-->
പാറ്റ്‌ന: മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെ കഴുത്തില്‍ കടിച്ച് കൊലപ്പെടുത്തി. ബീഹാറിലെ മധേപുര ജില്ലയില്‍ വിലാഷ് ഋഷിദിയോ എന്നയാള്‍ ഭാര്യ സുശീലാ ദേവിയെയാണ് കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ ഇയാള്‍ ഭാര്യയെ പലതവണ കടിക്കുകയായിരുന്നു. മധേപുര ജില്ലയിലെ ശ്യാം ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.
പതിവുപോലെ വീട്ടില്‍ മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെ കീഴടക്കുകയും കഴുത്തില്‍ ആവര്‍ത്തിച്ച് കടിക്കുകയും മാരകമായ പരിക്കുകള്‍ ഉണ്ടാക്കുകയും ചെയ്തു. പരിഭ്രാന്തരായ ഗ്രാമവാസികള്‍ ഗ്വാല്‍പാറ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് ഇയാളെ പിടികൂടിയത്. ഭര്‍ത്താവിന്റെ നിരന്തരമായ മദ്യപാനത്തെ യുവതി എതിര്‍ത്തതാണ് യുവാവിനെ പ്രകോപിതനാക്കിയത്.
ഇരുവരും കടുത്ത തര്‍ക്കത്തിന് കാരണമായി. ദമ്പതികളുടെ മക്കള്‍ - മൂന്ന് പെണ്‍മക്കളും ഒരു മകനും കരഞ്ഞുനിലവിളിച്ച് അയല്‍ക്കാരെ വീട്ടിലേക്ക് വരുത്തി. രക്തത്തില്‍ കുളിച്ചുകിടക്കുന്ന സുശീലയെ കണ്ടെത്തിയ അവര്‍ ഉടന്‍ അധികൃതരെ വിവരമറിയിച്ചു. പോലീസ് എത്തുന്നതിന് മുമ്പ് വിലാഷിനെ ഗ്രാമവാസികള്‍ പിടികൂടി. ഗ്വാല്‍പാറ എസ്എച്ച്ഒ രവി കുമാര്‍ പാസ്വാന്‍ അറസ്റ്റ് സ്ഥിരീകരിച്ചു.
ഇരയുടെ കുടുംബത്തില്‍ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രദേശത്ത് വ്യാജമദ്യ വില്‍പ്പനയാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു, മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരിക്കുകയാണ്.