Friday, March 13, 2026 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 12.57 PM

നിമിഷപ്രിയ കൊല്ലപ്പെട്ടാല്‍ അവരുടെ ഒരു മാംസ കഷണം പുഴുങ്ങി തിന്നണമെന്ന് ഹരീഷ് പേരടി; മാംസകഷണമാക്കിയ​വരോട് മതി സാരോപദേശം എന്ന് ശ്രീജിത്ത് പണിക്കര്‍

ഒരു നാട് മുഴുവന്‍ നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുമ്പോള്‍ ശ്രീജിത്ത് പണിക്കരെപ്പോലുള്ളവര്‍ അതിനെ എതിര്‍ക്കുന്നുവെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോഴിതാ അതിനെതിരെ ഹരീഷ് പേരടി ഫെയ്സ്ബുക്ക് കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. ശ്രീജിത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ അതിന് മറുപടിയും നല്‍കിയിട്ടുണ്ട്.
Nimisha Priya, Sreejith Panicker, Hareesh Peradi
Hareesh Peradi on sreejith panickar (Image Source: Facebook)

ക​ഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നൊരു പേരാണ് നിമിഷ പ്രിയ. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ സനായിലെ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന നിമിഷപ്രിയ വധശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്. എന്നാല്‍ നിമിഷപ്രിയയുടെ മോചനം ഒരു മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ന്നു വന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. അതോടെ അവരുടെ വധശിക്ഷ കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ഇടപെടലിൽ കഴിഞ്ഞ ദിവസം മാറ്റിവച്ചിരുന്നു.
കാന്തപുരം മാത്രമല്ല, കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പലരും നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്നുണ്ട്. കേന്ദ്രസർക്കാരും അനുഭാവപൂർണമായ ഇടപെടലാണ് നടത്തുന്നത്. അപ്പോഴും, തലാലിന്റെ കുടുംബത്തിന്റെ കയ്യിലാണ് നിമിഷപ്രിയയുടെ വിധി. ദയാധനം സ്വീകരിച്ച് മാപ്പു നൽകാൻ അവർ തയാറായാൽ മാത്രമേ നിമിഷപ്രിയയ്ക്ക് ജയിലിൽനിന്ന് പുറത്തിറങ്ങാനാകു.
എന്നാല്‍ നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ മറ്റൊരു വശത്ത് അത് മുടക്കാൻ പറ്റുമോ എന്ന് നോക്കുന്ന ആളുകളും ഉണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബാംഗങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലെത്തി അവരുടെ വികാരം ആളിക്കത്തിക്കാനുളള ശ്രമം നടത്തുന്നവരാണ് ചിലര്‍.
അക്കൂട്ടത്തില്‍ കൊല നടത്തിയ നിമിഷപ്രിയയെ രക്ഷപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് സോഷ്യല്‍ മീഡിയയിലും ചാനല്‍ ചർച്ചകളിലും ആവർത്തിക്കുന്ന വ്യക്തിയാണ് സംഘപരിവാർ അനുകൂലിയായ ശ്രീജിത്ത് പണിക്കർ. ആസൂത്രിത കൊല നടത്തിയ ആള്‍ക്ക് മാപ്പ് നല്‍കുന്നത് നീതിയല്ലെന്നാണ് ശ്രീജിത്ത് പണിക്കരുടെ പക്ഷം.
ഇപ്പോഴിതാ ശ്രീജിത്ത് പണിക്കർക്ക് മറുപടിയുമായി നടൻ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ്. നിമിഷപ്രിയ കൊല്ലപ്പെടുകയാണെങ്കില്‍ അവരുടെ ഒരു മാംസ കഷണം ഇരയുടെ കുടുംബത്തിന്റെ സഹായത്തോടെ നിങ്ങള്‍ നേടിയെടുക്കണമെന്നും അത് പുഴുങ്ങിത്തിന്ന​ണമെന്നുമാണ് ഹരീഷ് പേരടി തുറന്നടിച്ച് കുറിച്ചിരിക്കുന്നത്.
‘‘ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്...’ പ്രിയപ്പെട്ട ശ്രീജിത്ത് നമ്മള്‍ ചൊല്ലി പഠിച്ച പ്രതിജ്ഞയുടെ ആദ്യഭാഗമാണ്... അപ്പോള്‍ നിമിഷ പ്രിയ എനിക്കും നിങ്ങള്‍ക്കും നമുക്ക് എല്ലാവർക്കും ആരാണെന്ന് മനസ്സിലാക്കാൻ ഇതിലും കൂടുതല്‍ തെളിവുകള്‍ വേണ്ടല്ലോ...
നമ്മുടെ സഹോദരിക്ക് ഒരു തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പോലും അതിനുപകരമായി അവളുടെ ജീവൻ എടുക്കും എന്ന ഘട്ടത്തില്‍ ഇരയുടെ കുടുംബത്തിനോട് എല്ലാ മാനാഭിമാനങ്ങളും മാറ്റിവച്ച്‌ ജാതി,മത,രാഷ്ട്രിയ ഭേദമന്യേ ഒരു സമൂഹം ഒന്നിച്ച്‌ മാപ്പിരന്ന് അവളുടെ ജീവൻ തിരിച്ചുപിടിക്കാൻ പെടാപാട്പ്പെടുമ്പോള്‍ നിങ്ങള്‍ എന്തിനാണ് നിയമത്തിന്റെ നെല്ലും പതിരും വേർത്തിരിച്ച്‌ അവളെ കൊലക്ക് കൊടുക്കുന്നത്...ഇത്രയും പക എന്തിനാണ് മനസ്സില്‍ സൂക്ഷിക്കുന്നത്?..
നിമിഷപ്രിയയുടെ ജീവനായി ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് ശ്രിജിത്തിനോട് പറയുന്നു...ഇനി അവള്‍ കൊല്ലപ്പെടുകയാണെങ്കില്‍ അവളുടെ ഒരു മാംസ കഷണം ഇരയുടെ കുടുംബത്തിന്റെ സഹായത്തോടെ നിങ്ങള്‍ നേടിയെടുക്കണം...എന്നിട്ട് പുഴുങ്ങി തിന്നണം..‘കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്ന്’ നമുടെ പൂർവ്വികർ പറഞ്ഞിട്ടുണ്ട്...’’ ഹരീഷ് പേരടി കുറിച്ചു.

തന്റെ നിലപാടിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കരും രംഗത്ത് വന്നിട്ടുണ്ട്. ‘‘റിപ്പോർട്ടറിന്, പേരടിക്ക്, രാഹുൽ ഈശ്വറിന് സ്നേഹപൂർവ്വം...’’ എന്ന് കുറിച്ചാണ് ശ്രീജിത്ത് പണിക്കര്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്.

അതിനു മുമ്പ് തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ ശ്രീജിത്ത് പോസ്റ്റും പങ്കിട്ടിരുന്നു. ‘‘എന്റെ പൊന്നു ചേട്ടന്മാരേ,
ഒരാളെ ആസൂത്രിതമായി കൊന്ന് ശരീരം 110 കഷണങ്ങളാക്കി മുറിച്ച്‌, വാട്ടർ ടാങ്കില്‍ ഒളിപ്പിച്ച്‌, കടന്നുകളഞ്ഞ ഒരാള്‍ക്ക് മാപ്പ് നല്‍കുന്നത് ശരിയല്ലെന്നതാണ് എന്റെ നീതിബോധം. നിങ്ങളല്ല, ദേവേന്ദ്രൻ പറഞ്ഞാലും അതില്‍ മാറ്റമില്ല.
നാളെ, കൊല്ലപ്പെട്ടയാളിന്റെ കുടുംബം കുറ്റവാളിക്ക് മാപ്പ് കൊടുത്താലും എന്റെ നിലപാടില്‍ മാറ്റമില്ല. ഇതില്‍ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ഒന്നുമില്ല. മരിച്ചത് യെമനി ആയതും കൊന്നത് ഇന്ത്യൻ ആയതും എന്റെ നീതിബോധത്തെ സ്വാധീനിക്കില്ല. ഇതില്‍ നീതി മാത്രമാണ് പ്രധാനം. സിവില്‍ യുദ്ധം നടക്കുന്ന യെമനില്‍ എന്നല്ല, ശരിയ നിയമം നിലനില്‍ക്കുന്ന ഏത് ഇസ്ലാമിക രാജ്യത്ത് ആണെങ്കിലും ഈ വിധി മാത്രമേ ഇക്കാര്യത്തില്‍ കിട്ടൂ, സംശയമുണ്ടോ?
ഇന്ത്യയില്‍ ആണെങ്കിലും പ്രോസിക്യൂഷൻ (നമ്മള്‍ തിരഞ്ഞെടുത്ത സർക്കാർ) ഇത്തരം കേസുകളില്‍ വധശിക്ഷയ്ക്ക് വേണ്ടിയേ വാദിക്കൂ. ഇവിടത്തെ സമാനമായ ഓരോ കേസും എടുത്ത് നോക്കൂ. വധശിക്ഷ വേണ്ടെന്ന് അഭിപ്രായം പറയുന്നവർ നേതൃത്വം കൊടുക്കുന്ന സർക്കാരുകളും ഇത്തരം കേസുകളില്‍ കോടതിയില്‍ വാദിച്ചിട്ടുള്ളത് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്ന് തന്നെയാണ്. എനിക്ക് ആ ഇരട്ടത്താപ്പില്ല. ഡോക്ടർ ഓമന, ഗ്രീഷ്മ, ജോളി, ഷെറിൻ, തുടങ്ങി ഭഗവല്‍ സിങ്ങിന്റെയും സുകുമാരക്കുറുപ്പിന്റെയും കേസുകളിലും മാപ്പ് തന്നെയാണോ നിങ്ങളുടെ നിലപാട് എന്നറിഞ്ഞാല്‍ കൊള്ളാം. ഇനി അഥവാ, മരം മുറിക്കുന്നത് പോലെ ലളിതമാണ് മനുഷ്യരെ മുറിക്കുന്നതെന്നൊക്കെ കരുതി ആരെങ്കിലും നാളെ എന്നോട് വാദിക്കാൻ വന്നാല്‍, അവരോട് പറയാൻ എനിക്ക് മറുപടിയില്ല. അപ്പോ ശരി...’’ എന്നാണ് ശ്രീജിത്ത് പണിക്കര്‍ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW