-->
തിരുവനന്തപുരം: യൂത്ത്‌കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തിലിന് എതിരായി ഉയര്‍ന്നുവന്ന ലൈംഗികാപവാദത്തെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി്.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം. നേരത്തേ ചൂണ്ടിക്കാട്ടിയിട്ടും രാഹുലിനെതിരേയുള്ള പരാതി പ്രതിപക്ഷ നേതാവ് ഗൗരവത്തില്‍ എടുത്തില്ലെന്ന ആക്ഷേപം ഒരുകൂട്ടം നേതാക്കള്‍ ഉയര്‍ത്തിക്കഴിഞ്ഞിരിക്കുകയാണ്.
രാഹുലിനെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നത് ഷാഫി പറമ്പിലും വിഡി.സതീശനുമാണെന്ന രീതിയിലാണ് ആരോപണം. യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുന്നതിന് മുമ്പ് തന്നെ രാഹുലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതി വന്നിരുന്നു. അതിന് ശേഷം രാഹുല്‍ യുവജനസംഘടനയുടെ പ്രസിഡന്റ് ആയതിന് ശേഷവും രാഹുലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആള്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്നൊന്നും വി.ഡി. സതീശന്‍ അതിനെ ഗൗരവത്തില്‍ എടുത്തില്ലെന്നും അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ ഈ പ്രശ്‌നം ഇത്രയും വഷളാകുകയില്ലായിരുന്നെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായങ്ങളുണ്ട്. അന്ന് ഷാഫി പറമ്പിലും വി.ഡി. സതീശനുമാണ് സംരക്ഷണം നല്‍കിയെന്നാണ് ആക്ഷേപം.
അതാണ് രാഹുലിനെ ഈ രീതിയിലേക്ക് വളര്‍ത്തിയതെന്നും ഇപ്പോള്‍ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് പോലും ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയെന്നാണ് വിലയിരുത്തല്‍. രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ഷാഫിയാണെന്ന് നേരത്തേ വി. ശിവന്‍കുട്ടി വിമര്‍ശിച്ചിരുന്നു. അതേസമയം രാഹുലിന്റെ വിഷയം ഇപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലാണെന്നും അവര്‍ ആ പ്രശ്‌നം കൈകാര്യം ചെയ്യട്ടേയെന്നും യുഡിഎഫിന് മുന്നില്‍ വന്നാല്‍ മാത്രം അവിടെ ചര്‍ച്ച ചെയ്യാമെന്നും പറഞ്ഞു. അതിനിടയില്‍ രാഹുല്‍ മാങ്കൂട്ടം ഒഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് പുതിയ സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ നേതാക്കളുടെ പിടിവലിയും തുടങ്ങിയിട്ടുണ്ട്.
രണ്ടുദിവസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന. കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും എം.കെ രാഘവനും നോമിനികളെ മുന്നോട്ടു വച്ചിട്ടുണ്ട്. ബിനു ചുള്ളിയിലിന് വേണ്ടിയാണ് കെ.സി വേണുഗോപാലിന്റെ ശുപാര്‍ശ. ബിനു ചുള്ളിയിലിനായി സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിനും ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ പിന്നിടുന്നതിന് മുന്‍പ് പുതിയ സ്ഥാനം നല്‍കേണ്ടെന്നാണ് എതിര്‍ക്കുന്നവരുടെ വാദം.
അബിന്‍ വര്‍ക്കിക്കായി രമേശ് ചെന്നിത്തലയാണ് രംഗത്തുള്ളത്. സംഘടനാ തെരഞ്ഞെടുപ്പില്‍ അബിന്‍ വര്‍ക്കി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നില്‍ രണ്ടാമതെത്തിയിരുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ മാറിയ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ഉപാധ്യക്ഷനെ പരിഗണിക്കുക എന്നത് സ്വാഭാവിക നീതി എന്നാണ് രമേശ് ചെന്നിത്തലയുടെ പക്ഷം. എം.കെ രാഘവന്‍ എംപി അഭിജിത്തിനായി നേരിട്ട് രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് അവസാന നിമിഷമാണ് അഭിജിത്തിനെ തഴഞ്ഞത്. വിവാദമായതിന് പിന്നാലെ കെ.എം അഭിജിത്തിനെ ഉടന്‍ പരിഗണിക്കാമെന്ന ഉറപ്പ് സംസ്ഥാന നേതൃത്വം എം.കെ രാഘവന് നല്‍കിയിരുന്നു.