-->
തിരുവനന്തപുരം: കേരളാപോലീസിലെ ബിജെപി അനുകൂലിയായ പോലീസുകാരനെ തേടി അന്വേഷണം മുറുകുന്നു. കഴിഞ്ഞദിവസം നടന്ന ബിജെപി മാര്‍ച്ചിലെ പോലീസ് നടപടിയെക്കുറിച്ച് ബിജെപി നേതാവ് ശോഭാസുരേന്ദ്രനെ മുന്‍കൂട്ടി വിളിച്ചുപറഞ്ഞ പോലീസുകാരന് വേണ്ടി തെരച്ചില്‍ തുടങ്ങിയിരിക്കുകയാണ്. ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അതുപോലെ തന്നെ മാര്‍ച്ചിനിടയില്‍ ബിജെപി ജില്ലാ നേതാവിന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പോലീസുകാരനെ ബിജെപിയും തെരയുകയാണെന്നാണ് വിവരം.
ബിജെപിയുടെ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബിന്റെ തലയില്‍ പിന്നില്‍ നിന്നും ലാത്തിക്കടിച്ച് പരിക്കേല്‍പ്പിച്ച പോലീസുകാരന്‍ ആരാണെന്നാണ് ബിജെപി അന്വേഷിക്കുന്നത്. മാസ്‌ക്ക് ധരിച്ച ഈ പോലീസുകാരന്‍ ആരാണെന്നാണ് ബിജെപി നോക്കുന്നത്. കഴിഞ്ഞ ദിവസം സുരേഷ്‌ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചതിനെതിരേ ബിജെപി സിപിഎം തൃശൂര്‍ ജില്ലാക്കമ്മറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചാണ് രണ്ടു കാര്യങ്ങളുടെയും പശ്ചാത്തലം. പോലീസുകാര്‍ക്കായി ബിജെപിയും സിപിഎമ്മും തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
മാര്‍ച്ചിനായി വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ശോഭാസുരേന്ദ്രന് ഫോണ്‍ വരികയായിരുന്നെന്നാണ് വിവരം. ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ പോലീസ് നില്‍ക്കുകയാണെന്നും വെള്ളം ചീറ്റിക്കുമെന്നും ചെവിയില്‍ അസുഖമോ പനിയോ ഉണ്ടെങ്കില്‍ മുന്നില്‍ നില്‍ക്കേണ്ടെന്നും ആയിരുന്നു വിളിച്ചു പറഞ്ഞത്. കേരളാപോലീസില്‍ 60 ശതമാനവും മോദി ഫാന്‍സാണെന്നും ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍ പറഞ്ഞു. ഇതോടെ തൃശൂരിലെ രഹസ്യപ്പോലീസ് ഒറ്റുകാരനായ പോലീസുകാരന് വേണ്ടി തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.
ശോഭയെ വിളിച്ചത് ബിജെപി അനുഭാവിയായ പോലീസുകാരനാണെന്നാണ് സംശയം. പോലീസ് സേനയില്‍ സിപിഎമ്മും കോണ്‍ഗ്രസും അനുഭാവികളായ പോലീസുകാരും ഏറെയുണ്ട്. അതുപോലെ തന്നെ അടുത്ത കാലത്തായി പോലീസില്‍ ബിജെപി അനുഭാവികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നുള്ളതും വസ്തുതതയാണ്. രണ്ടു കൂട്ടരും പോലീസുകാര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്.