Monday, March 23, 2026 Last Updated 14 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jul 2025 10.48 AM

പുകവലിച്ചിരിക്കുന്ന സാമൂഹികക്ഷേമ മന്ത്രി സഞ്ജയ് ഷീര്‍സത്ത് ; തൊട്ടടുത്തിരിക്കുന്ന ബാഗിലെന്താ പണമാണോയെന്ന് നെറ്റിസണ്‍മാര്‍

uploads/news/2025/07/790670/sanjay.jpg

മുംബൈ: പണം നിറച്ചതെന്ന് ആരോപിക്കപ്പെടുന്ന ബാഗിനു സമീപം പുകവലിച്ചിരിക്കുന്ന സാമൂഹികക്ഷേമ മന്ത്രി സഞ്ജയ് ഷീര്‍സത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, മഹാരാഷ്ട്ര സര്‍ക്കാര്‍ വീണ്ടും വിവാദക്കുരുക്കില്‍. 2019, 2024 നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ സ്വത്തിലുണ്ടായ വന്‍വര്‍ധന ചൂണ്ടിക്കാട്ടി ആദായനികുതി നോട്ടീസ് ലഭിച്ചെന്ന് മന്ത്രിതന്നെ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വൈറലായത്.

പ്രതിപക്ഷത്തുള്ള ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്താണ് ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. ''മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ ഓര്‍ത്ത് എനിക്കു സഹതാപം തോന്നുന്നു. സ്വന്തം വിശ്വാസ്യത കീറിയെറിയപ്പെടുന്നതിന് എത്ര തവണയാണ് അദ്ദേഹം സാക്ഷ്യം വഹിക്കുന്നത്? നിസ്സഹായതയുടെ പേരാണ് ഫട്‌നാവിസ്''- ദൃശ്യത്തിനൊപ്പമുള്ള കുറിപ്പില്‍ റാവുത്ത് പരിഹസിച്ചു.

ഭരണമുന്നണിയില്‍, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയുടെ പ്രതിനിധിയാണ് സഞ്ജയ് ഷീര്‍സത്ത്. അതേസമയം, തന്റെ അരികിലുണ്ടായിരുന്ന ബാഗില്‍ വസ്ത്രങ്ങളായിരുന്നെന്നും റാവുത്ത് ആരോപിക്കുന്നതുപോലെ പണമല്ലായിരുന്നെന്നും മന്ത്രി പ്രതികരിച്ചു. ''ചിലര്‍ എനിക്കെതിരേ ആദായനികുതിവകുപ്പിനു പരാതി നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് നോട്ടീസ് ലഭിച്ചു. നോട്ടീസിനു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ട്. ശരിയായ മറുപടിതന്നെ നല്‍കും. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല''- അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി ഷിന്‍ഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്‍ഡെയ്ക്കും ആദായനികുതി നോട്ടീസ് ലഭിച്ചെന്നു മന്ത്രി സഞ്ജയ് പറഞ്ഞെങ്കിലും വിവാദമായതോടെ നിഷേധിച്ചു. അത്തരം വിവരങ്ങളൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്നു മന്ത്രി പിന്നീട് പറഞ്ഞു.

കള്ളപ്പണം സംബന്ധിച്ച് മന്ത്രി സഞ്ജയ് അടുത്തിടെ ഒരു ചടങ്ങില്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. ''കള്ളപ്പണംകൊണ്ട് ഇപ്പോള്‍ പ്രയോജനമൊന്നുമില്ല. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. പണം സമ്പാദിക്കാന്‍ എളുപ്പമാണ്. അത് ഉപയോഗിക്കാനാണ് കൂടുതല്‍ ബുദ്ധിമുട്ട്'' എന്നായിരുന്നു സദസില്‍ ചിരിയുണര്‍ത്തി മന്ത്രിയുടെ വാക്കുകള്‍.

എന്നാല്‍, പ്രസംഗത്തില്‍ താന്‍ തമാശയ്ക്കുവേണ്ടി പറഞ്ഞതാണെന്നു മന്ത്രി പിന്നീട് വിശദീകരിച്ചു. ആരോപണവിധേയനായ മന്ത്രിക്കെതിരേ മുഖ്യമന്ത്രിയും ആദായനികുതിവകുപ്പും നടപടിയെടുക്കണമെന്നു ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ ആവശ്യപ്പെട്ടു.

Ads by Google
Saturday 12 Jul 2025 10.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW