-->
സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ഒരു താത്വിക അവലോകനം എന്ന സിനിമയാണ് അഖില്‍ മാരാര്‍ സംവിധാനം ചെയ്തത്. മുളളന്‍ കൊല്ലി എന്ന സിനിമയിലൂടെ ഇപ്പോള്‍ നായകനാവുകയാണ് താരം. മുളളന്‍ കൊല്ലിയുടെ ട്രെയിലര്‍ മോഹന്‍ലാലിനെ കാണിച്ച് അനുഗ്രഹം വാങ്ങിയെന്ന് അറിയിച്ചിരിക്കുകയാണ് സാമൂഹ്യമാധ്യമത്തിലൂടെ അഖില്‍ മാരാര്‍.
''ജീവിതം രസകരമായ സിനിമയാണ്.. എന്റെ ജീവിതം സിനിമ പോലെ അപ്രതീക്ഷിതമായ വഴിതിരിവുകള്‍ ഉള്ള ഒരു സിനിമ പോലെ എഴുതപ്പെട്ടതാണ്... എന്നെ നയിക്കുന്ന ശക്തിയുടെ സഹായത്താല്‍ ഞാന്‍ ഞാനായി മുന്നോട്ട് പോകുന്നു..
സിനിമയില്‍ ചാന്‍സ് ചോദിച്ചു അലഞ്ഞ പയ്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍, തിരക്കഥ കൃത്തു, സംവിധായകന്‍ എന്നീ വേഷങ്ങള്‍ക്ക് ശേഷം നടന്‍ എന്നൊരു വേഷവും എന്നിലേക്ക് വന്ന് ചേര്‍ന്നു...ലാലേട്ടന്‍ ഈ കാണുന്നത് ഞാന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന മുള്ളന്‍ കൊല്ലി സിനിമയുടെ ട്രെയിലര്‍ ആണ്..'നന്നായിട്ടുണ്ട് മോനെ ' ലാലേട്ടന്റെ അനുഗ്രഹം കിട്ടി.. ഇനി നിങ്ങളുടെ മുന്നിലേക്ക് അടുത്ത ആഴ്ച ട്രെയിലര്‍ എത്തും..ഫോറം മാളില്‍ 19ന് വൈകിട്ട് ട്രെയിലര്‍ ലോഞ്ച് നടക്കും.. അതിന് മുന്‍പ് ലാലേട്ടന്റെ അനുഗ്രഹം ലഭിച്ചത് ഏറെ സന്തോഷം. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാവണം'' , എന്നാണ് അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്.
ബാബു ജോണാണ് മുള്ളന്‍ കൊല്ലി സംവിധാനം ചെയ്യുന്നത്. ബാബു ജോണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.അഭിഷേക് ശ്രീകുമാര്‍, സെറീന ആന്‍, നവാസ് വള്ളിക്കുന്ന്, കൃഷ്ണപ്രിയ, അതുല്‍ സുരേഷ്, ലക്ഷ്മി ഹരികൃഷ്ണന്‍, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ജോയ് മാത്യു, ആലപ്പി ദിനേഷ്, കോട്ടയം രമേഷ്, പ്രസീജ് കൃഷ്ണ, ആര്‍സിന്‍ ആസാദ്, ആസാദ് കണ്ണാടിക്കല്‍, ശിവദാസ് മട്ടന്നൂര്‍, ശ്രീഷ്മ ഷൈന്‍ ദാസ്, ശശി ഐറ്റി, റോബര്‍ട്ട്, നസീര്‍ ഷൊര്‍ണൂര്‍, അനുപമ പിവി, അശോകന്‍ മണത്തണ തുടങ്ങിയവരും താരനിരയിലുണ്ട്.