-->
കണ്ണൂര്‍: ഗോവിന്ദചാമി ജയില്‍ചാടിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിമാന്റ് റിപ്പോര്‍ട്ട്. റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും വഴിതെറ്റിപ്പോയെന്നും പറയുന്നു. 2017 മുതല്‍ ജയില്‍ചാട്ടം പദ്ധതിയിട്ടിരുന്നതായും 10 മാസം മുന്‍പ് സെല്ലിലെ അഴി മുറിച്ചുതുടങ്ങിയെന്നുമാണ് മൊഴി. ജയില്‍മാറ്റം ആഗ്രഹിച്ചിരുന്നെന്നും പരോള്‍ കിട്ടാത്തതില്‍ വിഷമം ഉണ്ടായിരുന്നെന്നും ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
എട്ടുവര്‍ഷമായി ജയില്‍ചാട്ടം പദ്ധതിയിലുണ്ടായിരുന്നു. എന്നാല്‍ പലതവണ സെല്ലുകള്‍ മാറ്റിയതുകൊണ്ട് പദ്ധതി നീണ്ടു. 10 മാസം മുന്‍പാണ് സെല്ലിലെ അഴി മുറിച്ചുതുടങ്ങിയത്. ഏഴ് കമ്പികളാണ് മുറിച്ചുമാറ്റിയത്. ഓരോന്നും മുറിച്ചുമാറ്റുമ്പോള്‍ ആരുമറിയാതിരിക്കാന്‍ നൂല്‍ കൊണ്ട് കെട്ടിവെക്കും. പകല്‍ കിടന്നുറങ്ങിയ ശേഷം രാത്രിയിലാണ് കമ്പി മുറിക്കുക. സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കാത്ത സമയത്താണ് കമ്പി മുറിക്കല്‍ ജോലി ചെയ്യുക. പാത്രം കൊട്ടിയാണ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയുന്നത്. ഇല്ലെന്ന് മനസിലായാല്‍ പണി തുടങ്ങും.
ജയില്‍ വളപ്പില്‍ നിന്ന് ലഭിച്ച ആക്രിയാണ് കമ്പി മുറിക്കാന്‍ ഉപയോഗിച്ചത്. കൂടുതല്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ തുണി കൊണ്ടു മൂടിപ്പിടിച്ചാണ് അഴികള്‍ മുറിച്ചിരുന്നത്. അതിനിടെ തടി കുറയ്ക്കാനായി ഭക്ഷണക്രമീകരണവും നടത്തിയെന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴി. അതീവ സുരക്ഷയുള്ള കണ്ണൂര്‍ ജയിലില്‍ അതിവിദഗ്ദ്ധമായിട്ടാണ് ഇന്നലെ പുലര്‍ച്ചെ ഗോവിന്ദചാമി ജയില്‍ ചാടിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഗോവിന്ദചാമിയെ കണ്ണൂരിലെ തളപ്പ് പ്രദേശത്തെ ആളൊഴിഞ്ഞ ഒരു വീട്ടിന്റെ കിണറ്റില്‍ നിന്നും പോലീസ് പൊക്കുകയും ചെയ്തു.