-->
വാഷിംഗ്ടണ്‍: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനില്‍ നടത്തിയ സൈനിക നടപടിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിച്ചത് ട്രംപിന്റെ ഇടപെടലായിരുന്നെന്ന് ആവര്‍ത്തിച്ച് അമേരിക്ക. ഈ വര്‍ഷമാദ്യം ഇന്ത്യയും പാകിസ്ഥാനും സൈനിക സംഘട്ടനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അമേരിക്ക നേരിട്ട് ഇടപെട്ടതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അവകാശപ്പെട്ടു.
ആണവായുധങ്ങളുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാനിപ്പിച്ചുവെന്ന അമേരിക്കയുടെ നേരത്തെയുള്ള അവകാശവാദം അദ്ദേഹം ആവര്‍ത്തിച്ചു. വ്യാഴാഴ്ച 'ദി വേള്‍ഡ് ഓവറിന്' നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ട്രംപ് സമാധാനത്തിന് പ്രതിജ്ഞാബദ്ധനാണെന്നും 'സമാധാനത്തിന്റെ പ്രസിഡന്റ്' ആയിരിക്കുമെന്നും റൂബിയോ പറഞ്ഞു.
'അതിനാല്‍, ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിന് പോയപ്പോള്‍ ഞങ്ങള്‍ നേരിട്ട് ഇടപെട്ടു, ആ സമാധാനം നല്‍കാന്‍ പ്രസിഡന്റിന് കഴിഞ്ഞു.' റൂബിയോ പറഞ്ഞു. പ്രസിഡന്റ് ട്രംപ് പരിഹരിക്കാന്‍ സഹായിച്ചതായി കരുതപ്പെടുന്ന മറ്റ് സംഘര്‍ഷങ്ങള്‍ 'കംബോഡിയയും തായ്ലന്‍ഡും തമ്മിലുള്ളത്, അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ളത് എന്നിവയുടെ ക്രെഡിറ്റും എടുത്തു. 7 ദശലക്ഷം ആളുകള്‍ കൊല്ലപ്പെട്ട ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ -റുവാണ്ട 30 വര്‍ഷത്തെ യുദ്ധം തീര്‍ക്കാന്‍ കഴിഞ്ഞെന്നും റൂബിയോ പറഞ്ഞു.
യുഎസ് അടുത്തതായി ഉക്രെയ്നിലും റഷ്യയിലുമാണ് ശ്രദ്ധ വെച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപിന്റെ അവകാശവാദം ഇന്ത്യ നേരത്തേ തന്നെ തള്ളിയിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയിലല്ല, ഇന്ത്യയും പാകിസ്ഥാന്‍ സൈന്യവും തമ്മിലുള്ള ചര്‍ച്ചയിലൂടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായത്. സമ്മര്‍ദത്തെ തുടര്‍ന്നാണ് സൈനിക നടപടി നിര്‍ത്തിവെച്ചതെന്ന് പറയുന്നത് തീര്‍ത്തും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ പറഞ്ഞിരുന്നു.