Sunday, March 15, 2026 Last Updated 17 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 12.20 PM

‘‘ശരിയായ ഭക്ഷണമില്ല,വസ്ത്രമില്ല,സമാധാനവുമില്ല,ശരീരത്തില്‍ നിറയെ മുറിവുകള്‍...’’മുന്‍ വിവാഹത്തിലെ പീഡനങ്ങളെപ്പറ്റി സൗഭാഗ്യ വെങ്കിടേഷിന്റെ ചേട്ടത്തി വിദ്യ

uploads/news/2025/07/792413/Untitled-2.jpg
Sowbhagya venkitesh sister law vidya about her ex wedding (Image Source: Instagram)

ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ഈയടുത്തായി ഒരുപാട് പെണ്‍കുട്ടികള്‍ അവരുടെ ജീവന്‍ ബലി നല്‍കുന്നുണ്ട്. ചില പെണ്‍കുട്ടികള്‍ സമ്മര്‍ദ്ദം കൂടുമ്പോള്‍ ആത്മഹത്യ ചെയ്യുന്നു, എന്നാല്‍ മറ്റ് ചില പെണ്‍കുട്ടികളുടെ ജീവനെടുക്കുന്നത് ഭര്‍ത്താവോ ഭര്‍ത്താവിന്റെ വീട്ടുകാരോ ആയിരിക്കും. വലിയ സ്വപ്നങ്ങളുമായി വിവാഹമെന്ന കരാറില്‍ ഒപ്പു വയ്ക്കുമ്പോള്‍ തന്നെ കാത്തിരിക്കുന്നത് ശാരീരിക മാനസിക പീഡനങ്ങളായിരിക്കുമെന്ന് ഒരു പെണ്‍കുട്ടിയും കരുതാറില്ല.
ഇതിനിടയില്‍ ചില പെണ്‍കുട്ടികള്‍ കരുത്തോടെ ആത്മവിശ്വാസത്തോടെ പീഡനം നിറഞ്ഞ ജീവിതത്തില്‍ നിന്ന് രക്ഷപെടാറുണ്ട്. ആ ചുവടു വയ്പ്പിന് അവരെ സഹായിക്കുന്നത് വീട്ടുകാരും സ്വയമായി നേടിയെടുക്കുന്ന ആര്‍ജ്ജവുമായിരിക്കും. അഹങ്കാരിയാണ്, അനുസരണയില്ലാത്തവളാണ്, തന്റേടിയാണ് എന്നിങ്ങനെയുള്ള വിളിപ്പേരുകളാണ് പലപ്പോഴും ഈ പെണ്‍കുട്ടികള്‍ക്ക് സമൂഹം നല്‍കിയിരുന്ന വിളിപ്പേരുകള്‍.
സമൂഹത്തിന്റെ ചിന്താഗതിക്ക് കുറെയൊക്കെ മാറ്റം വന്നതോടെ ചിലരെങ്കിലും പെണ്‍കുട്ടികള്‍ സമ്മര്‍ദ്ദം സഹിച്ച് ഒരു വിവാഹബന്ധത്തില്‍ നില്‍ക്കേണ്ട കാര്യമില്ലെന്ന് തുറന്നു പറയാറുണ്ട്. ഡൈവോഴ്സെന്ന തീരുമാനമെടുക്കുമ്പോള്‍ അതുകൊണ്ടാവാം ചില മാതാപിതാക്കളെങ്കിലും പൂര്‍ണ്ണമായ പിന്തുണ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നല്‍കുന്നത്.
അക്കൂട്ടത്തില്‍ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷിന്റെ വ്ലോഗുകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ വിദ്യ. അർജുന്റെ ജേഷ്ഠൻ അരുണിന്റെ നല്ലപാതിയാണ് ഇന്ന് വിദ്യ. അടുത്തിടെയായിരുന്നു ഇരുവരുടേയും വിവാഹം. ഒരു മകളുള്ള വിദ്യ ഒമ്പത് വർഷമായി സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു. വിദ്യ വിവാഹമോചിതയാണെന്ന് മാത്രമാണ് സൗഭാഗ്യ വിദ്യയെ കുറിച്ച്‌ സംസാരിച്ചപ്പോഴെല്ലാം പറഞ്ഞത്.
ഇപ്പോഴിതാ താൻ ആദ്യ വിവാഹശേഷം അനുഭവിച്ച ക്രൂരതകള്‍ വെളിപ്പെടുത്തുകയാണ് വിദ്യ. ഭർത്താവിന്റെ മർദ്ദനവും പീഡനവും മൂലം കഴിഞ്ഞ ദിവസങ്ങളില്‍ അതുല്യ, വിപഞ്ചിക എന്നീ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത വാർത്ത പുറത്ത് വരികയും വലിയ രീതിയില്‍ ചർച്ചയാവുകയും ചെയ്തിരുന്നു. ആ വാർത്തകള്‍ വായിച്ചപ്പോഴാണ് താൻ അനുഭവിച്ച ദുരിതങ്ങള്‍ പുറം ലോകത്തോട് തുറന്ന് പറയണമെന്ന് തോന്നിയതെന്ന് വിദ്യ പറയുന്നു. ഭർത്താവില്‍ നിന്നും ഉപദ്രവം കൂടിയപ്പോള്‍ പലരുമായി അനുഭവങ്ങള്‍ പങ്കുവെച്ചുവെന്നും എന്നാല്‍ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാനാണ് അവരെല്ലാം ഉപദേശിച്ചതെന്നും വിദ്യ പറയുന്നു.
‘‘പങ്കാളികള്‍ മൂലമുണ്ടാകുന്ന വേദന കാരണം ജീവിതം അവസാനിപ്പിച്ച സ്ത്രീകളെക്കുറിച്ചുള്ള ഹൃദയഭേദകമായ ചില വാർത്തകള്‍ നാം അടുത്തിടെയായി നിരന്തരം കേള്‍ക്കുന്നു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം ഞാനും ഒരു സമയത്ത് ആ ഘട്ടത്തിലൂടെ ജീവിച്ചിട്ടുണ്ട്. അത്തരം ദുരിതം അനുഭവിക്കുന്നവർ ഉണ്ടെങ്കില്‍ അതില്‍ നിന്നും പുറത്ത് കടക്കാൻ അവർക്ക് എന്റെ അനുഭവ കഥ ശക്തി നല്‍കുമെന്ന് പ്രതീക്ഷിച്ച്‌ എന്റെ കഥ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.
നാല് വർഷത്തെ ശാരീരികവും സാമ്പത്തികവും വൈകാരികവും വേദനാജനകമായ പീഡനത്തെ അതിജീവിച്ചതിനുശേഷം ഒമ്പത് വർഷം മുമ്പ് ഞാൻ എന്റെ മുൻ ഭർത്താവില്‍ നിന്ന് വിവാഹമോചനം നേടി. എന്നെപ്പോലുള്ള സ്ത്രീകളോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ആ സമയത്ത് ഞാൻ മനസിലാക്കി.
ചിലർ എന്നോട് എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു. പല സ്ത്രീകളും അവരുടെ വിവാഹ ജീവിതത്തില്‍ ഇതുതന്നെയാണ് അനുഭവിക്കുന്നതെന്ന് പറഞ്ഞു. അയാളുടെ അക്രമാസക്തമായ പെരുമാറ്റത്തില്‍ നിന്ന് എന്നെയും എന്റെ കുഞ്ഞിനെയും സംരക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ ഞാനാണ് അയാളെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രകോപിപ്പിക്കുന്നതെന്നുള്ള കുറ്റവും ചിലർ എന്റെ മേല്‍ ആരോപിച്ചു. അത് ഞെട്ടിപ്പിക്കുന്നതും ഹൃദയഭേദകവുമായിരുന്നു.
ജീവിതം അവസാനിപ്പിക്കാൻ ഞാൻ ചിന്തിച്ച ദിവസങ്ങളുണ്ടായിരുന്നു. പക്ഷെ എന്റെ കുഞ്ഞിന് ഒരു വയസ് മാത്രമായിരുന്നു പ്രായം. അങ്ങനെ അവള്‍ക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു.
ഒരു ദിവസം എന്റെ മാതാപിതാക്കളെ വിളിക്കാൻ ഞാൻ ധൈര്യം സംഭരിച്ചു. എനിക്ക് സുഖമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ശരിയായ ഭക്ഷണമില്ല, വസ്ത്രമില്ല, സമാധാനവുമില്ല. എന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ടപ്പോള്‍ അവർ കരഞ്ഞു. എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. ശേഷം അവർ എനിക്ക് ഏറ്റവും ശക്തമായ സമ്മാനം നല്‍കി. സ്വന്തം തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം. എന്നിട്ടും ചില ബന്ധുക്കള്‍ ആശ്വാസത്തേക്കാള്‍ കൂടുതല്‍ ആശയക്കുഴപ്പം എന്നില്‍ സൃഷ്ടിച്ചു. എനിക്കും എന്റെ കുഞ്ഞിനും ഭക്ഷണം ഉണ്ടോ ഞങ്ങള്‍ സുഖമായിരിക്കുന്നുണ്ടോയെന്ന് അവർ ഒരിക്കലും ചോദിച്ചില്ല.
പകരം ഞാൻ എന്ത് ജോലി ചെയ്യുന്നു?. ഞാൻ എപ്പോള്‍ വീട്ടിലെത്തി? എങ്ങനെ ജീവിക്കുന്നു എന്നതിനെ കുറിച്ച്‌ അവർ കൂടുതല്‍ ആശങ്കാകുലരായിരുന്നു. ഞാൻ ദൃഢനിശ്ചയം ചെയ്തു. കഠിനാധ്വാനം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. കുറച്ച്‌ വർഷങ്ങള്‍ക്കുശേഷം ഞാൻ എന്റെ കുട്ടിയുമായി അവളുടെ സ്കൂളിനടുത്തുള്ള ഒരു സ്ഥലത്തേക്ക് താമസം മാറി. ഞങ്ങളുടെ ജീവിതശൈലി പതുക്കെ മാറി. ഇന്ന് ഞങ്ങള്‍ സമാധാനപരവും സന്തുഷ്ടവുമായ ഒരു ജീവിതം നയിക്കുന്നു.
ധൈര്യത്തോടെയും പ്രതീക്ഷയോടെയും ഞങ്ങള്‍ കെട്ടിപ്പടുത്ത ഒന്ന്. ഇത് വായിക്കുന്ന എല്ലാ സ്ത്രീകളോടുമായി പറയട്ടെ... ദയവായി ഇത് അവസാനമാണെന്ന് വിശ്വസിക്കരുത്. നിങ്ങളുടെ ഇന്നത്തെ സാഹചര്യം നിങ്ങളുടെ ഭാവിയെ നിർവചിക്കുന്നില്ല. എല്ലായ്‌പ്പോഴും പുതിയ അവസരങ്ങള്‍, പുതിയ വഴികള്‍, മികച്ച ദിവസങ്ങള്‍ മുന്നിലുണ്ട്. നിങ്ങള്‍ വിചാരിക്കുന്നതിലും ശക്തരാണ് നിങ്ങള്‍.
സമൂഹത്തിനോട് പറയാനുള്ളത്... നിങ്ങള്‍ക്ക് ഒരാളെ പിന്തുണയ്ക്കാൻ കഴിയുന്നില്ലെങ്കില്‍ കുറഞ്ഞത് അവരെ ഒന്നിലേക്കും തള്ളിവിടാതിരിക്കുക. വേദനിപ്പിക്കുന്ന വാക്കുകളേക്കാള്‍ നല്ലത് നിങ്ങളുടെ മൗനമാണ്. മാന്യമായി സംസാരിക്കുക. ബുദ്ധിപൂർവ്വം പ്രവർത്തിക്കുക. ആരാണ് അതിജീവിക്കാൻ പാടുപെടുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയില്ല...’’ വിദ്യ കുറിച്ചു. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് വിദ്യ തന്റെ മനസ്സിലെ വേദന കുറിച്ചത്.
വിദ്യയുടെ പോസ്റ്റിനു താഴെ പലരും തങ്ങളുടെ അഭിപ്രായങ്ങളറിയിച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്. സൗഭാഗ്യയുടെ അമ്മയും നടിയും നര്‍ത്തകിയുമായ താര കല്യാണും കമന്റ് നല്‍കിയിട്ടുണ്ട്. ‘എന്റെ മോളെ, നിന്നെയോർത്ത് എനിക്ക് അഭിമാനമുണ്ട്...എന്നേക്കും ശക്തയായിരിക്കൂ...ദൈവം അനുഗ്രഹിക്കട്ടെ...’ എന്നാണ് താര കല്യാണ്‍ കുറിച്ചത്. ‘ഈ അനുഭവം മറ്റുള്ള പെൺകുട്ടികൾക്കും ഒരു മോട്ടിവേഷന്‍ ആവട്ടെ... ഗോഡ് ബ്ലെസ്..., ധീര സ്ത്രീ... നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW