-->
പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ പേരില്‍ മന്ത്രി വീണാ ജോര്‍ജ് സ്വന്തം ജില്ലയില്‍, സ്വന്തം പാര്‍ട്ടിക്കാരില്‍നിന്ന് ഏറ്റുവാങ്ങുന്നതു നിശിത വിമര്‍ശനം. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ സാമൂഹിക മാധ്യമ കുറിപ്പുകള്‍ മന്ത്രിക്കെതിരായ ട്രോളുകളായി വൈറലാകുന്നു.
ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം പി.ജെ. ജോണ്‍സണാണ് ആദ്യ വെടിപൊട്ടിച്ചത്. സി.പി.എം. ഓതറ ലോക്കല്‍ കമ്മിറ്റിയംഗവും സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ രാഹുല്‍രാജ്, ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയംഗം അഡ്വ. എന്‍. രാജീവ് എന്നിവര്‍ രൂക്ഷവിമര്‍ശനവുമായി പിന്നാലെയെത്തി. ഇതിനിടെ, സി.പി.എം. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഷെയര്‍ ചെയ്ത, ഒന്നര വര്‍ഷം പഴക്കമുള്ള, റീല്‍ മന്ത്രിക്കുള്ള പരോക്ഷ വിമര്‍ശനമാണെന്ന് ആക്ഷേപമുയര്‍ന്നു. എന്നാല്‍, അതു താന്‍ കൗതുകം തോന്നി ഷെയര്‍ ചെയ്തതാണെന്നും ആര്‍ക്കും എതിരല്ലെന്നും രാജു ഏബ്രഹാം വ്യക്തമാക്കി. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായതിനു മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് സി.പി.എം. പ്രവര്‍ത്തകരയെടക്കം പ്രകോപിപ്പിച്ചത്.
* 'മന്ത്രി പോയിട്ട് എം.എല്‍.എയായി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുത്' എന്നുമാണ് പി.ജെ. ജോണ്‍സന്റെ പോസ്റ്റ്. എസ്.എഫ്.ഐ. മുന്‍ ജില്ലാ പ്രസിഡന്റായ ജോണ്‍സണ്‍ ഇടക്കാലത്തു പാര്‍ട്ടിയില്‍നിന്ന് അകന്നെങ്കിലും വീണ്ടും സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചു ലോക്കല്‍ കമ്മിറ്റിയംഗമായി. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരിക്കെ പോലീസില്‍നിന്നും രാഷ്ട്രീയ എതിരാളികളില്‍നിന്നും നിരവധി തവണ മര്‍ദ്ദനമേറ്റുവാങ്ങിയിട്ടുള്ള ആളാണ് അദ്ദേഹം.
* സസ്‌പെന്‍ഷനിലുള്ള പത്തനംതിട്ട സി.ഡബ്ല്യു.സി. ചെയര്‍മാന്‍ അഡ്വ: എന്‍. രാജീവാണ് ആരോഗ്യമന്ത്രിയെ പരിഹസിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട മറ്റൊരാള്‍. 'കുട്ടിയായിരിക്കെ താന്‍ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടില്‍ ഇരിക്കുമായിരുന്നു, അങ്ങനെ താന്‍ പരീക്ഷകളില്‍നിന്നു രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളില്‍നിന്നും' എന്നാണ് രാജീവിന്റെ പരിഹാസം. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു രാജീവ് പരിഹസിച്ചത്. പോക്‌സോ കേസ് പ്രതിയായ ഹൈക്കോടതി അഭിഭാഷകനുവേണ്ടി അട്ടിമറി നടത്താനും അതീജീവതയെ സ്വാധീനിക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ രാജീവിനെ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തത്. വൈരാഗ്യംമൂലം മന്ത്രി ഇടപെട്ട് അദ്ദേഹത്തെ ഈ സംഭവത്തിലേക്കു വലിച്ചിഴച്ചുവെന്നാണ് ആക്ഷേപം. സി.പി.എം. ജില്ലാ നേതൃത്വമടക്കം സസ്‌പെന്‍ഷനില്‍ അതൃപ്തരാണ്.
* 'വീണാ മാഡം (സഖാവേ എന്നു വിളിക്കാന്‍ പറ്റില്ലല്ലോ) താഴേത്തട്ടില്‍ പാര്‍ട്ടിക്കു വേണ്ടി പണിയെടുക്കുന്ന ഒരു പാട് പേരുടെ പ്രതിനിധി ആയി നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പേരിലുള്ള വിയോജനം രേഖപ്പെടുത്തുന്നു'വെന്നാണു സി.പി.എം. ഓതറ ലോക്കല്‍ കമ്മിറ്റിയംഗവും സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ രാഹുല്‍ രാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'സി.ഡബ്ല്യ.സി. ഉത്തരവാദിത്വം കൂടിയുള്ള മന്ത്രി എന്ന നിലയില്‍ സത്യം പുറത്തുവരുന്നതു വരെ കാത്തിരിക്കാം' എന്നു പോസ്റ്റ് തുടരുന്നു.
* കഴിഞ്ഞ മൂന്നിനു വൈകിട്ടാണ് സി.പി.എം. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഒരു റീല്‍ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫെലില്‍ പങ്കുവച്ചത്. ഒന്നരവര്‍ഷം മുമ്പ് ഗവര്‍ണര്‍ക്കെതിരേ നടന്ന സമരത്തില്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയ തൃശൂരിലെ എസ്.എഫ്.ഐ. നേതാവ് സാന്ദ്ര ബോസിനെ പുകഴ്ത്തിയുള്ള വീഡിയോയിലെ വാചകങ്ങള്‍ പരോക്ഷമായി മന്ത്രിക്കുള്ള 'കൊട്ടാ'യി വിലയിരുത്തപ്പെട്ടു.