്. ഒരാഴ്ചക്കാലത്തോളം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടേതും. അതിനിടയിലാണ് തന്റെ ഭാര്യ ഒരു ഡോക്ടര്‍ മാത്രമല്ല, നടി കൂടെയാണെന്ന് നൂബിന്‍ അറിയിച്ചത്. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍, മമ്മൂട്ടി പ്രണയിക്കുന്ന ആനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ബിന്നി സെബാസ്റ്റ്യന്‍ ആയിരുന്നു.

Ads by Google
Friday 22 Aug 2025 12.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW