-->
ധനുഷിനെ നായകനാക്കി ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത എറ്റവും പുതിയ ചിത്രമാണ് കുബേര. അടുത്തിടെ റിലീസ് ചെയ്ത ചിത്രം നൂറ് കോടി ക്ലബില്‍ എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തിന് തമിഴ്‌നാട്ടിലും കേരളത്തിലും അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ധനുഷ് നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രഷ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ തെലുങ്ക് താരം നാ?ഗാര്‍ജുനയും പ്രധാന റോളില്‍ എത്തുന്നു.
ധനുഷിന് മുന്‍പ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത് വിജയ് ദേവരകൊണ്ടയെ ആയിരുന്നു. ധനുഷ് അവതരിപ്പിച്ച 'ദേവ' എന്ന ഭിക്ഷക്കാരന്റെ വേഷം ചെയ്യാനാണ് വിജയ് ദേവരകൊണ്ടയെ സംവിധായകന്‍ സമീപിച്ചത്. എന്നാല്‍, 'ലൈഗര്‍' എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം, വീണ്ടും ഒരു ദരിദ്ര വേഷം ചെയ്യുന്നത് ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതി വിജയ് ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. അതേസമയം വിജയ് ഈ വേഷം വേണ്ടെന്നുവച്ചത് നന്നായെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.
ധനുഷ് ഗംഭീരമാക്കിയ പോലെ ആ വേഷം വിജയ് ദേവരകൊണ്ടയ്ക്ക് ചെയ്യാന്‍ പറ്റില്ലെന്നും, ഓഫര്‍ നിരസിച്ചത് നന്നായി എന്നുമാണ് ചില ആരാധകര്‍ കമന്റിട്ടത്. തെലുങ്കിലും തമിഴിലുമായിട്ടാണ് അണിയറക്കാര്‍ കുബേര ഒരുക്കിയത്. എന്നാല്‍ തെലുങ്കില്‍ സ്വീകരിക്കപ്പെട്ടിട്ടും തമിഴ് പ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കാത്തത് അണിയറക്കാറെ ഞെട്ടിച്ചു.
പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ടാണ് കുബേര 100 കോടി പിന്നിട്ടത്. ആഗോള തലത്തില്‍ ചിത്രം 124.60 കോടി രൂപയിലധികം ഗ്രോസ് കളക്ഷന്‍ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം ഇതുവരെ 30.80 കോടിയോളം നേടി. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിച്ചത്.