Sunday, March 15, 2026 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 03.46 PM

‘‘ധനുവായി സ്ക്രീനില്‍ കണ്ടപ്പോള്‍, എന്നെ അറിയുന്നവരെല്ലാം ഷോക്കായി; രാജീവ് ഗാന്ധിയെ കൊല്ലുന്ന സീന്‍ എടുത്തത് മറക്കില്ല...’’ ശ്രുതി ജയന്‍

നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും നേടി മുന്നേറുകയാണ് സോണി ലിവിൽ സ്ട്രീം ചെയ്യുന്ന പരമ്പരയായ ‘ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷൻ കേസ്’. ഇപ്പോഴിതാ അതില്‍ സൂയിസൈഡ് ബോംബറായെത്തി രാജീവ് ​ഗാന്ധിയെ വധിച്ച ധനു എന്ന കഥാപാത്രമായ ശ്രുതി ജയന്‍ സീരിസില്‍ അഭിനയിച്ച അനുഭവം പങ്കിടുകയാണ്.
Sruthy Jayan, 'The Hunt: The Rajiv Gandhi Assassination Case'
Sruthi Jayan as Dhanu in the hunt series (Image Source: Youtube)

ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു ഞെട്ടലോടെ ഇന്ത്യന്‍ ജനത കേട്ടറിഞ്ഞതാണ്. ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ എൽ.ടി.ടി.ഇ ഭീകരരാണ് കൊലപ്പെടുത്തിയത്. എയർ ഇന്ത്യയിൽ പ്രൊഫഷണൽ പൈലറ്റായി ചുമതലയേറ്റ രാജീവ് ദീർഘകാലം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. സഹോദരൻ സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
രാജീവ് ഗാന്ധി അസാസിനേഷൻ കേസിനെ ആസ്പദമാക്കി സോണി ലിവ് പുറത്തിറക്കിയ ഏറ്റവും പുതിയ സീരീസാണ് നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്ത ‘ദി ഹണ്ട്, ദി രാജീവ് ഗാന്ധി അസാസിനേഷൻ കേസ്’. പല മലയാളി താരങ്ങളും സീരീസില്‍ വേഷമിട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കപ്പെടുന്നതും ധനുവായി വേഷമിട്ട നടിയും നർത്തകിയുമായ ശ്രുതി ജയന്‍ ആണ്. സൂയിസൈഡ് ബോംബറായെത്തി രാജീവ് ​ഗാന്ധിയെ വധിച്ച ധനു എന്ന കഥാപാത്രമായാണ് ശ്രുതി ജയൻ സീരിസിലെത്തിയത്. കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്താനും ശ്രുതിക്കായി.
ഇപ്പോഴിതാ സംവിധായകന്‍ നാഗേഷ് കുക്കുനൂറുമായിട്ടുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് ശ്രുതി. സീന്‍ എടുക്കുന്നതിന് മുമ്പ് സംവിധായകനും അഭിനേതാവും തമ്മില്‍ യാതൊരു കമ്യൂണിക്കേഷനും പാടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ തിയറി എന്നും തന്റെ കഥാപാത്രം ആരാണെന്നും എന്താണെന്നുമുള്ള ബോധ്യം അദ്ദേഹത്തിന് നല്ലതുപോലെ ഉണ്ടായിരുന്നതായും ശ്രുതി ജയന്‍ പറഞ്ഞു.
‘‘ധനുവായി എന്നെ സ്ക്രീനില്‍ കണ്ടപ്പോള്‍, എന്നെ അറിയുന്നവരെല്ലാം ഷോക്ക് ആവുകയാണ് ചെയ്തത്. എന്റേത് ആരും പ്രതീക്ഷിക്കാത്ത ഒരു മാറ്റമായിരുന്നല്ലോ. ഒരു ആക്ടര്‍ എന്ന നിലയില്‍ അത് അത്യാവശ്യവുമാണ്. സംവിധായകന്‍ നാഗേഷ് കുക്കുനൂർ വളരെ രസകരമായാണ് ഇത് കണ്‍സീവ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്കൂള്‍ ഓഫ് ഫിലിം മേക്കിങ് എന്ന് പറഞ്ഞാല്‍, സീന്‍ എടുക്കുന്നതിന് മുമ്പ് സംവിധായകനും എഴുത്തുകാരനും തമ്മില്‍ യാതൊരു കമ്യൂണിക്കേഷനും പാടില്ല എന്നതായിരുന്നു.
ഷോട്ട് വിളിക്കുമ്പോള്‍ മാത്രമാണ് എക്സ്പ്ലനേഷന്‍ ഉണ്ടാകുന്നത്. അതിന് ശേഷം പെര്‍ഫോമന്‍സാണ്. അത് നമ്മളെ കാണിക്കുകയും ഇല്ല. പിന്നൊരു കാര്യം, രാജീവ് ഗാന്ധിയെ കൊല്ലുന്ന സീന്‍ എടുക്കുന്ന സമയത്ത്, മിഷന്‍ സക്സസ് ആയതിന്റെ ഒരു സന്തോഷം മുഖത്ത് വന്നിരുന്നു. അപ്പോള്‍ തന്നെ അദ്ദേഹം കട്ട് വിളിച്ചു. അങ്ങനെയല്ല, അവര്‍ വളരെ ശാന്തമായിട്ടായിരിക്കണം നില്‍ക്കേണ്ടത്, അവര്‍ അങ്ങനെയാണ് എന്ന് പറഞ്ഞു തന്നു. ആദ്യ ദിവസങ്ങളില്‍ ഇങ്ങനെ ആയിരുന്നെങ്കിലും നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് ഓപ്ഷന്‍സ് ചോദിക്കാന്‍ തുടങ്ങി. അപ്പോള്‍ നമ്മള്‍ ഒരു നാല് ഓപ്ഷന്‍സ് കൊടുക്കും. ശേഷം അദ്ദേഹം പിക്ക് ചെയ്യുന്നതില്‍ നമ്മള്‍ വര്‍ക്ക് ചെയ്യും...’’ ശ്രുതി ജയന്‍ പറഞ്ഞു. തയ്യൽ മെഷീൻ എന്ന ചിത്രമാണ് ശ്രുതിയുടെതായി പുറത്തുവരാനുള്ളത്.
അനിരുദ്ധ്യ മിത്രയുടെ ‘90 ഡെയ്‌സ്: ദ് ട്രൂ സ്റ്റോറി ഓഫ് ദ് ഹണ്ട് ഫോര്‍ രാജീവ് ഗാന്ധി അസാസിന്‍സ്’ എന്ന പുസ്ഥകത്തെ ആസ്പദമാക്കിയാണ് സീരിസ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽത്തന്നെ കഥാപാത്രങ്ങളുടെ പേരു പോലും അതേപടി ഉപയോഗിച്ചിരിക്കുന്നു. ചരിത്രത്തോട് അത്രയേറെ ചേർന്നു നില്‍ക്കുന്ന 7 എപ്പിസോഡുകളിലായി സീരീസ് ഒരുക്കിയിരിക്കുന്നത്.

സീരിസ് മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ മലയാളികളെന്ന നിലയിൽ അഭിമാനിക്കാനുള്ള വകയുണ്ട്. സീരിസിൽ പ്രധാന വേഷങ്ങളിൽ എത്തിയവരിൽ ഏറെയും മലയാളികളാണ്. ശ്രുതി ജയനെക്കൂടാതെ, അഭിനയ അധ്യാപകൻ ജ്യോതിഷ് എം ജി, ഷഫീക്ക് മുസ്തഫ, ഗൗരി പത്മകുമാർ, നീതു ചന്ദ്ര, അഖിൽ രാജ്, കാസ്റ്റിംഗ് ഡയറക്ടർ കൂടിയായ അഖിൽ കൈമൾ എന്നിവരും ‘ദ് ഹണ്ടി’ൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കൂടാതെ ഈ സീരീസിൽ അമിത് സിയാൽ, ഭഗവതി പെരുമാൾ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാഹിൽ വൈദ്, ബക്സ്, ഡാനിഷ് ഇഖ്ബാൽ, വിദ്യുത് ഗാർഗി, അഞ്ജന ബാലാജി, സായ് ദിനേശ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നു.

Ads by Google
Monday 21 Jul 2025 03.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW