-->
ഹാപ്പി വെഡ്ഡിംഗ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ഒമര്‍ ലുലു. പിന്നീട് യുവതാരങ്ങളെ വച്ച് ‘ചങ്ക്സ്’ എന്ന സിനിമ സംവിധാനം ചെയ്ത താരം ഏറെ പ്രശസ്തനായത് പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റൗഫ് എന്നിവരെ പ്രധാന താരങ്ങളാക്കി ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെയാണ്. ഈ ചിത്രവും ഗാനരംഗവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഗാനരംഗത്തിലൂടെ പ്രിയ പ്രകാശ് അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടു. നാല് ഭാഷകളിലായി ഒരേ സമയം 2000ലധികം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
എന്നാല്‍ പിന്നീടിങ്ങോട്ട് പറയത്തക്ക ഹിറ്റുകളൊന്നും ഒമര്‍ ലുലുവിന് നല്‍കാനായില്ല. പക്ഷേ വിമര്‍ശന പോസ്റ്റുകളിലൂടെയും തുറന്നു പറച്ചിലുകളിലൂടെയും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരത്തെ കാഴ്ച്ചക്കാര്‍ പൊങ്കാലയിടാറുണ്ട്. പോസ്റ്റിന് നെഗറ്റീവ് കമന്റുകള്‍ വരുമ്പോള്‍ ഒമര്‍ ലുലു ഡിലീറ്റ് ചെയ്യാറുമുണ്ട്.
ഇപ്പോഴിതാ അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ വിമർശിച്ചുകൊണ്ടുള്ള ഫേസബുക്ക് പോസ്റ്റ് പങ്കിടുകയാണ് ഒമര്‍ ലുലു. മൂവരും ഒരുമിച്ച ഏറ്റവും പുതിയ ചിത്രം ഇൻഡസ്ട്രി ഹിറ്റ് അടിച്ചെന്നും ബാഡ് ബോയ്സ് സിനിമയിലൂടെ ഷീലു എബ്രഹാമിന് നഷ്ടപ്പെട്ട വീടും സ്ഥലവും ഇതിലൂടെ തിരികെ ലഭിച്ചുയെന്നും പരിഹാസരൂപേണ ഒമര്‍ ലുലു കുറിച്ചു. എന്നാല്‍ പതിവ് പോലെ മിനിറ്റുകള്‍ക്കുള്ളില്‍ സംവിധായകൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
‘‘ബഹുമാന്യരായ നാട്ടുകാരെ,
ഒരു ദശാബ്ദ കാലമായി മലയാള സിനിമയില്‍ ഇൻഡസ്ട്രി ഹിറ്റ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോൻ ചേട്ടനും, തന്റെ ഉള്ളിലെ കഴിവ് അഭിനയത്തില്‍ മാത്രം ഒതുക്കി നിർത്താതെ മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ നാല് സ്ക്രിപ്റ്റുകള്‍ എഴുതി സമ്മാനിച്ച ധ്യാൻ സാറും കൂടി മറ്റൊരു ഇൻഡസ്ട്രി ഹിറ്റ് നല്‍കി കൊണ്ട് നായികയും നിർമാതാവുമായ ഷീലു മാഡത്തിന് ബാഡ് ബോയ്സിലൂടെ നഷ്ടപ്പെട്ട പോയ അരമന വീടും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങള്‍...’’ ഒമർ ലുലു ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം ‘പുലിവാല്‍ കല്യാണം’ എന്ന ചിത്രത്തില്‍ സലിം കുമാര്‍ അവതരിപ്പിച്ച കഥാപാത്രം ഫയര്‍ ഫോഴ്‌സിന് നന്ദി പറയുന്ന മീമും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്
പിന്നീട് നിമിഷങ്ങള്‍ക്കകം ഒമര്‍ ലുലു പോസ്റ്റ് ഡിലീറ്റ് ചെയ്തു. പോസ്റ്റിന് താഴെ കമന്റുമായി എത്തിയവര്‍ക്കും ഒമര്‍ ലുലു മറുപടി നല്‍കി. ‘അപ്പോള്‍ ഷീലു അവര്‍ക്ക് നഷ്ടം വന്ന സിനിമയെക്കുറിച്ച് പറയാന്‍ പാടില്ലായിരുന്നുവല്ലേ’ എന്നാണ് ഒരാള്‍ ഒമര്‍ ലുലുവിനോട് ചോദിച്ചത്. ‘അവരൊന്ന് സര്‍ക്കാസിച്ചു, ഞാനുമൊന്ന് സര്‍ക്കാസിച്ചു. ഇത് സൗഹൃദപൂര്‍വ്വമുള്ള സര്‍ക്കാസമാണ്...’എന്നാണ് ഒമര്‍ ലുലുവിന്റെ മറുപടി.
അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച രവീന്ദ്ര നീ എവിടെ എന്ന സിനിമ ബോക്സ്‌ഓഫീസില്‍ പരാജയമായതിന് പിന്നാലെ ഒമർ ലുലു ഈ പരിഹാസ പോസ്റ്റ് ഫേസ്ബുക്കില്‍ കുറിച്ചത്. രവീന്ദ്ര നീ എവിടെ എന്ന സിനിമയുടെ പ്രൊമോഷൻ വേളയില്‍ താൻ ഇതിന് മുമ്പ് നിർമിച്ച ചിത്രം പരാജയപ്പെട്ടതോടെ തനിക്ക് വീടും ഹോട്ടലും വിറ്റ് വാടക വീട്ടിലേക്ക് മാറേണ്ടി വന്നുയെന്ന് ഷീലു എബ്രഹാം ഒരു യുട്യൂബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഷീലു എബ്രഹാമിന്റെ ഈ പ്രസ്താവനയ്ക്ക് മറുപടി എന്ന പോലെയാണ് ഒമർ ലുലുവിന്റെ ഫെസ്ബുക്ക് പോസ്റ്റ്.
കൃഷ്ണാ പൂജപ്പുര എഴുതി മനോജ് പാലോടന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘രവീന്ദ്രാ നീ എവിടെ?’. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആയിരുന്നു ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്‍ അഭിമുഖത്തിനിടെ അബ്രഹാം മാത്യുവിന്റെ ഭാര്യയും ചിത്രത്തിലെ നായികയുമായ ഷീലു അബ്രഹാം പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായി.
ഒമര്‍ ലുലു സംവിധാനംചെയ്ത ‘ബാഡ് ബോയ്‌സ്’ ഇറങ്ങിയതോടെ ചിത്രത്തിന്റെ നിര്‍മാതാക്കളായ തങ്ങള്‍ വലിയ സാമ്പത്തിക ബാധ്യതയിലായി എന്ന സൂചന നല്‍കുന്ന പരാമര്‍ശമായിരുന്നു അന്ന് ഷീലു നടത്തിയത്. ഷീലുവിന്റെ വീട് താന്‍ കണ്ടിട്ടുള്ളതാണ് എന്ന് അവതാരക പറഞ്ഞപ്പോഴാണ് ഷീലു തുറന്നു പറഞ്ഞത്. ‘‘ബാഡ് ബോയ്‌സ്' ഇറങ്ങിയതോടെ ആ വീട് വിറ്റു. ആ വീട് വിറ്റ് വാടകവീട്ടിലേക്ക് മാറി. ‘രവീന്ദ്രാ നീ എവിടെ?’ അതിനുമുന്നേ എടുത്തുവെച്ച ചിത്രമാണ്...’’ ഷീലു പറഞ്ഞു. ‘‘ഇനി ആ വാടക വീട് വിറ്റിട്ടുവേണം അടുത്ത പടം ഇറക്കാന്‍...’’ എന്നായിരുന്നു അതിന് മറുപടിയായി അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന ധ്യാന്‍ ശ്രീനിവാസന്‍ തമാശയായി പറഞ്ഞത്. അഭിമുഖം വൈറലായതോടെ ഷീലു പറഞ്ഞത് കാര്യമായിട്ടാണോ അതോ തമാശയാണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു ആരാധകര്‍.
ഈ കഴിഞ്ഞ ജൂലൈ 18നാണ് രവീന്ദ് നീ എവിടെ തിയറ്ററില്‍ എത്തിയത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മനോജ് പാലോടനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനൂപ് മേനോനും ധ്യാൻ ശ്രീനിവാസനും ഷീലു എബ്രഹാമിനും പുറമെ ചിത്രത്തില്‍ സിദ്ധിഖ്, അസീസ് നെടുമങ്ങാട്, മേജർ രവി, സെന്തില്‍ കൃഷ്ണ, സുരേഷ് കൃഷ്ണ, സജീൻ ചെറുകായില്‍, എൻപി നിസാ, ചെമ്പില്‍ അശോകൻ, അപർണതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.