Friday, March 13, 2026 Last Updated 52 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 09.14 AM

പശ്ചാത്തലം അറിഞ്ഞില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് ; ചാരവൃത്തിക്ക് അറസ്റ്റിലായ വ്‌ളോഗര്‍ കേരള ടൂറിസം പ്രചാരണത്തിന്!

uploads/news/2025/07/789871/tourism.jpg

കൊച്ചി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ കുറ്റത്തിന് അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിന്റെ ടൂറിസം പുനരുജ്ജീവനത്തിനായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് സര്‍ക്കാരിന്റെ ക്ഷണപ്രകാരം.

കഴിഞ്ഞ ജനുവരിയിലാണ് ജ്യോതി കേരളത്തിലെത്തിയത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, ഷോപ്പിങ് മാളുകള്‍, മെട്രോ സ്‌റ്റേഷനുകള്‍ തുടങ്ങി പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നത് വന്‍സുരക്ഷാ വീഴചയായി. എന്നാല്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് പട്ടികയില്‍ ഉള്‍പ്പെടുത്തി 41 പേരെ ക്ഷണിച്ച കൂട്ടത്തിലാണ് ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെട്ടതെന്നും സര്‍ക്കാരിന് ഇവരുടെ പശ്ചാത്തലം അറിയില്ലായിരുന്നെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ജ്യോതി മല്‍ഹോത്രയ്ക്ക് ടൂറിസം വകുപ്പ് വേതനവും നല്‍കി. താമസം, ഭക്ഷണം യാത്ര എന്നിവ ഒരുക്കിയതും വകുപ്പ് തന്നെ. പ്രതിഫലമായി എത്ര തുക നല്‍കി എന്ന വിവരാവകാശ ചോദ്യത്തിന് ടൂറിസം വകുപ്പ് ഉത്തരം നല്‍കിയില്ല. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ഇവര്‍ തൃശൂര്‍ കുത്താമ്പുള്ളി നെയ്ത്തു ഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അതിരപ്പിള്ളി എന്നിവിടങ്ങളിലും എത്തി. ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, കോവളം, വര്‍ക്കല,ജഡായു പാറ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയെന്നാണ് വിവരം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര യുട്യൂബില്‍ മൂന്നു ലക്ഷത്തിലധികം ഫോളാവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സറാണ്. 'ട്രാവല്‍ വിത്ത് ജോ' എന്ന പേരില്‍ യുട്യൂബ് ചാനലുള്ള ഹരിയാന സ്വദേശിയായ ഇവര്‍, 2023 നുശേഷം പല തവണ പാകിസ്താന്‍ സന്ദര്‍ശിച്ചു.

പാകിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന് തെളിവുകളും ഇതിനകം പുറത്തുവന്നു. ചാരവൃത്തി നടത്തിയതിന് ഇന്ത്യ പുറത്താക്കിയ, പാകിസ്താന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ എഹ്‌സാനുര്‍ റഹിമുമായുള്ള സൗഹൃദമാണ് ഇവരെ പാക് ചാരസംഘടനയുമായി അടുപ്പിച്ചത്. ജ്യോതി കേരളത്തില്‍നിന്ന് പങ്കുവച്ച വീഡിയോകളില്‍ അരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു പ്രധാനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW