-->
യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന സിനിമ കണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച് ഡീന്‍ കുര്യാക്കോസ് എംപി.
''യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ടു. അധികം വൈകാതെ കേരളം ഒരു വൃദ്ധസദനം ആകും എന്ന് നമ്മള്‍ 'പരസ്പരം അടക്കം പറഞ്ഞിരുന്ന കാര്യം പൊതുമണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കിയ സിനിമ.
ഇതിനോടകം കഴിഞ്ഞ 10 വര്‍ഷത്തിനകം 46 ലക്ഷം ചെറുപ്പക്കാര്‍ വിദേശ രാജ്യങ്ങളില്‍ എത്തി എന്നത് എത്രയോ ഭീകരമാണ്.
'നിങ്ങള്‍ പോകുന്നിടത്ത് 50 വയസില്‍ കുറഞ്ഞ എത്ര പേര്‍ ഉണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് '
സിനിമയിലെ നായക കഥാപാത്രം മുഖ്യമന്ത്രിയോട് ചോദിക്കുന്നുണ്ട്. ഭരണാധികാരിളോടും, രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തോടുമുള്ള ചോദ്യമാണത്. വര്‍ത്തമാന കാലഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം ഇരുത്തി ചിന്തിക്കേണ്ട ഒരു പിടി വിഷയങ്ങള്‍ ഇക്കാര്യത്തിലുണ്ട്. സിനിമ ചര്‍ച്ച ചെയ്യുന്ന 3 പ്രധാന കാര്യങ്ങള്‍
1. കേരളത്തില്‍ തൊഴില്‍ സാധ്യതകള്‍ ഇല്ലാത്തതിനാല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ ക്രമാധീതമായ ഒഴുക്ക്.
2. ഇങ്ങനെ വിദേശ രാജ്യങ്ങളില്‍ എത്തിയവര്‍ അനുഭവിക്കുന്ന സമാനതകള്‍ ഇല്ലാത്ത പീഢനം.
3. കേരളത്തില്‍ ഉള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തുനിഞ്ഞിറങ്ങുന്ന ചെറുപ്പക്കാരുടെ ആത്മവിശ്വാസം തകര്‍ത്ത് ഇല്ലാതെയാക്കുന്ന കേരളത്തിന്റെ വെറുപ്പിക്കുന്ന പശ്ചാത്തലം.
ഈ മൂന്നു കാര്യത്തിലും അടിയന്തിരമായ പരിഹാരം ആവശ്യമാണ്.കേരളമൊന്നാകെ ഒരുമിച്ച് നിന്ന് കൊണ്ട് ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കേണ്ടതാണ്.ഞാനടക്കമുള്ള ജനപ്രിതിനിധികളും, രാഷ്ട്രീയ നേതൃത്വവും തീര്‍ച്ചയായും ചെയേണ്ട കാര്യ ങ്ങള്‍ ചെയ്യണ്ടതാണ് എന്ന ഉത്തമ ബോധ്യത്തില്‍ തന്നെ കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച ആശങ്ക മനോഹരമായ നിലയില്‍ അവതരിപ്പിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരായിരം ആശംസകള്‍ നേരുന്നു. സംവിധായകന്‍ അരുണ്‍ വൈഗ, മുഖ്യ കഥാപാത്രം അവതരിപ്പിച്ച ജോണി ആന്റണി, നിര്‍മ്മാതാവ് അലക്‌സ് മാത്യു എന്നിവരെ നേരില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.തീര്‍ച്ചയായും വിജയിക്കണ്ട ഈ സിനിമക്ക് എല്ലാ ആശംസകളും നേരുന്നു'', എന്നാണ് ഡീന്‍ കുര്യാക്കോസ് എംപി ഫേസ്ബുക്കില്‍ കുറിച്ചത്.
രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസ്, പൂയപ്പളളി ഫിലിംസ് എന്നീ ബാനറുകളില്‍ ആന്‍, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം മെയ് 23ന് ആണ് തിയേറ്ററുകളിലെത്തിയത്.