-->
തിരുവനന്തപുരം: മെഡിക്കല്‍കോളേജിലെ പ്രതിസന്ധികള്‍ സംബന്ധിച്ച് പ്രതിപക്ഷത്തിന് വിമര്‍ശനവുമായി ദേശാഭിമാനി ദിനപ്പത്രം. കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞതിന്റെ തുടര്‍ച്ചയായിട്ടാണ് എഡിറ്റോറിയല്‍ ലേഖനവും. 'തിരുത്തലല്ല തകര്‍ക്കല്‍' എന്ന തലക്കെട്ടില്‍ ഡോ.ഹാരീസിന്റെ വിമര്‍ശനത്തില്‍ ഊന്നി ആരോഗ്യമേഖല ഒന്നടങ്കം കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന വിമര്‍ശനമാണ് നടത്തുന്നത്. തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പത്രം വിമര്‍ശിച്ചിട്ടുണ്ട്.
ഡോ.ഹാരീസിനെ കാര്യമായി വിമര്‍ശിക്കാതെ വിഷയത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ പ്രതിപക്ഷത്തിനാണ് വിമര്‍ശനം. സര്‍ജറിക്ക് ആവശ്യമായ ചില ഉപകരണങ്ങളുടെ അഭാവം അടിയന്തരമായി പരിഹരിക്കണം, അവ ലഭ്യമാക്കുന്നതിനുള്ള സാങ്കേതികവും ഉദ്യോഗസ്ഥതലത്തിലുമുള്ള അമാന്തം ഇല്ലാതാക്കണം ഇതാണ് അദ്ദേഹം പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. അത് തെറ്റിദ്ധാരണ പരത്തിയെങ്കിലും ആരോഗ്യവകുപ്പ് അപ്പോള്‍ തന്നെ ഇടപെട്ടെന്നും മാര്‍ച്ചില്‍ തന്നെ ഓര്‍ഡര്‍ നല്‍കിയിരുന്ന ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിക്കുകയും ചെയ്തു.
ഒറ്റപ്പെട്ട പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കണ്ടെന്നും പരിഹരിച്ചെന്നും ആവര്‍ത്തിക്കാതിരിക്കാനുള്ള സത്വര നടപടികലേക്കും കടന്നെന്നും വ്യക്തമാക്കുന്ന പത്രം ഇന്ത്യയില്‍ തന്നെ ഒന്നാമതുള്ള കേരളത്തിന്റെ പൊതുജനാരോഗ്യമേഖല ഒന്നാലെ തകര്‍ന്നെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പറയുന്നു. പിഴവ് ചൂണ്ടിക്കാണിക്കുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും മനസ്സിലാക്കാം. എന്നാല്‍ ഒരു പോരായ്മയുടെ പേരില്‍ മുഴൂവന്‍ സംവിധാനത്തെയും കുറ്റം പറയുന്നതിനെ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
ലോകം മുഴുവന്‍ പ്രശംസിക്കുന്ന കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ എന്തുകൊണ്ടാണ് ഒരവസരമുണ്ടാക്കി ഇത്ര ഉശിരോടെ അപഹസി ക്കുന്നത്. ഇത്ര മികവോടെ ആരോഗ്യമേഖല മുന്നോട്ട് പോകരുതെന്ന ദുഷ്ടലാക്കാണ് പിന്നിലെന്നും പറയുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ കലുഷിത മാക്കാന്‍ സൂംബ നൃത്തത്തിന്റെ പേരില്‍ തീവ്ര വര്‍ഗീയവാദികളെ ഇളക്കിവിടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ജാള്യം മനസ്സിലാക്കാം. അതിന്റെ പേരില്‍ പാവപ്പെട്ട രോഗികളുടെ നെഞ്ചത്തേക്ക് കയറാനാണോ ഭാവം. എങ്കില്‍, അതെല്ലാം കാണാനും പ്രതികരിക്കാനും ഇവിടെ ജനങ്ങളുണ്ട് എന്നത് ആരും മറക്കരുത് എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.