Sunday, March 15, 2026 Last Updated 24 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jul 2025 07.34 PM

"പ്രിയൻ ചേട്ടന്റെ മുറിയിൽ സോഡയും ടെച്ചിങ്‌സുമൊക്കെ എത്തിക്കുന്ന ബാർമാൻ ഞാനായിരുന്നു; പാറക്കെട്ടുകള്‍ക്കിടയിലുള്ള കാട്ടരുവിയിൽ ലാലേട്ടൻ കുളിച്ചിട്ടുണ്ട്..." തേന്മാവിൻ കൊമ്പത്തിന്റെ അനുഭവങ്ങൾ പങ്കിട്ട് നന്ദു

uploads/news/2025/07/789094/1000497368.jpg
Nandhu shares his shooting memories of thenmavin kombathu (Image Source: Youtube)

മലയാളത്തിലെ നിത്യഹരിത ക്ലാസ്സിക്‌ പ്രണയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്‌. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും ശോഭനയും നായിക നായകന്മാരായി തകർത്തഭിനയിച്ച ഏ സിനിമയിലെ ഓരോ സീനുകളും സംഭാഷണങ്ങളും ഗാനങ്ങളും ഇന്നും പ്രേക്ഷകർ നെഞ്ചോടു ചേർക്കുന്നതാണ്.
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയുടെ മനോഹരമായ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയത്‌.
ഈ സിനിമയിൽ ചെറിയ വേഷങ്ങളടക്കം ചെയ്ത പലരും ശ്രദ്ധിക്കപ്പെട്ടതാണ്. പ്രിയദർശൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നന്ദലാല്‍ കൃഷ്‌ണമൂർത്തിയും ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു.
ഇപ്പോഴിതാ തേന്മാവിൻ കൊമ്പ ത്തിന്റെ ഷൂട്ടിങ് സ്ഥലത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നന്ദു. ചിത്രത്തില്‍ മോഹൻലാല്‍, പ്രിയദർശൻ എന്നിവർക്കൊപ്പമുള്ള അനുഭവങ്ങളും പൊള്ളാച്ചിയിലെ ഹോട്ടലില്‍ പ്രിയദർശന് ഒപ്പം താമസിച്ചപ്പോള്‍ ഉണ്ടായ രസകരമായ അനുഭവങ്ങളും മോഹൻലാലിനൊപ്പമുള്ള അനുഭവങ്ങളും താരം പങ്കിടുന്നുണ്ട്.
"തേന്മാവിൻ കൊമ്പത്ത് സിനിമയുടെ ഷൂട്ട് പൊള്ളാച്ചിയിലാണ് നടക്കുന്നത്. ഞാൻ അങ്ങനെ അവിടെയുള്ള ശക്തി ഹോട്ടലിന് മുന്നില്‍ എത്തി. അവിടെയാണ് എല്ലാവരും താമസിക്കുന്നത്. കുറച്ച്‌ കഴിഞ്ഞപ്പോള്‍ പ്രൊഡക്ഷൻ കണ്‍ട്രോളർ സച്ചിയേട്ടൻ വന്നു. അദ്ദേഹം പറഞ്ഞു ഇവിടെ റൂമില്ല. അപ്പുറത്തുള്ള മണീസ് ലോഡ്‌ജില്‍ മുറി ശരിയാക്കാം. ആരെങ്കിലും വരുമ്പോൾ ഒരു വണ്ടി വിട്ടുതരാൻ അവിടേക്ക് എന്ന് പറഞ്ഞു.
എനിക്ക് വല്ലാത്ത സങ്കടമായി. കാരണം ബാക്കിയുള്ളവർ എല്ലാവരും ഇവിടെയാണ്. ഞാൻ മാത്രം ഒറ്റയ്ക്ക് അവിടെ നില്‍ക്കണം. അപ്പോഴാണ് കാറില്‍ പ്രിയൻ ചേട്ടൻ വന്നിറങ്ങുന്നത്. എന്നെ കണ്ടപ്പോള്‍ ചോദിച്ചു, നീയെപ്പോള്‍ എത്തിയെന്ന്. റൂമിന്റെ കാര്യം പറഞ്ഞപ്പോള്‍ പുള്ളി എന്നോട് ചോദിച്ചു, ഇവിടെ റൂമില്ലെന്ന് ആരാണ് പറഞ്ഞതെന്ന്. എന്നോട് പുള്ളിയുടെ റൂമിലേക്ക് പോവാൻ പറഞ്ഞു. പിന്നീട് ഷൂട്ട് തീരുന്നത് വരെ ആ മുറിയിലാണ് ഞാൻ കിടന്നത്.
ആ ശക്തി ഹോട്ടലില്‍ ആകെ മൂന്ന് സ്യൂട്ട് റൂം മാത്രമേ ഉള്ളു. അതില്‍ ഒന്നില്‍ ലാലേട്ടൻ, മറ്റൊന്നില്‍ ശോഭന, മറ്റൊന്നില്‍ സത്യരാജ് ഒരു തമിഴ് പടത്തിന് വേണ്ടി അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. നാലാമത് എസി ഉള്ള ഒരേ ഒരു റൂം പ്രിയൻ ചേട്ടന്റേത് ആയിരുന്നു. എന്നെ ഓരോരുത്തർ കാണുമ്പോൾ പറയും, നീ ഇങ്ങനെ എസിയില്‍ സുഖിച്ചു കിടക്കുകയാണ് അല്ലേ എന്ന്.
എല്ലാ ദിവസവും ഞാൻ അഞ്ച് മണിയ്ക്ക് എഴുന്നേല്‍ക്കും. റെഡിയായി ഒക്കെ സെറ്റായാല്‍ പ്രിയൻ ചേട്ടനെ വിളിക്കും. എന്നിട്ട് ഒരു ആറര ഒക്കെ ആവുമ്പോൾ ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങും. അങ്ങനെയായിരുന്നു അവിടെ ഷൂട്ട് ഒക്കെ. മുദ്ദുഗൗ എന്നുള്ള സീക്വൻസ് ഒക്കെ ഷൂട്ട് ചെയ്‌തത് പതിനഞ്ചോ പതിനാറോ ദിവസം കൊണ്ടായിരുന്നു.
അത് കഴിഞ്ഞ് സേത്ത്പട എന്നുള്ള വീട്ടിലേക്ക് ചെല്ലും, അതായിരുന്നു വേണു ചേട്ടന്റെയും പൊന്നമ്മ ചേച്ചിയുടെയും വീടായി കാണിച്ചത്.
എന്നെ പ്രിയൻ ചേട്ടൻ റൂമിലേക്ക് കൊണ്ട് വരാൻ വേറെയൊരു കാരണം കൂടിയുണ്ടായിരുന്നു. വൈകീട്ട് ആയാല്‍ അവിടെ ഒരു ചെറിയ മദ്യസഭ ഒക്കെ ഉണ്ടായിരുന്നു. അതിലെ ബാർമാൻ ഞാനായിരുന്നു. അവർക്ക് വേണ്ട സോഡയും ടെച്ചിങ്‌സും ഒക്കെ റെഡിയാക്കി വച്ചിട്ടാണ് അവരെ വിളിക്കുക. അതുകൊണ്ട് കൂടിയാണ് എന്നെ റൂമിലേക്ക് വിളിപ്പിച്ചത്.
രാവിലെ കാളച്ചന്ത ഷൂട്ട് ചെയ്യുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. തൊട്ടപ്പുറത്ത് ഒരു കാടായിരുന്നു. ഒരു ആളും മനുഷ്യനും ഒന്നുമില്ലാത്ത സ്ഥലം. അതിന്റെ ഉള്ളില്‍ കാട്ടരുവി ഉണ്ടായിരുന്നു. പാറക്കെട്ടുകള്‍ക്ക് ഇടയിലൂടെ വരുന്ന വെള്ളം.
അങ്ങനെ ലാലേട്ടൻ ഒരു ദിവസം അതില്‍ ഇറങ്ങി കുളിക്കാൻ ഇറങ്ങി, പിന്നെ ഞാനും വേണു ചേട്ടനും ലാലേട്ടനും ഒക്കെ അത് സ്ഥിരമാക്കി. അങ്ങനെയുള്ള കാലമൊക്കെ ഇനി തിരിച്ചുവരുമോ എന്നറിയില്ല... " നന്ദു പറഞ്ഞു. നന്ദുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. തിമ്മയ്യൻ എന്ന കഥാപാത്രമായാണ് നന്ദു ഈ സിനിമയില്‍ അഭിനയിച്ചത്.

Ads by Google
Wednesday 02 Jul 2025 07.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW