-->
ബോളിവുഡില്‍ ഹോട്ട് ഹീറോയിനായി ഒരുകാലത്ത് തിളങ്ങി നിന്ന താരമാണ് തനുശ്രീ ദത്ത. ‘ആഷിക് ബനായാ ആപ്നേ’ എന്ന ഒരൊറ്റ ചിത്രവും പാട്ടും മാത്രം മതി തനുശ്രീയെ പ്രേക്ഷകര്‍ ഓര്‍ത്തെടുക്കാന്‍. ഫെമിന മിസ്സ് ഇന്ത്യ കിരീടമണിഞ്ഞ താരം പിന്നീട് കുറെയധികം സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിരുന്നു. പിന്നീട് തനുശ്രീ വാര്‍ത്തകളില്‍ നിറഞ്ഞത് 2009 റിലീസായ ‘ഹോൺ ഓകെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാനാ പടേക്കർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉന്നയിച്ചപ്പോഴാണ്. 2018ൽ തനുശ്രീ ദത്ത ഇത് തുറന്നു പറഞ്ഞത് ബോളിവുഡിനെ പിടിച്ചുകുലുക്കിയിരുന്നു.
ഇപ്പോഴിതാ തനുശ്രീ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സ്വന്തം വീട്ടിൽനിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന ആരോപണവുമായി രംഗത്ത്. വിങ്ങിപ്പൊട്ടി കരഞ്ഞുക്കൊണ്ടുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. കരഞ്ഞു സംസാരിക്കുന്ന താരം തന്റെ കാര്യത്തില്‍ പൊലീസിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും സഹിച്ച് മതിയായെന്നും ആരെങ്കിലും വന്ന് രക്ഷിക്കണമെന്നും ചൊവ്വാഴ്ച വൈകിട്ട് തനുശ്രീ ദത്ത ഇൻസ്റ്റഗ്രാം ലൈവിലെത്തി ദുരവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
‘‘പ്രിയപ്പെട്ടവരേ, എന്റെ സ്വന്തം വീട്ടില്‍ ഞാൻ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്, എന്റെ വീട്ടില്‍ പലതരം പ്രശ്നങ്ങള്‍ നേരിടുകയാണ്. ഞാൻ പൊലീസിനെ വിളിച്ചു. അവർ എന്നോട് പൊലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരുപക്ഷേ നാളെ പോയി പരാതി നല്‍കും, ഞാൻ ഇപ്പോള്‍ അത്ര നിലയിലല്ല. കഴിഞ്ഞ 4-5 വർഷങ്ങളായി എന്റെ വീട്ടിലെ സ്ഥിതിഗതികള്‍ വഷളായിരിക്കുകയാണ്. എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല, എന്റെ വീട് ഒരു കുഴപ്പമാണ്...
വീട്ടുകാർ എന്റെ വീട്ടില്‍ വേലക്കാരികളെ നിർത്തിയതിനാല്‍ എനിക്ക് വേലക്കാരികളെ നിയമിക്കാൻ പോലും കഴിയുന്നില്ല. വേലക്കാരികളില്‍ നിന്ന് എനിക്ക് വളരെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവർ അകത്തുകടന്ന് മോഷ്ടിക്കുകയും, എല്ലാത്തരം മോശം കാര്യങ്ങളും ചെയ്യുകയും ചെയ്യുകയാണ്. എന്റെ മുറിയുടെ വാതിലില്‍ പോലും ആളുകള്‍ വന്ന് മുട്ടുന്നു. എല്ലാ ജോലികളും ഞാൻ ചെയ്യേണ്ട അവസ്ഥയാണ്. എന്റെ സ്വന്തം വീട്ടിലാണ് ഞാൻ ഈ ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ
എനിക്ക് എന്റെ തൊഴില്‍ ചെയ്യണം. എന്റെ വീട്ടില്‍ എനിക്ക് പ്രയാസങ്ങള്‍ നേരിടുകയാണ്. ആരെങ്കിലും വന്ന് എന്നെ സഹായിക്കൂ. മാനസികമായ പീഡനങ്ങള്‍ കാരണം ഞാൻ രോഗബാധിതയാണ്. 2018 ലെ മീ ടൂ ആരോപണങ്ങള്‍ മുതല്‍ക്കേ ഇത് തുടരുന്നുണ്ട്. ഇന്ന് ഇതെല്ലാം കണ്ട് മടുത്താണ് പൊലീസിനെ വിളിച്ചത്. ഇനിയും വൈകുന്നതിന് മുമ്പ് ആരെങ്കിലും വന്ന് എന്നെ സഹായിക്കൂ...’’ തനുശ്രീ അഭ്യർഥിച്ചു. ‘‘ഈ ഉപദ്രവം എനിക്ക് മടുത്തു... 2018 മുതൽ ഇത് തുടരുന്നു... മടുത്തിട്ട് അവസാനമിന്ന് പോലീസിനെ വിളിച്ചു. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ! വളരെ വൈകുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്യൂ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് തനുശ്രീയുടെ വീഡിയോ.
വീഡിയോ കണ്ടിട്ട് പലരും കമന്റുകളില്‍ കുറിക്കുന്നത് ഇത് സത്യമാണോ കള്ളമാണോ എന്നാണ്. പലര്‍ക്കും വീഡിയോ അത്ര വിശ്വസനീയമായി തോന്നുന്നില്ല, ഓവര്‍ ആക്ടിംഗാണ്, സിനിമകള്‍ കുറവായതു കൊണ്ട് ലൈവില്‍ അഭിനയിക്കുന്നു...’ എന്നതടക്കമാണ് കമന്റുകള്‍. എന്നാല്‍ പിന്തുണ കുറിച്ചു കൊണ്ട് കമന്റുകളിടുന്നവരുമുണ്ട്. ‘എല്ലാം വേഗം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു... ദയവായി ധൈര്യമായിരിക്കുക...,ഹേ ബോളിവുഡ് വാലെ, ആരെങ്കിലും സഹായിക്കൂ... അവര്‍ കരയുന്നുണ്ട്, ഇപ്പോൾ ആരോ അവരെ മോശമായി ശല്യപ്പെടുത്തിയിട്ടുണ്ട്... ദയവായി അവരെ സഹായിക്കൂ....’’ എന്നും കമന്റുകളുണ്ട്.
നാനാ പടേക്കറിനിതിരെ മീടു ആരോപണം ഉന്നയിച്ച് വാർത്തകളില്‍ ഇടംനേടിയ തനുശ്രീ ദത്ത 2009ല്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നാനാ പടേക്കർ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു വെളിപ്പെടുത്തിയത്. 2008ല്‍ തനുശ്രീ സിനി & ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷനില്‍ (സിൻടിഎഎ) ഔദ്യോഗികമായി പരാതി നല്‍കിയെങ്കിലും നിർഭാഗ്യവശാല്‍ പടേക്കറിനെതിരെ ഒരു നടപടിയും ഉണ്ടായില്ല.
കൂടാതെ ‘ചോക്ലേറ്റ്’ എന്ന സിനിമയുടെ സെറ്റില്‍ ഇർഫാനൊപ്പം വസ്ത്രങ്ങമില്ലാതെ നൃത്തം ചെയ്യാൻ നിർമ്മാതാവ് വിവേക് അഗ്നിഹോത്രി സമ്മർദ്ദം ചെലുത്തിയതായും തനുശ്രീ ആരോപിച്ചിരുന്നു. പടേക്കറും അഗ്നിഹോത്രിയും ഈ ആരോപണങ്ങള്‍ നിഷേധിച്ചു. മീ ടൂ ആരോപണങ്ങളില്‍ നിന്ന് നാനയ്ക്കും ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു.