Saturday, March 14, 2026 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 01.12 PM

‘നിങ്ങള്‍ ഗംഭീരമായ പേരുകള്‍ നല്‍കുന്നു; പക്ഷേ എന്തിന് സിന്ദൂർ എന്ന് നല്‍കി ?...’ വിമര്‍ശനവുമായി ജയ ബച്ചന്‍; പ്രിയങ്ക ചതുര്‍വേദിയോടും ചൂടായി താരം

ബോളിവുഡിന്റെ മുതിര്‍ന്ന താരവും സമാജ്‌വാദി പാർട്ടി എംപിയുമായ ജയ ബച്ചന്‍ പല തവണ രാജ്യസഭയില്‍ രോഷത്തോടെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേര് നല്‍കിയതിനെ വിമര്‍ശിക്കുകയാണ് താരം.
MP Jaya Bachchan, Jaya Bachchan questioned Operation Sindoor's name
Jaya Bachchan questioned Operation Sindoor's name (Image Source: Youtube)

ബോളിവുഡിന്റെ മുതിര്‍ന്ന അഭിനേത്രിയായ ജയ ബച്ചന്‍ സ്വകാര്യ ജീവിതത്തില്‍ വളരെ സീരിയസ്സായ വ്യക്തിയാണെന്ന് പല വീഡിയോകളിലൂടെ ആരാധകര്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. പലപ്പോഴും തന്റെ മുന്നിലെത്തുന്ന മാധ്യമപ്രവര്‍ത്തകരോട് വളരെ ദേഷ്യത്തില്‍ സംസാരിക്കാറുള്ള താരത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തിലാകുമ്പോഴും തന്റെ കോപം പ്രകടിപ്പിക്കുന്നതില്‍ ഒരു മടിയും കാണിക്കാറില്ല ജയ ബച്ചൻ.
സമാജ്‌വാദി പാർട്ടി എംപി കൂടിയായ പ്രശസ്ത താരം രാജ്യസഭയില്‍ തന്റെ കോപാഗ്നി പലപ്പോഴും ആളിക്കത്തിച്ചിട്ടുണ്ട്. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് തന്റെ ഭർത്താവിന്റെ പേര് ഉപയോഗിച്ച് തന്നെ അഭിസംബോധന ചെയ്‌തതിന് ജയാ ബച്ചൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയ വീഡി​യോ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. പിന്നീട് എംപിമാരുടെ വിരമിക്കൽ ചടങ്ങിലെ പ്രസംഗത്തിൽ രാജ്യസഭ അംഗങ്ങളോ‍ട് ക്ഷമ പറഞ്ഞ താരം, പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണു തന്റേതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടതാണ്.
ഇപ്പോഴിതാ വീണ്ടും രാജ്യസഭയില്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ജയ ബച്ചന്‍. ഓപ്പറേഷൻ സിന്ദൂറിന്റെ പേരുമായി ബന്ധപ്പെട്ടാണ് ജയ ബച്ചൻ പരാമർശം നടത്തിയത്. ഒട്ടേറെ സ്ത്രീകളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ക്കാനിടയാക്കിയതാണ് പഹല്‍ഗാം ഭീകരാക്രമണമെന്നും അത്തരമൊരു പശ്ചാത്തലത്തില്‍ നടത്തിയ സൈനികനടപടിയ്ക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നല്‍കിയതെന്തിന് എന്ന് ജയ ബച്ചൻ സഭയില്‍ ചോദിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളോട് അനുശോചനം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ജയ തന്റെ പ്രസംഗം ആരംഭിച്ചത്.
‘‘നിങ്ങള്‍ നിയമിച്ച സാഹിത്യകാരൻമാരെ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങള്‍ ഗംഭീരമായ പേരുകള്‍ നല്‍കുന്നു. എന്തിനാണ് അതിന് സിന്ദൂർ എന്ന പേര് നല്‍കിയത്? കൊല്ലപ്പെട്ടവരുടെ ഭാര്യമാരുടെ സിന്ദൂരം ഇല്ലാതായില്ലേ?...’’ രോഷത്തോടെ ജയ ബച്ചന്‍ ചോദിച്ചു.
തന്റെ പ്രസംഗം തടസ്സപ്പെടുത്തിയ ഭരണകക്ഷി എംപിമാരോട് ജയ കയർക്കുകയും ചെയ്തു. ‘‘ഒന്നുകില്‍ നിങ്ങള്‍ സംസാരിക്കുക, അല്ലെങ്കില്‍ ഞാൻ. നിങ്ങള്‍ സംസാരിക്കുമ്പോള്‍ ഞാൻ ഇടയ്ക്ക് കയറാറില്ല. ഒരു സ്ത്രീ സംസാരിക്കുമ്പോള്‍, ഞാനൊരിക്കലും തടസ്സപ്പെടുത്താറില്ല. അതുകൊണ്ട് നിങ്ങള്‍ നാവടക്കണം...’’ എന്ന് ജയ ബച്ചന്‍ പറഞ്ഞു. ഇതു കേട്ട് ശിവസേന(യുബിടി) എംപി പ്രിയങ്ക ചതുർവേദി ജയയെ അനുനയിപ്പിക്കാൻ നോക്കിയപ്പോള്‍, ‘പ്രിയങ്ക, എന്നെ നിയന്ത്രിക്കാൻ നോക്കരുത്...ന്‍ എന്നായിരുന്നു ജയയുടെ പ്രതികരണം. അതുകേട്ട് പ്രിയങ്ക ചിരിയ്ക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
‘‘ഭീകരാക്രമണത്തിന് ഇടയാക്കിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. ജനങ്ങളുടെ വിശ്വാസത്തെ കേന്ദ്രസർക്കാർ തകർത്തതായും ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ ഒരിക്കലും മാപ്പുനല്‍കില്ല...’’ ജയ ആരോപിച്ചു.

തുടർന്ന് ജയയുടെ വാദത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തി. ‘‘സിന്ദൂരം മായ്ച്ചത് ഭീകരരാണ്. സിന്ദൂരം ഒരു അലങ്കാരം മാത്രമല്ല. കരുത്തിന്റേയും കഴിവിന്റെയും പ്രതീകമാണ്. സിന്ദൂരം മായ്ക്കുന്നവരെ ഇല്ലാതാക്കുമെന്ന സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നല്‍കാൻ ഉദ്ദേശിച്ചത്...’’ ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല മറുപടിയായി പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW