-->
മാധ്യമങ്ങള്‍ തങ്ങളുടെ ന്യൂസ് റേറ്റിംഗും കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടാനുമായി ഓരോ ദിവസവും പുതിയ പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്യാറുണ്ട്. അതില്‍ ചിലതൊക്കെ വന്‍ തോതില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. അടുത്തിടെ 24 ന്യൂസ് ചാനലിലെ ജനകീയ കോടതി എന്ന പരിപാടിയുടെ പുതിയ എപ്പിസോഡ് വൈറലായി മാറിയിരുന്നു. ഇതില്‍ അതിഥിയായി എത്തിയത് മൈത്രേയൻ ആയിരുന്നു. തന്റെ വേറിട്ട നിലപാടുകളിലൂടെ പലരുടെയും എതിർപ്പും അതുപോലെ തന്നെ പിന്തുണയും ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് മൈത്രേയൻ. പരിപാടിയില്‍ അവതാരകനായത് പ്രമുഖ മാധ്യമപ്രവർത്തകൻ ഹാഷ്‌മിയും. ഈ പരിപാടി വൈറലായതോടെ മൈത്രേയൻ ഹാഷ്‌മിയുടെ വായടപ്പിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വരുകയും ചെയ്തു.
ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടനും മിമിക്രി താരവുമായ കലാഭവൻ റഹ്മാൻ. ഹാഷ്‌മിയുടെ അടുത്ത ബന്ധു കൂടിയായ കലാഭവൻ റഹ്മാൻ പറയുന്നത് മൈത്രേയൻ സ്വയം വിവരമുള്ള ആളാണെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തിയില്‍ അത് കാണാനില്ലെന്നുമാണ്. പരിപാടിയില്‍ ഹാഷ്‌മിയോട് മൈത്രേയൻ സംസാരിച്ച രീതിയെയും കലാഭവൻ റഹ്മാൻ വിമർശിച്ചു. അതിന് മറുപടി പറയാൻ ഹാഷ്‌മിക്ക് അറിയാഞ്ഞിട്ടല്ലെന്നും ചാനലിന്റെ അതിഥി എന്ന നിലയില്‍ മൈത്രേയനോട് പറയുന്നതില്‍ പരിമിതി ഉണ്ടെന്നുമാണ് റഹ്മാൻ പറയുന്നത്.
‘‘ഇടയ്‌ക്കൊക്കെ വീട്ടില്‍ ഞങ്ങള്‍ ചർച്ചകള്‍ ചെയ്യാറുണ്ട്. ഞാനും മോളും മോനുമൊക്കെ ഇരുന്ന് ഇത്തരം കാര്യങ്ങളില്‍ സംസാരിക്കാറുണ്ട്. എനിക്ക് തോന്നുന്നത്, ഹാഷ്‌മി എന്റെ സണ്‍ ഇൻ ലോ ആയത് കൊണ്ട് പറയുന്നതല്ല. ഹാഷ്‌മി അദ്ദേഹത്തിന്റെ പണി സ്പഷ്‌ടമായി ചെയ്യുന്ന ഒരാളായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെയുള്ള ഒരു പത്രക്കാരനാണ് അദ്ദേഹമെന്ന് ഞാൻ കരുതുന്നു. പുള്ളിക്ക് പുള്ളിയുടെ നിലപാടുണ്ട്.
നമുക്ക് അങ്ങനെയൊരു ഉപദേശം കൊടുക്കേണ്ട കാര്യമില്ല. കാരണം വലിയ വലിയ പുലികളുമായിട്ടാണ് ഈ സംവാദം ഒക്കെ നടക്കുന്നത്. ആ ഒരു കാലിബർ ഉള്ള ആളോട് നമ്മള്‍ ഉപദേശങ്ങള്‍ നല്‍കേണ്ട കാര്യമില്ല. പക്ഷേ അഭിപ്രായങ്ങള്‍ ഒക്കെ പറയാറുണ്ട്. അപ്പൊ പിന്നെ ഓക്കേ ബാപ്പ, ഓക്കേ ബാപ്പ എന്നൊക്കെ പറയും. അതില്‍ എനിക്ക് തോന്നിയിട്ടുള്ളത്, മൈത്രേയൻ വളരെ അധികം അറിവുകള്‍ ഒക്കെ ഉള്ള ആളൊക്കെ തന്നെയാണ്.
പക്ഷേ പുള്ളി തന്നെ പറയുകയാണ് എനിക്ക് ഇത്രയും അറിവുണ്ടെന്ന്, അത് ശരിക്കും നമ്മള്‍ അല്ലാലോ പറയേണ്ടത്, നമ്മളെ കുറിച്ച് മറ്റുള്ളവർ അല്ലേ. അതിന് കൃത്യമായിട്ട് രാഹുല്‍ ഈശ്വർ മറുപടി കൊടുത്തല്ലോ. നിങ്ങള്‍ക്ക് ഒരു ധാരണയുണ്ട്, നിങ്ങള്‍ക്ക് മാത്രമാണ് വിവരമുള്ളത് എന്നൊക്കെ. ഹാഷ്‌മിക്ക് വേണമെങ്കില്‍ അങ്ങനെ മറുപടി കൊടുക്കാമായിരുന്നു.
പക്ഷേ പുള്ളി അങ്ങനെയുള്ള ഒരു ആളല്ല. ആരോടും റഫ് ആയിട്ട് സംസാരിക്കില്ല. ഓരോരുത്തർക്ക് ഓരോ രീതി അല്ലേ. ഹാഷ്‌മി അങ്ങനെ സംസാരിക്കാറില്ല. അല്ലെങ്കില്‍ തന്നെ മൈത്രേയൻ ഹാഷ്‌മിയോട് പറഞ്ഞ രീതി തന്നെ എന്തോ പോലെ തോന്നിയില്ലേ എല്ലാവർക്കും. താൻ മിണ്ടാതിരിക്ക്, തനിക്ക് വിവരമില്ല എന്നൊക്കെ ആണല്ലോ പറഞ്ഞത്. അതൊക്കെ മൈത്രേയന്റെ വിവരക്കേട് എന്നേ ഉള്ളൂ.
പുള്ളിക്ക് വേണമെങ്കില്‍ അതേ രീതിയില്‍ തിരിച്ചും പ്രതികരിക്കാമായിരുന്നു. അതാണ് അവർ തമ്മിലുള്ള വ്യത്യാസം. രാഹുല്‍ വന്നപ്പോള്‍ കൃത്യമായി പറഞ്ഞു. പിന്നെ കുറച്ച് നേരം മൈത്രേയൻ ഒന്ന് വിരണ്ട മട്ടായിരുന്നു. അദ്ദേഹം ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ഇതൊരു വൈറല്‍ ആയിരുന്നല്ലോ. പിന്നെ ഒരു ചാനലില്‍ നില്‍ക്കുമ്പോള്‍ അതിന് പരിധി ഉണ്ടല്ലോ. മൈത്രേയൻ അവർ വിളിച്ചു വരുത്തിയ ഗസ്‌റ്റ് അല്ലേ. വ്യക്തി ജീവിതത്തില്‍ ഹാഷ്‌മി വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരു മനുഷ്യനാണ്...’’ കലാഭവന്‍ റഹ്മാന്‍ പറയുന്നു.