-->
ന്യൂഡല്‍ഹി: വോട്ടുമോഷണ വിവാദം ഉന്നയിച്ച് വലിയ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരു സഭകളും സ്തംഭിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ വലിയ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ലോക്‌സഭ 12 മണിവരെയും രാജയസഭ 2 മണി വരെയും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇരു സഭകളിലും പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇംപീച്ച് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയ നോട്ടീസ് തള്ളിയതോടെയാണ് പ്രതിപക്ഷം രംഗത്ത് വന്നത്.
ലോക്‌സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതിഷേധം സ്പീക്കറുടെ ചേംബറിന് തൊട്ടുമുന്നില്‍ വരെ എത്തി. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. സ്പീക്കറുടെ ചെയറിന് തൊട്ടടുത്ത് എത്തിയതോടെ പ്രതിഷേധിക്കുന്ന അംഗങ്ങള്‍ക്ക് എതിരേ നടപടിയുണ്ടാകും എന്ന് സ്പീക്കര്‍ പറഞ്ഞു. രാഹുല്‍ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയ്‌ക്കെതിരേയും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി എത്തി.
നേരത്തേ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച ശേഷമാണ് എംപിമാര്‍ ഇരു സഭകളിലും പ്രതിഷേധിച്ചത്. അതേസമയം പുറത്ത രാഹുല്‍ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് വലിയ ജനപങ്കാളിത്തം ഉണ്ടാകുകയാണ്. രണ്ടാം ദിവസവും വലിയ ജനക്കൂട്ടമാണ് രാഹുലിനെ അനുഗമിക്കുന്നത്. വോട്ടര്‍ അധികാര് യാത്ര രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യാത്ര 1,300 കിലോമീറ്റര്‍ സഞ്ചരിച്ച് സെപ്റ്റംബര്‍ 1 ന് പട്നയില്‍ നടക്കുന്ന മെഗാ റാലിയോടെ സമാപിക്കും, അവിടെ ഇന്ത്യയിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കും.
നേരത്തേ ബീഹാറില്‍ സൂര്യക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം രാഹുല്‍ തേജസ്വീയാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യാ നേതാക്കളും ഇവര്‍ക്കൊപ്പമുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഞായറാഴ്ച ബീഹാറിലെ സസാറാമില്‍ നിന്ന് 16 ദിവസം നീണ്ടുനില്‍ക്കുന്ന 'വോട്ടര്‍ അധികാര് യാത്ര' ആരംഭിച്ചു.