-->
കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന് മുന്നില്‍ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഷൈനിയും കുട്ടികളും ആത്മഹത്യ ചെയ്യുന്നതിന്റെ തലേന്ന് ഭര്‍ത്താവ് നോബി മദ്യലഹരിയില്‍ ഷൈനിയെ വിളിച്ച് അധിക്ഷേപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിവാഹമോചനം അനുവദിക്കില്ലെന്നും കുട്ടികളുടെ പഠനച്ചെലവ് നല്‍കില്ലെന്നും പറഞ്ഞ നോബി അയാളുടെ പിതാവിന്റെ ചികിത്സയ്ക്കായി ഷൈനി എടുത്ത വായ്പയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയുകയും ചെയ്തു.
ഷൈനിയുടെ ഏറ്റുമാനൂരിലെ വീട്ടില്‍ നിന്നും കണ്ടെത്തിയ മൊബൈല്‍ഫോണില്‍ നിന്നുമാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ കിട്ടിയത്. നോബിയുടെ ഉപദ്രവമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇത് നല്‍കുന്ന സൂചന. ഷൈനിയും മക്കളും മരിക്കുന്നതിന് തലേന്നും നോബി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. നീയും മക്കളും പോയി മരിക്കു എന്നായിരുന്നു അന്ന് ഭീഷണിപ്പെടുത്തിയതെന്നും കുറ്റപത്രത്തില പറയുന്നു. ഷൈനിയും മക്കളും വീടുവിട്ടിട്ടും നോബി പിന്തുടര്‍ന്ന് പീഡനം തുടരുകയായിരുന്നു.
നോബിയുടേയും ഷൈനിയുടേയും മൊബൈല്‍ഫോണുകള്‍ തന്നെയാണ് പ്രധാനതെളിവുകളായി മാറിയിരിക്കുന്നതും. നാല്‍പ്പതോളം ശാസ്ത്രീയ തെളിവുകളും രേഖകളും കുറ്റപത്രത്തിലുണ്ട്. 56 സാക്ഷികളുണ്ട്. ഷൈനിയുടെ മകന്റെയും ട്രെയിന്‍ ഓടിച്ച ലോക്കോപൈലറ്റിന്റെയും മൊഴികളാണ് കേസില്‍ പ്രധാനം. നിലമ്പൂര്‍ എക്‌സ്പ്രസിന് മുന്നിലായിരുന്നു ഷൈനി മക്കളായ അലീനയെയും ഇവാനയെയും കൊണ്ട് ചാടി മരിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 28 നായിരുന്നു ഞെട്ടിച്ച സംഭവം നടന്നത്. പതിനൊന്നും പത്തും വയസ്സുള്ള പെണ്‍മക്കളെ ചേര്‍ത്തുപിടിച്ചാണ് ഷൈനി എല്ലാമവസാനിപ്പിക്കാന്‍ ട്രെയിന് മുന്നില്‍ നിന്നത്. മൂന്നുപേരും കെട്ടിപ്പിടിച്ചായിരുന്ന മരിക്കാനുറച്ച് നിന്നത്.