-->
തിരുവനന്തപുരം: സിനിമാകോണ്‍ക്‌ളേവില്‍ നടത്തിയ ദളിത് - സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ പോലീസില്‍ പരാതി നല്‍കി സാമൂഹ്യപ്രവര്‍ത്തകന്‍ ദിനു വെയില്‍. മ്യൂസിയം പോലീസിലും പട്ടികജാതി/പട്ടികവര്‍ഗ്ഗ കമ്മീഷനും ദിനു പരാതി നല്‍കി. ദളിതുകളെ മോഷ്ടാക്കളും അഴിമതിക്കാരും കഴിവുകെട്ടവരായും ചിത്രീകരിക്കുന്നെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ഇ മെയില്‍ വഴിയായിരുന്നു ദിനു പരാതി നല്‍കിയത്. കഴിഞ്ഞദിവസം സര്‍ക്കാര്‍ നടത്തിയ സിനിമാ കോണ്‍ക്‌ളേവില്‍ പങ്കെടുത്ത് അടൂര്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഈ പ്രസംഗത്തിന്റെ പശ്ാത്തലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരമുള്ള നപടിയെടുക്കണം എന്നാണ് ആവശ്യം. ദളിത് വിഭാഗത്തില്‍ നിന്നുള്ളവരുടെ ഉയര്‍ന്നുവരാനുള്ള സാധ്യതകളെ തടയാനുള്ള ഉയര്‍ന്നുവരാന്‍ സഹായിക്കുമ്പോള്‍ അത് തടയാനുള്ള ശ്രമമാണ് അടൂരിനെപോലെയുള്ളവര്‍ നടത്തുന്ന പ്രസ്താവനകളിലൂടെ നടക്കുന്നതെന്നും ഇവര്‍ക്കുള്ള ഭരണഘടനാ ആനുകൂല്യങ്ങള്‍ മറ്റെന്തോ ആണെന്ന രീതിയില്‍ ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് അടൂര്‍ വിവാദ പ്രസ്താവന നടത്തിയത്. സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ''സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം.'' അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.
പ്രതിഭാധനനായ കലാകാരന്‍ ആയിരുന്നിട്ടും ഉള്ളില്‍ നിന്ന് സവര്‍ണചിന്ത ഉപേക്ഷിക്കാത്ത വ്യക്തിയാണ് അടൂര്‍ ഗോപാലകൃഷ്ണനെന്നായിരുന്നു ് ദളിത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ എ കെ ശശി. ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷനിലെ കോണ്‍ക്ലേവില്‍ അടൂര്‍ സിനിമാ കലാകാരന്‍മാരെ വര്‍ഗം തിരിച്ച് ഇകഴ്ത്തിയത് കലാകേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അടൂര്‍ ഗോപാകൃഷ്ണന്റെ പ്രതികരണം ദുരുദ്ദേശപരമാണെന്ന് കരുതുന്നില്ലെന്നും അത് വഴിതിരിച്ചുവിട്ടതായി സംശയിക്കുന്നെന്നായിരുന്നു സഹകരണമന്ത്രി വി.എന്‍. വാസവന്റെ പ്രതികരണം. അതേസമയം അടൂര്‍ വേദിയില്‍ പ്രസംഗിക്കുമ്പോള്‍ തന്നെ പുഷ്പാവതി പ്രതികരിച്ചിരുന്നു.