-->
പൃഥ്വിരാജിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത് 2012ല്‍ റിലീസ് ചെയ്ത ചിത്രമാണ് അയാളും ഞാനും തമ്മില്‍. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തിലൂടെ മികച്ച സംവിധായകനുളള സംസ്ഥാന അവാര്‍ഡും ലാല്‍ജോസ് സ്വന്തമാക്കി.
അയാളും ഞാനും തമ്മില്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു സംഭവം തുറന്നുപറയുകയാണ് ലാല്‍ ജോസ്. ചിത്രത്തില്‍ പൃഥ്വിരാജും കലാഭവന്‍ മണിയും ഉള്‍പ്പെട്ട ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ നടന്ന കാര്യമാണ് ഒരഭിമുഖത്തില്‍ ലാല്‍ജോസ് വെളിപ്പെടുത്തിയത്.
സിനിമയില്‍ കലാഭവന്‍ മണി പൃഥ്വിരാജിന്റെ കാലില്‍ വീഴുന്ന ഒരു സീനുണ്ട്. ഇത് ചെയ്യുന്നതിന് മുന്‍പായി വളരെ ഡ്രാമാറ്റിക്കായിട്ടുള്ള ഒന്നായതു കൊണ്ട് ആ സീന്‍ വര്‍ക്കാകില്ലെന്നായിരുന്നു മണിയുടെ അഭിപ്രായം. പൃഥ്വിരാജിന്റെ കാലില്‍ വീഴുന്ന സീനില്‍ മണി അത്ര കണ്‍വിന്‍സ്ഡ് ആയിരുന്നില്ല. അന്ന് മണി പറഞ്ഞ കാരണം ന്യായമായിരുന്നു. 'കാലം മാറി, ന്യൂ ജനറേഷനാണ്, ഇത്തരം സീനുകളൊന്നും പുതിയ ആള്‍ക്കാരുടെ ഇടയില്‍ വര്‍ക്കാകില്ല' എന്നായിരുന്നു മണിയുടെ ന്യായം.
എന്നാല്‍ എന്റെ സിനിമയില്‍ എന്ത് വേണമെന്ന് ഞാനല്ലേ തീരുമാനിക്കുക എന്ന് മണിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം കണ്‍വിന്‍സായെന്നും ലാല്‍ ജോസ് പറഞ്ഞു. ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാല്‍ജോസ് മനസുതുറന്നത്. മികച്ച നടന്‍, സംവിധായകന്‍ വിഭാഗങ്ങളിലുള്‍പ്പെടെ നാല് സംസ്ഥാന അവാര്‍ഡുകളാണ് 2012ല്‍ പുറത്തിറങ്ങിയ അയാളും ഞാനും തമ്മില്‍ നേടിയത്. പൃഥ്വിരാജിനും കലാഭവന്‍ മണിക്കും പുറമെ പ്രതാപ് പോത്തന്‍, നരേന്‍, സംവൃത സുനില്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തി.