-->
ന്യൂഡല്‍ഹി: അമേരിക്കയുടെ എതിര്‍പ്പ് തുടരുന്നതിനിടെ, ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ വര്‍ധന. ഓഗസ്റ്റില്‍ പ്രതിദിനം റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് 20 ലക്ഷം ബാരല്‍ ആയി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക നേട്ടം കണക്കിലെടുത്താണ് ഇന്ത്യയിലെ പെട്രോളിയം കമ്പനികള്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്.
ഓഗസ്റ്റ് ആദ്യ പകുതിയില്‍ പ്രതിദിനം ഇറക്കുമതി ചെയ്ത 52 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുടെ 38 ശതമാനവും റഷ്യയില്‍ നിന്നാണെന്ന് ആഗോള റിയല്‍-ടൈം ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് ദാതാവായ കെപ്ലര്‍ പറയുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യന്‍ കയറ്റുമതിക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്നതായിരുന്നു ട്രംപിന്റെ ഭീഷണി.