-->
മുംബൈ: വിദ്യാര്‍ഥിയെന്ന വ്യാജേന ബോംബെ ഐ.ഐ.ടി. ക്യാമ്പസില്‍ കറങ്ങിനടന്ന യുവാവിനെ ഇന്റലിജന്‍സ് ബ്യൂറോയും തീവ്രവാദ വിരുദ്ധ ഏജന്‍സികളും ചോദ്യംചെയ്യും. ഗുജറാത്തിലെ സൂറത്ത് സ്വദേശി ബിലാല്‍ അഹമ്മദ് തേലി(22)യെയാണ് കഴിഞ്ഞ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈ മാസം 7 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 26-ന് ക്യാമ്പസിലെ ഒരു സോഫയില്‍ കിടന്ന് ബിലാല്‍ ഉറങ്ങുന്നത് ഐ.ഐ.ടിയിലെ ജീവനക്കാരന്‍ കണ്ടതോടെയാണ് സംഭവം പുറത്തുവന്നത്. ആരാണെന്നു ജീവനക്കാരന്‍ ചോദിച്ചതോടെ മറുപടി നല്‍കാതെ ബിലാല്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച തോടെയാണ് ഇയാള്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ഥിയല്ലെന്നും കുറച്ചുദിവസങ്ങളായി ക്യാമ്പസില്‍ കറങ്ങിനടക്കുകയാണെന്നും സുരക്ഷാഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഐ.ഐ.ടി. അധികൃതരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബിലാല്‍ അറസ്റ്റിലായത്.
സ്വയം പിഎച്ച്.ഡി വിദ്യാര്‍ഥിയാണെന്നു പരിചയപ്പെടുത്തിയ ബിലാല്‍, വ്യാജപ്രവേശനരേഖകള്‍ മറ്റുള്ളവരെ കാണിക്കുകയും ചെയ്തിരുന്നു. ഹോസ്റ്റലു കളിലെ സോഫകളിലാണ് ഇയാള്‍ ഈ ദിവസങ്ങളില്‍ ഉറങ്ങിയിരുന്നത്. ക്യാമ്പസിലെ കോഫീഷോപ്പുകളിലെ നിത്യസന്ദര്‍ശകനായിരുന്ന ഇയാള്‍ ഐ.ഐ.ടിയിലെ നിരവധി പ്രഭാഷണങ്ങളിലും സെമിനാറുകളിലും പങ്കെടുക്കുകയും ചെയ്തതായി മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും ഒരു മാസം ഐ.ഐ.ടി. ക്യാമ്പസില്‍ താമസിച്ചിരുന്നതായി ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഇയാളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തെങ്കിലും പല വിവരങ്ങളും നശിപ്പിച്ചതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഫോണ്‍ സൈബര്‍ ലാബിലേക്ക് അയച്ചു. ക്യാമ്പസിന്റെ വീഡിയോ ഇയാള്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ആരുമായും അത് പങ്കുവച്ചിട്ടില്ല. 21 ഇ-മെയില്‍ ഐഡികള്‍ ഇയാള്‍ സൃഷ്ടിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തനിക്ക് നിരവധി ബ്ലോഗുകളുണ്ടെന്നും അതിന്റെ ആവശ്യത്തിനായാണ് ഇത്രയും ഇ-മെയില്‍ ഐഡികള്‍ ഉണ്ടാക്കിയതെന്നുമാണ് ബിലാലിന്റെ വിശദീകരണം.
കൂടുതല്‍ പണം സമ്പാദിക്കാനായി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആകണമെന്നതാണ് തന്റെ ആഗ്രഹമെന്നും ബിലാല്‍ വെളിപ്പെടുത്തി. സൂറത്തിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ ബിലാലിന്റെ പ്രതിമാസ വരുമാനം 1.25 ലക്ഷം രൂപയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐടിയില്‍ അതീവ താല്പര്യമുള്ള ഇയാള്‍, പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റില്‍ ആറ് മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി. വെബ് ഡിസൈനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമയും ബിലാല്‍ നേടിയിട്ടുണ്ട്. ഇയാളുടെ പിതാവിന് വസ്ത്ര വ്യാപാരിയാണെന്നാണ് റിപ്പോര്‍ട്ട്. 2024-ല്‍ ബഹ്‌റൈനിലേക്കും അതിനുമുമ്പ് ദുബായിയിലേക്കും യാത്രചെയ്തതായും സൂചനയുണ്ട്.