-->
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി വോട്ട് മോഷ്ടിക്കുകയാണെന്നും കമ്മീഷനെതിരെ തന്റെ കയ്യില്‍ അണുബോംബ് ഉണ്ടെന്നും കേന്ദ്രപ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താനത് പറയുന്നതെന്നും താന്‍ ഈ അണുബോംബ് പൊട്ടിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാക്കിയുണ്ടാകില്ലെന്നും പറഞ്ഞു.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പോടു കൂടി അത് വര്‍ദ്ധിച്ചെന്നും ഇപ്പോള്‍ അക്കാര്യത്തില്‍ തെളിവ് തന്നെ ലഭിച്ചിരിക്കുകയാണെന്നും പറഞ്ഞു. ''മഹാരാഷ്ട്രയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഒരുകോടി വോട്ടര്‍മാര്‍ കൂടി. ഞങ്ങളുടെ കൈവശം അണുബോംബുണ്ട്. അത് പൊട്ടിച്ചാല്‍ പിന്നെ ഇന്ത്യയില്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ തന്നെ കഴിയില്ല.'' രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ നേരത്തേയും രാഹുല്‍ഗാന്ധി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രിക്കറ്റ് കളിയിലെ കള്ള അമ്പയറെപ്പോലെയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് പുതിയ വിവാദവും. 2017ലും 2022ലും ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കമ്മീഷന്‍ തന്നെ തോല്‍പ്പിച്ചുവെന്നും വോട്ടര്‍ ലിസ്റ്റില്‍ കൃത്രിമം കാണിക്കുന്ന, പറ്റിക്കുന്ന ഒരു അമ്പയര്‍ കാരണമാണ് അന്ന് തോറ്റതെന്നും പറഞ്ഞു. സ്ഥിരം ഈ രീതിയില്‍ അങ്ങനെ പുറത്താക്കപ്പെടുമ്പോള്‍ ഇതത്ര ശരിയല്ല എന്ന് തോന്നുക സ്വാഭാവികമാണെന്നും പറഞ്ഞു.