-->
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മന്ത്രി വീട്ടിലെത്തിയത്. ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി താത്ക്കാലിക ധനസഹായമായ അന്‍പതിനായിരം രൂപയുടെ ചെക്ക് കൈമാറി. ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ മന്ത്രിമാരായ വീണാ ജോര്‍ജിനും വി എന്‍ വാസവനുമെതിരെ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
അടുത്ത മന്ത്രിസഭായോഗത്തിൽ കുടുംബത്തിനുള്ള ധനസഹായം പ്രഖ്യാപിക്കും. ബിന്ദുവിന്റെ മകൾ നവമി അപ്പോളോ ആശുപത്രിയിലെ നാലാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയാണ്. അവിടെയുണ്ടായ അപകടത്തെ തുടർന്നു കോട്ടയം മെഡിൽ കോളജിൽ ചികിത്സയിലായിരുന്നു. ചികിത്സ സർക്കാർ ഏറ്റെടുക്കും. ബിന്ദുവിന്റെ മകന് മെഡിക്കൽ കോളജിൽ താൽക്കാലിക ജോലി നൽകും. സ്ഥിര ജോലി സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടെന്നും മന്ത്രി പറഞ്ഞു..
ഇന്നലെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദാരുണമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വാര്‍ഡിന് സമീപത്തെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍.
അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.