Sunday, March 15, 2026 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 25 Jul 2025 03.49 PM

‘‘വീഡിയോ കോള്‍ ഒഡിഷനിടെ അയാളെന്നോട്ട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടു; ഞാന്‍ കോള്‍ കട്ട് ചെയ്തു...’’ വെളിപ്പെടുത്തി ജോണി ലിവറിന്റെ മകള്‍ ജെയ്മി ലിവർ

കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ പല താരങ്ങളും തുറന്നു പറഞ്ഞത് വിവാദമായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു വീഡിയോ കോള്‍ ഒഡിഷനിടെ വസ്ത്രമഴിക്കാന്‍ ഒരാള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് ജോണി ലിവറിന്റെ മകള്‍ ജെയ്മി. ​
Jamie Lever, Johny Lever, Jamie shares her casting couch encounter
Jamie Lever shares her casting couch encounter (Image Source: Instagram)

ആണ്‍പെണ്‍ ഭേദമന്യേ ശാരീരിക മാനസിക പീഡനങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ അത് ഏറ്റവും കൂടുതലായി വരാറുള്ളത് കരിയര്‍ കെട്ടിപ്പടുക്കുന്നതിനിടെയാണ്. പല സെലിബ്രിറ്റികളും തങ്ങളുടെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ടിട്ടുള്ള കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതില്‍ ചിലതൊക്കെ ഏറെ ഞെട്ടലും വിവാദങ്ങളും സൃഷ്ടിച്ചിട്ടുമുണ്ട്. പലപ്പോഴും ഇവ നേരിടാറുള്ളത് സിനിമാബന്ധങ്ങള്‍ ഒട്ടും തന്നെയില്ലാതെ വരുന്ന കുടുംബത്തില്‍ നിന്നുള്ളവരാണ്.
എന്നാല്‍ ഇപ്പോഴിതാ അക്കൂട്ടത്തില്‍ നിന്ന് വിഭിന്നമായി ബോളിവുഡിന്റെ കോമേഡിയന്‍ ജോണി ലിവറിന്റെ മകളും ഹാസ്യതാരവുമായ ജെയ്മി ലിവര്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഒരു അന്താരാഷ്ട്ര പ്രൊജ്ക്റ്റിനായുള്ള ഓഡിഷനിടെ തന്നോട് നിർമാതാക്കാള്‍ വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടുവെന്ന് ജെയ്മി പറയുന്നു. സൂം വഴിയുള്ള വീഡിയോ കോളിനിടെയായിരുന്നു സംഭവമെന്നും ജെയ്മി പറയുന്നു.
‘‘കാസ്റ്റിംഗ് കൗച്ച് സംഭവങ്ങളെക്കുറിച്ച് ഞാൻ കേട്ടിരുന്നു, പക്ഷേ ജോണി ലിവറിന്റെ മകളായതിനാൽ ഞാൻ സുരക്ഷിതയാണെന്ന് കരുതി. അതൊരു അനുഗ്രഹമായി ഞാൻ കരുതി. പക്ഷേ, മാനേജർ ഉണ്ടാകുന്നതിനു മുമ്പ്, ഞാന്‍ സ്വതന്ത്രമായി കാസ്റ്റിംഗ് ഏജന്റുമാരെ സമീപിക്കാറുണ്ടായിരുന്നു, ജോലി അവസരങ്ങൾക്കായി കോൺടാക്റ്റ് വിവരങ്ങൾ പലപ്പോഴും പ്രചരിപ്പിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഒരു അന്താരാഷ്ട്ര സംവിധായകൻ എന്ന് അവകാശപ്പെടുന്ന ഒരാൾ ഒരു വിദേശ സിനിമയിലെ വേഷത്തിനായി ഓഡിഷൻ നടത്താൻ എന്നെ വിളിച്ചത്.
വീഡിയോ കോള്‍ വഴി ഓഡിഷൻ നടത്താമെന്ന് അവർ പറഞ്ഞിരുന്നു. ഒരു അന്താരാഷ്ട്ര പ്രൊജക്റ്റായതിനാല്‍തന്നെ അതിന്റെ ആവേശത്തിലായിരുന്നു ഞാൻ. എല്ലാം ലൈവ് ആയി ചെയ്യുന്നതുകൊണ്ട് സ്ക്രിപ്റ്റൊന്നും നല്‍കിയിരുന്നില്ല. അവർ പറഞ്ഞ സമയത്ത് സൂം വീഡിയോ കോളില്‍ കയറാനുള്ള ലിങ്ക് എനിക്ക് ലഭിക്കുകയും ഞാൻ അതില്‍ കയറുകയും ചെയ്തു. സംവിധായകൻ എന്നോട് നേരിട്ട് സംസാരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ താൻ യാത്രയിലാണെന്നും വീഡിയോ ഓണ്‍ ചെയ്യാൻ കഴിയില്ലെന്നും അയാള്‍ പറഞ്ഞു.
‘ഇതൊരു അന്താരാഷ്ട്ര സിനിമയാണ്. ഇതിലേക്ക് ഞങ്ങള്‍ കാസ്റ്റിങ് നടത്തുകയാണ്. നിങ്ങളുടെ ശാരീരികമായ യോഗ്യതകള്‍ ഇതിന് തികച്ചും അനുയോജ്യമാണ്. ഒരു ബോള്‍ഡ് കഥാപാത്രം ആയിരിക്കും. ഇതില്‍ കോമഡി ഒന്നും ഉണ്ടാകില്ല...’ അയാള്‍ പറഞ്ഞു. പുതുതായി എന്തെങ്കിലും പരീക്ഷിക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. ഞാൻ എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ‘നിങ്ങളുടെ മുന്നില്‍ 50 വയസ്സുള്ള ഒരാളുണ്ടെന്നും നിങ്ങള്‍ അയാളെ വശീകരിക്കാൻ ശ്രമിക്കുകയാണെന്നും സങ്കല്‍പ്പിക്കുക. ഒടുവില്‍ നിങ്ങള്‍ക്കിടയിലെ ബന്ധം വളരും. നിങ്ങള്‍ വളരെയധികം ക്ലോസ് ആകും....’ അയാള്‍ അഭിനയിക്കേണ്ട രംഗം പറഞ്ഞു. ഇതില്‍ ഞാൻ അസ്വസ്ഥത പ്രകടിപ്പിച്ചു. സ്ക്രിപ്റ്റ് വേണമെന്ന് പറഞ്ഞു. എന്നാല്‍ സ്ക്രിപ്റ്റ് ഇല്ലെന്നും എല്ലാം ഇംപ്രൊവൈസേഷൻ ആണെന്നും അയാള്‍ പറഞ്ഞു.
ഈ രംഗത്തില്‍ വസ്ത്രം അഴിക്കേണ്ടി വരികയാണെങ്കില്‍ അതിന് മടിക്കരുതെന്നും അയാള്‍ പറഞ്ഞു. ഈ സംസാരം എനിക്ക് ഒട്ടും സുഖകരമായി തോന്നിയില്ല. പക്ഷേ അയാള്‍ ആ രംഗം ചെയ്യാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. ഈ വീഡിയോ കോളില്‍ ഞാൻ വസ്ത്രം അഴിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ എനിക്ക് അതില്‍ താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞു. ഇതേ കുറിച്ച്‌ എന്നോട് നേരത്തെ പറഞ്ഞിട്ടില്ലെന്നും ഞാൻ പറഞ്ഞു. ഞാൻ എന്റെ വീഡിയോ ഓഫും ചെയ്തു. അതൊരു തട്ടിപ്പായിരുന്നെന്ന് ആ സമയത്താണ് ഞാൻ തിരിച്ചറിഞ്ഞത്...
അന്ന് ഞാന്‍ നിഷ്കളങ്കമായി പെരുമാറിയിരുന്നെങ്കില്‍ എന്റെ വീഡിയോ റെക്കോർഡ് ചെയ്യപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യുമായിരുന്നു. കാസ്റ്റിങ്ങിന്റെ മറവില്‍ ഇത്തരത്തില്‍ സ്ത്രീകള്‍ വഞ്ചിതരാകുന്നുണ്ട്. ജീവിതത്തില്‍ ആദ്യമായി അങ്ങനെയൊരു സാഹചര്യം നേരിടുന്നതിനാല്‍ ഞാന്‍ ഭയന്നുപോയി...’’ ജെയ്മി പറഞ്ഞു.
കിസ് കിസ്കോ പ്യാർ കരൂ, ഹൗസ്ഫുള്‍ 4, ഭൂത് പോലീസ്, യാത്രിസ്, ക്രാക്ക് എന്നിവയുള്‍പ്പെടെ നിരവധി ബോളിവുഡ് സിനിമകളില്‍ ജെയ്മി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയിലുടനീളം ‘ദി ജെയ്മി ലിവർ ഷോ’ എന്ന തന്റെ കോമഡി പര്യടനത്തിന് തയ്യാറെടുക്കുകയാണ് ജെയ്മി. ഓഗസ്റ്റ് 1-ന് സിയാറ്റിലില്‍ ആരംഭിക്കുന്ന പര്യടനം 15 നഗരങ്ങളില്‍ സഞ്ചരിച്ച്‌ ഓഗസ്റ്റ് 31-ന് ബോസ്റ്റണില്‍ സമാപിക്കും.

Ads by Google
Friday 25 Jul 2025 03.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW