-->
കണ്ണൂര്‍: വധശിക്ഷ റദ്ദായി ജീവപര്യന്തം തടവ് അനുഭവിച്ചു വരികയായിരുന്ന സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ജയില്‍ചാട്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാത്രിയാവാം ജയില്‍ ചാടിയതെന്നാണ് കരുതുന്നത്. വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കാന്‍ നിര്‍ദേശമുണ്ട്. ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത് 2016 ലാണ്. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്. ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഒരു കൈമാത്രമാണ് ഗോവിന്ദച്ചാമിക്കുള്ളത്.
ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറച്ചു. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമിന് ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗം നടന്നതായി ബോധ്യപ്പെടുകയും ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.