-->
മലയാളികള്‍ എത്ര കണ്ടാലും മടുക്കാത്ത സിനിമകളുടെ ലിസ്റ്റില്‍ ആദ്യം തന്നെ കാണും ദിലീപ് നായകനായി 2003ല്‍ പുറത്തിറങ്ങിയ സിഐഡി മൂസ. ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ്, ഹരീശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ജഗതി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സലിം കുമാര്‍, ഭാവന, സുകുമാരി,ക്യാപ്റ്റന്‍ രാജു തുടങ്ങി വന്‍ താരനിരതന്നെ ഉണ്ടായിരുന്നു. ഇന്നും ടെലിവിഷന്‍ ചാനലില്‍ സിഐഡി മൂസ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആസ്വദിക്കുന്നവരാണ് ഭൂരിഭാഗം പേരും.
ഇന്നിതാ സിനിമ റിലീസ് ചെയ്തിട്ട് 22 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ജോണി ആന്റണി. '' ഇന്ന് CID മൂസയ്ക്കും ഞാന്‍ എന്ന സംവിധായകനും 22 വയസ്സ് തികയുകയാണ്. ഒരു സ്വതന്ത്ര സംവിധായകന്‍ എന്ന നിലയില്‍ ഈ സിനിമയിലേക്ക് എന്നെ എത്തിച്ചവര്‍ക്കും, എന്നോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കും മുന്നോട്ട് പോകാന്‍ പിന്തുണച്ചവര്‍ക്കും എല്ലാവര്‍ക്കും നന്ദി നന്ദി നന്ദി'', എന്നായിരുന്നു ജോണി ആന്റണി കുറിച്ചത്.
നിരവധി പേരാണ് ജോണി ആന്റണിയുടെ പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തുന്നത്. സിഐഡി മൂസ 2 അല്ലെങ്കില്‍ റി റിലീസ് വേണമെന്ന് ആവശ്യപ്പെട്ടും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവര്‍ ചേര്‍ന്നാണ്. ഗിരീഷ് പുത്തഞ്ചേരി, നാദിര്‍ഷാ എന്നിവര്‍ എഴുതിയ ഇതിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് വിദ്യാസാഗര്‍ ആണ്.