-->
കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് അധികൃതർ. താപനില 52 ഡിഗ്രി സെൽഷ്യസ് ഉയരാനും,മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ഉഷ്ണക്കാറ്റ് വീശാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ച പരിധി കുറഞ്ഞേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പൊടിക്കാറ്റ് വീശുന്നതോടെ കാഴ്ചാ പരിധി 1,000 മീറ്ററിൽ താഴെയാകും. അത് കൊണ്ട് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും, കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം മാത്രം യാത്രകൾ ആരംഭിക്കണമെന്നും കുവൈത്ത് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ ആഴ്ച ഉയർന്ന താപനില 49 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞത് 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ആഴ്ചയുടെ അവസാനം താപനില വീണ്ടും ഉയരും. ജനങ്ങൾ മതിയായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
ശക്തിയായായ ഉഷ്ണക്കാറ്റ് വീശുന്ന സാഹചര്യത്തിൽ കടലിൽ പോകുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരമാലകൾ ആറ് അടിക്ക് മുകളിൽ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. വിനോദ സഞ്ചാരികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു മാത്രമേ കടലിൽ ഇറങ്ങാൻ പാടുള്ളു എന്നും കാലവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.