Tuesday, March 24, 2026 Last Updated 24 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 01.43 PM

തൊഴിലാളികള്‍ ഒന്നും അറിഞ്ഞില്ല രായ്ക്കു രാമാനം പൂട്ടി ; കരിക്കിനേത്ത് സില്‍ക്ക് ഗലേറിയ പൂട്ടി കിട്ടിയ സാധനങ്ങളുമെടുത്ത് ഉടമ മുങ്ങി

uploads/news/2025/07/788873/karikkineth.jpg

അടൂര്‍: കരിക്കിനേത്ത് സില്‍ക്ക് ഗലേറിയ ആരുമറിയാതെ രായ്ക്കു രാമാനം പൂട്ടി. സാധനങ്ങളുമെടുത്ത് ഉടമ മുങ്ങി. ജോലിക്കു വന്ന ജീവനക്കാര്‍ കട അടഞ്ഞുകിടക്കുന്നതു കണ്ട് അന്വേഷിച്ചപ്പോഴാണ് പൂട്ടിയ കാര്യം അറിയുന്നത്.

പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സ്‌റ്റൈല്‍സില്‍ കാഷ്യര്‍ ബിജു പി. ജോസഫിനെ മര്‍ദിച്ചുകൊന്ന കേസിലെ ഒന്നാം പ്രതി ജോസ് കരിക്കിനേത്താണ് കടയുടമ. ഈ കൊലക്കേസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു ജോസിനെ തളളിവിട്ടു. തുണിക്കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് 11 മാസത്തെ വാടകക്കുടിശിക ഉണ്ടായിരുന്നു. ഉടമ കോടതിയെ സമീപിച്ച് കെട്ടിടം ഒഴിയണമെന്നു വിധി വാങ്ങി. ഇന്നലെയായിരുന്നു കെട്ടിടം ഒഴിയാന്‍ കോടതി അനുവദിച്ച അവസാന ദിവസം.

ഞായറാഴ്ച രാത്രിതന്നെ കട കാലിയാക്കി ജോസ് സ്ഥലം വിട്ടു. ഒറ്റ ജീവനക്കാര്‍ പോലും വിവരം അറിഞ്ഞില്ല. നൂറോളം ജീവനക്കാരാണ് കടയിലുണ്ടായിരുന്നത്. രാവിലെ എത്തിയപ്പോള്‍ ഇവരില്‍ പലരും പൊട്ടിക്കരഞ്ഞു. ജോലി പോയതിന്റെ സങ്കടം താങ്ങാന്‍ കഴിയാതെ. ഒരു മാസത്തെ ശമ്പളം ഇവര്‍ക്ക് കുടിശികയാണ്. ഇതേപ്പറ്റി ജോസ് കരിക്കിനേത്ത് ഒന്നും പറഞ്ഞില്ല. ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈല്‍സ് ഗ്രൂപ്പായിരുന്നു കൈപ്പട്ടൂര്‍ ആസ്ഥാനമായ കരിക്കിനേത്ത് ഗ്രൂപ്പ്. പാല, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, അടൂര്‍, പത്തനംതിട്ട, കൈപ്പട്ടൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് തുണിക്കട ഉണ്ടായിരുന്നു. ഓരോന്നും ഓരോ സഹോദരന്മാരാണ് നടത്തിയിരുന്നത്.

2013 നവംബര്‍ അഞ്ചിന് രാത്രി പത്തനംതിട്ട കരിക്കിനേത്തിലുണ്ടായ കൊലപാതകമാണ് സഹോദരന്മാരെ ഒന്നടങ്കം തകര്‍ത്തത്. കാഷ്യര്‍ ബിജു പി. ജോസഫിനെ പണം തട്ടിയെടുത്തുവെന്ന് ആരോപിച്ച് ജോസ് ചവിട്ടിക്കൊന്നെന്നാണ് കേസ്. ജോസിന്റെ സഹോദരന്‍ ജോര്‍ജിന്റേതാണ് ഈ കട. ഇനി അവശേഷിക്കുന്നതും ഇതു മാത്രമാണ്.

വന്‍ തുക ജോസ് ചെലവാക്കിയെങ്കിലും എസ്.പിയായിരുന്ന പുട്ട വിമലാദിത്യ, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പിയായിരുന്ന എന്‍. രാജേഷ്, പത്തനംതിട്ട എസ്.ഐ ആയിരുന്ന മനുരാജ് എന്നിവരടങ്ങുന്ന സംഘം കൊല നടത്തിയത് ജോസാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഏറെ നാള്‍ റിമാന്‍ഡില്‍ കഴിഞ്ഞ് ഇറങ്ങിയ ജോസിന്റെ രണ്ടാം വരവായിരുന്നു അടൂര്‍ കരിക്കിനേത്ത് സില്‍ക്ക് ഗലേറിയ എന്ന സ്ഥാപനം. അതാണ് ഇപ്പോള്‍ പൂട്ടിയത്. കരിക്കിനേത്ത് കൊലക്കേസില്‍ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.

Ads by Google
Tuesday 01 Jul 2025 01.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW