Saturday, March 21, 2026 Last Updated 24 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jul 2025 03.53 PM

' വി എസ് ' കേരളം കണ്ട മികച്ച പ്രതിപക്ഷനേതാവ്, ജന്മനാ പോരാളിയായ ഒരാള്‍ക്ക് കൂടുതലിണങ്ങിയ ഇടവും അതായിരുന്നു : കല്‍പറ്റ നാരായണന്‍

facebook

കോഴിക്കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായിരുന്നു വി എസ് എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

''വി എസ്.

കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദനായിരുന്നു. താനുള്‍പ്പെടെയുള്ള മുഖ്യമന്തിമാരേക്കാള്‍,താനൊഴിച്ചുള്ള പ്രതിപക്ഷനേതാക്കളേക്കാള്‍ ശക്തനായിരുന്നു വി എസ്സ് എന്ന പ്രതിപക്ഷനേതാവ്.വി എസ്സിന്റെ സ്വാഭാവികമായ ഇടം പ്രതിപക്ഷനേതാവിന്റേതായിരുന്നു. ജന്മനാ പോരാളിയായ ഒരാള്‍ക്ക് കൂടുതലിണങ്ങിയ ഇടവും അതായിരുന്നു. ഇടത് പക്ഷമുല്ല്യങ്ങളില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി സ്ഥാനം മതിയാവുമായിരുന്നില്ല.

നാല്‍പ്പതില്‍ താഴെ ശതമാനം വോട്ട് നേടി അധികാരത്തിലിരിക്കുന്ന ഭരണകക്ഷിയേക്കാള്‍ പോള്‍ ചെയ്തവരും പോള്‍ ചെയ്യാത്തവരുമായ ഭൂരിപക്ഷത്തിന്റെ നേതൃത്വം വഹിക്കാന്‍ പ്രതിപക്ഷനേതാവിന് കഴിയുമെന്ന് വി എസ്സ് തെളിയിച്ചു. കുട്ടനാട്ടെ കര്‍ഷകതൊഴിലാളികളനുഭവിക്കുന്ന ചൂഷണത്തേയും ദരിദ്രസ്ത്രീകളനുഭവിക്കുന്ന പീഡനത്തേയുംചെറുക്കാന്‍ പതിനേഴാം വയസ്സില്‍ പി കൃഷ്ണപിള്ളയാല്‍ നിയുക്തനായ വി എസ്സ് തുടര്‍ന്നെണ്‍പത്തിമൂന്നു വര്‍ഷക്കാലം തന്റെ നിയോഗത്തിന്റെ പരിസരം കേരളം മുഴുവനുമാക്കി നിരന്തരം വളര്‍ന്നു. വിമര്‍ശനമുണ്ട് ആത്മവിമര്‍ശനമില്ല എന്ന കൃഷ്ണപ്പിള്ളയുടെ ആരോപണത്തെ ഇക്കാലമത്രയും ജാഗ്രതയോടെ ചെറുത്തു.ഏഴാം ക്ലാസ്സില്‍ ഔപചാരികമായ വിദ്യഭ്യാസം അവസാനിച്ച വി എസ് തുടര്‍ന്നുള്ള മുഴുവന്‍ ജീവിതവര്‍ഷങ്ങളും പഠിക്കാന്‍ ഉപയോഗിച്ചു. തന്റെ മാത്രമല്ല അനേകം പീഡിതരുടെ അനുഭവങ്ങളുടെ ക്ലാസ്സില്‍ അയാളിരുന്നു. അതുവരെ ആയിരുന്നതില്‍ നിന്ന് നിരന്തരം പുരോഗമിച്ചു. അത് ആ സ്റ്റാലിനിസ്റ്റിനെ സൗമ്യനാക്കി. അത് അദ്ദേഹത്തെ ആത്മഹത്യക്കൊരുങ്ങിയ സൂര്യനെല്ലിപ്പെണ്‍കുട്ടിയുടെ കുടുംബത്തിനോട് കാട്ടിയ ദയാവായ്പ്പിനോട് സാമ്യമുള്ള പല സന്ദര്‍ഭങ്ങളിലുമെത്തിച്ചു. പാര്‍ട്ടിച്ചട്ടക്കൂട് ഭേദിച്ച് ഒഞ്ചിയത്ത് ചെല്ലുവാന്‍ ധൈര്യം പകര്‍ന്നു.

കമ്മ്യൂണിസ്റ്റാറ്റായിരിക്കുക എന്നത് അച്ചടക്കമുള്ളപാര്‍ട്ടിക്കാരനാവുന്നതേക്കാള്‍ വലുതാണെന്ന തിരിച്ചറിവിലെത്തിച്ചു. അയാള്‍ കാലാനുസൃതമായി വളര്‍ന്നു. പാര്‍ട്ടിയില്‍ പിന്തുണ കുറയുകയും പുറത്ത് പിന്തുണ വര്‍ദ്ധിക്കുകയും ചെയ്തു. വിയോജിപ്പുകളെ ശ്രദ്ധാപൂര്‍വ്വം കേട്ടു. ധിഷണാശാലികളോട് കൂട്ട്‌ചേര്‍ന്നു. ജനാധിപത്യബോധവും മനുഷ്യ സ്‌നേഹവും പരിസ്ഥിതി ബോധവും ഉയര്‍ത്തിപ്പിടിച്ചു. ആണവവിരുദ്ധ സമരത്തിലും നെല്‍വയല്‍ സമരത്തിലും ഭൂമികയ്യേറ്റങ്ങളോടുള്ള കര്‍ക്കശ നിലപാടുകളിലും നാമത് കണ്ടു. വളരാതിരുന്ന ഒരു വര്‍ഷവും ആ നൂറ്റാണ്ടിനിടയിലുണ്ടായില്ല. മലയാളം കണ്ട ഏറ്റവും വലിയ വിലാപയാത്രകള്‍ ഉമ്മന്‍ ചാണ്ടിയുടേയുംവി എസ്സിന്റെതുമായിരിക്കാം. കറപുരളാത്ത വ്യക്തിജീവിതത്തിനുപരിയായി, നിരുപാധികമായ മനുഷ്യ സ്‌നേഹത്തി നുപരിയായി അവരെന്തെങ്കിലും പങ്കിട്ടിരുന്നുവോ എന്ന് ഭാവികേരളം അന്വേഷിക്കട്ടെ''- കല്‍പറ്റ നാരായണന്റെ വാക്കുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW