-->
ഷിംല: മിന്നല്‍ പ്രളയത്തിലും മേഘസ്‌ഫോടനത്തിലും ഹിമാചല്‍ പ്രദേശില്‍ വന്‍ നാശം. മൂന്ന് ജില്ലകളില്‍ കനത്ത നാശമുണ്ടായതായിട്ടാണ് വിവരം. മൂന്നൂറിലധികം റോഡുകളില്‍ ഗതാഗത തടസ്സങ്ങള്‍ ഉണ്ടായി. രണ്ടു പാലങ്ങളും ഒലിച്ചുപോയതായും അനേകം കെട്ടിടങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായുമാണ് വിവരം. ഷിംല, ലഹൗള്‍, സ്പിതി ജില്ലകളിലാണ് നാശമുണ്ടായിരിക്കുന്നത്. അടച്ചിട്ട റോഡുകളില്‍ രണ്ടു ദേശീയപാതകളുമുണ്ട്. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാലു പേരെ സൈന്യം രക്ഷപ്പെടുത്തിയതായും വിവരമുണ്ട്.
സത്‌ലജ് നദിക്ക് കുറുകെയുള്ള പാലം മുങ്ങി. ഗന്‍വി മേഖലയില്‍ പോലീസ് പോസ്്റ്റ് ഒലിച്ചുപോയി ബസ് സ്റ്റാന്റും സമീപത്തുണ്ടായിരുന്ന കടകള്‍ക്കും കേടുപാടുകളുണ്ടായി. സംസ്ഥാന തലസ്ഥാനമായ ഷിംലയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള ഗാന്‍വിയിലെ ഒരു പാലം പൂര്‍ണ്ണമായും തകര്‍ന്നു. ഷിംലയിലെ കൂട്ട്, ക്യാവ് മേഖലകള്‍ ഒറ്റപ്പെട്ടു. കിന്നാവൂര്‍ ജില്ലയിലെ ഋഷിഡോഗ്രി താഴ്‌വരയ്ക്ക് സമീപമാണ് മേഘ സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. ലഹൗള്‍, സ്പിതി ജില്ലയിലെ മായാദ് താഴ്വരയിലെ കര്‍പത്, ചാംഗുട്ട്, ഉദ്ഗോസ് നാല എന്നിവിടങ്ങളില്‍ മേഘവിസ്‌ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് പാലങ്ങള്‍ കൂടി ഒലിച്ചുപോയി.
ഷിംലയില്‍, ബുധനാഴ്ച ഉച്ചകഴിഞ്ഞ് ശ്രീഖണ്ഡ് കുന്നുകളില്‍ പെയ്ത കനത്ത മഴയില്‍ ഗാന്‍വി, നന്തി അരുവികളിലും കുളു ജില്ലയിലെ നിര്‍മന്ദ് ഉപവിഭാഗത്തിലെ കുര്‍പാന്‍ അരുവിയിലും പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടായി. ഇത് അടിസ്ഥാന സൗകര്യങ്ങള്‍ക്കും സ്വത്തിനും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ വരുത്തി. മുകള്‍ ഭാഗത്തുള്ള വീടുകളില്‍ ആളുകള്‍ സുരക്ഷിതരാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ഒരു എച്ച്ആര്‍ടിസി ബസും ഒരു ആംബുലന്‍സും ഗാന്‍വി നദിയുടെ മറുവശത്ത് കുടുങ്ങിക്കിടക്കുകയാണ്.
ബുധനാഴ്ച രാവിലെ വാഹന ഗതാഗതം നിരോധിച്ച റോഡുകളില്‍ ദേശീയപാതയുശട ഭാഗമായ ഔട്ട്-സൈഞ്ച് റോഡും ഖാബില്‍ നിന്ന് ഗ്രാംഫൂ ലേക്കുള്ള റോഡും ഉള്‍പ്പെടുന്നു. സംസ്ഥാന അടിയന്തര പ്രവര്‍ത്തന കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഇതില്‍ 179 റോഡുകള്‍ മാണ്ഡി ജില്ലയിലും 71 എണ്ണം തൊട്ടടുത്തുള്ള കുളു ജില്ലയിലുമാണ്. വ്യാഴാഴ്ച ചമ്പ, കാംഗ്ര, മാണ്ഡി എന്നീ മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ടും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ നാല് മുതല്‍ ആറ് വരെ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ബല്‍ദ്വാരയില്‍ 31 മില്ലിമീറ്റര്‍ മഴയും, തുടര്‍ന്ന് കസൗലിയില്‍ 23 മില്ലിമീറ്റര്‍, നൈനി ദേവി 18.2 മില്ലിമീറ്റര്‍, സാരഹാന്‍ 15 മില്ലിമീറ്റര്‍, ബാഗി 14.6 മില്ലിമീറ്റര്‍, കര്‍സോഗ് 13.2 മില്ലിമീറ്റര്‍, ബജൗര 10.5 മില്ലിമീറ്റര്‍, ജോട്ട് 10 മില്ലിമീറ്റര്‍ എന്നിങ്ങനെയും മഴ പെയ്തു. ജൂണ്‍ 20 ന് മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം ഇതുവരെ 2031 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പറഞ്ഞു. ഈ മണ്‍സൂണ്‍ സീസണില്‍ സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 126 പേര്‍ മരിച്ചു, 36 പേരെ കാണാതായി. ഇതുവരെ 63 വെള്ളപ്പൊക്ക സംഭവങ്ങളും 31 മേഘവിസ്‌ഫോടനങ്ങളും 57 വലിയ മണ്ണിടിച്ചിലുകളും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.