Saturday, March 14, 2026 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 08.46 AM

എഡിസണ് വിനയായത് ചാറ്റിംഗ് ; ഡാര്‍ക്ക് വെബ് വഴി മയക്കുമരുന്ന് കടത്ത്; എന്‍.സി.ബി. ഇന്റര്‍പോളിന്റെ സഹായം തേടും

uploads/news/2025/07/789522/edison.jpg

കൊച്ചി: ഡാര്‍ക്ക് വെബ് വഴി മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്റര്‍പോളിന്റെ സഹായം തേടും. വിദേശത്തുനിന്ന് മയക്കുമരുന്നു പാഴ്‌സല്‍ വന്ന സാഹചര്യത്തിലാണിത്. വിദേശത്തു നിന്ന് എല്‍.എസ്.ഡി, കെറ്റാമൈന്‍ എന്നിവ ശേഖരിക്കുന്നതിനും വില്‍ക്കുന്നതിനും അറസ്റ്റിലായ എഡിസണ്‍ മോണോറോ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചതായി എന്‍.സി.ബി. കണ്ടെത്തി.

ഭീകര സംഘടനകളും രാജ്യാന്തര മയക്കുമരുന്ന് സിന്‍ഡിക്കേറ്റുകളും പണം കൈമാറുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്ന കണ്ടെത്താനാകാത്ത ക്രിപ്‌റ്റോകറന്‍സിയാണ് മോണോറോ. ബിറ്റ്‌കോയിനില്‍ നിന്ന് വ്യത്യസ്തമായി, ഇത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഒന്നാംപ്രതി എഡിസന് കെണിയായത് ഡാര്‍ക്ക് വെബിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇടപാടുകാരുമായി നിരന്തരം നടത്തിയ ചാറ്റുകളാണ്. ഏതാനും മാസങ്ങളായി എന്‍.സി.ബി. ഇയാളുടെ മൊബൈലില്‍ ചാറ്റിംഗില്‍ നുഴഞ്ഞുകയറി നിരിക്ഷിച്ചു വരികയായിരുന്നു. റാന്‍ഡം പരിശോധനയിലാണു എന്‍.സി.ബിയുടെ ശ്രദ്ധ എഡിസനില്‍ പതിയുന്നത്. വിദേശകോളുകാരെയായിരുന്നു ഇത്തരത്തില്‍ നിരീക്ഷിച്ചിരുന്നത്.

അതേസമയം ഡാര്ക്ക് വെബ് ഉപയോഗിച്ചുള്ള ലഹരി ഇടപാടുകള്‍ നഗരത്തില്‍ വര്‍ധിച്ചുവരുന്നത് പോലീസിന് തലവേദനയാകുകയാണ്. സീരിയല്‍ നടി അനിഘയും മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനും ഉള്‍പ്പെട്ട ലഹരി സംഘവും ഡാര്‍ക്ക് വെബ്ബ് വഴിയാണ് ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നത്. ഫോറിന്‍പോസ്റ്റ് ഓഫീസ് വഴി എത്തിക്കുന്ന വിലയേറിയ ലഹരിമരുന്നുകള്‍ ബിറ്റ് കോയിനുകള്‍ ഉപയോഗിച്ചാണ് വിദേശത്തെ ഇടപാടുകാരില്‍നിന്ന് വാങ്ങുന്നത്. ചുരുങ്ങിയ തുകയ്ക്ക് വാങ്ങുന്ന ലഹരി മരുന്നുകള്‍ വന്‍തുകയ്ക്കാണ് നഗരത്തിലെ ആവശ്യക്കാര്‍ക്ക് വിറ്റഴിക്കുന്നത്. സാധാരണ സെര്‍ച്ച് എന്‍ജിനുകളിലൂടെ കാണാന്‍കഴിയാത്ത സൈറ്റുകളുടെ കൂട്ടമാണ് ഡാര്‍ക്ക് വെബ്.

പ്രത്യേക സെര്‍ച്ച് എന്‍ജിനുകളിലൂടെയാണ് ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ കഴിയുക. നഗരത്തിനുള്ളില്‍ തന്നെ ഡാര്‍ക്ക് വെബ് വഴി ലഹരിവില്‍പ്പന നടത്തുന്ന സംഘങ്ങളുമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഉപയോക്താവിന്റെ ഇന്റര്‍നെറ്റ് അഡ്രസ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇത്തരം കുറ്റവാളികളെ പിടികൂടുക എളുപ്പമല്ല. കൊറിയര്‍ സ്ഥാപനങ്ങളിലും പോസ്റ്റ് ഓഫീസുകളിലുമെത്തുന്ന മയക്കുമരുന്നുകള്‍ ഉള്‍പ്പെട്ട കവറുകള്‍ പിടികൂടുമ്പോള്‍ മാത്രമാണ് ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്.

ഡാര്‍ക്ക് വെബിലൂടെയുള്ള ഇടപാടുകളായതിനാല്‍ ബിറ്റ്‌കോയിനുകളാണ് മയക്കുമരുന്നു സംഘങ്ങള്‍ ഉപയോഗിക്കുന്നത്. പലപ്പോഴും സൈബര്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ബിറ്റ്‌കോയിനുകള്‍ സമ്പാദിക്കുന്നതും. സ്ത്രീകളുടെ നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതും വന്‍കിട കമ്പനികളുടെ വിവരങ്ങളള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നതും ഇത്തരം സംഘങ്ങളുടെ പതിവാണ്.

Ads by Google
Saturday 05 Jul 2025 08.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW