-->
കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരുടെയും ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളുടെയും ഏറ്റവും മികച്ച കമ്യൂണിസ്റ്റുകാരില്‍ ഒരാളായും ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും വിഎസിന്റെ പാര്‍ലമെന്ററി ജീവിതം ഒട്ടേറെ തിരിച്ചടികള്‍ നേരിട്ടുണ്ട്. പലതവണ തെരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടുള്ള അദ്ദേഹത്തിന്റെ തോല്‍വിയോടെയാണ് തെരഞ്ഞെടുപ്പ് റെക്കോഡിന്റെ തുടക്കവും. സ്വന്തം മണ്ഡലത്തിലും കമ്യൂണിസ്റ്റുകളുടെ ഉറച്ച കോട്ടകളിലും തോല്‍വി ഏറ്റുവാങ്ങിയവരുടെ പട്ടികയില്‍ വി.എസ് ഉണ്ട്.
1965-ല്‍ സ്വന്തം വീടുള്‍പ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് തോറ്റുകൊണ്ടാണ് വി.എസ്. തെരഞ്ഞെടുപ്പ് ജീവിതം ആരംഭിക്കുന്നത്. 1967-ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്‍പിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ല്‍ ആര്‍എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയും തോല്‍പ്പിച്ചു. അതേ കുമാരപിള്ളയോട് 1977-ല്‍ കുമാരപിള്ളയോട് 5585 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
1991-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്കു തോല്പിച്ചു. എന്നാല്‍ 1996-ല്‍ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദന്‍ തോല്‍വിയറിഞ്ഞു. പക്ഷേ, ഈ തോല്‍വി പാര്‍ട്ടിയില്‍ അച്യുതാനന്ദനെ ശക്തനാക്കി.
2001-ല്‍ ആലപ്പുഴ ജില്ല വിട്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് ജനവിധി നേടിയത്. സതീശന്‍ പാച്ചേനിയോട് 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ല്‍ ഇതേ മണ്ഡലത്തില്‍ ഇതേ എതിരാളിയെ 20,017 വോട്ടുകള്‍ക്കു തോല്‍പിച്ചാണ് വി.എസ്. ഈ പോരായ്മ പരിഹരിച്ചത്.
1996-ല്‍ സി.പി.എംന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോല്‍വിയോടെ അതു നടക്കാതെപോയി. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങി അധികാരത്തിന് പുറത്ത് പോയതിനാല്‍ മന്ത്രിസ്ഥാനം അദ്ദേഹത്തെ തേടി വന്നില്ല. 1967-ല്‍ കന്നിക്കാരനായിരുന്നതിനാല്‍ മന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചില്ല.