Thursday, March 12, 2026 Last Updated 19 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 07.54 AM

അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം പോലീസില്‍ തര്‍ക്കം ; പത്തനംതിട്ട എസ്.പിയും ആലപ്പുഴ ഡിവൈ.എസ്.പി.യും പോര്

uploads/news/2025/07/788800/police1.jpg

പത്തനംതിട്ട: പോലീസിന്റെ റൗഡി ലിസ്റ്റിലുള്ള അഭിഭാഷകനെ 2013-ലെ കരിക്കിനേത്ത് കൊലക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ ജില്ലാ പോലീസ് മേധാവി എസ്.പി: വി.ജി. വിനോദ്കുമാര്‍ ശിപാര്‍ശ ചെയ്‌തെന്നാരോപിച്ച് ആലപ്പുഴ ഡിവൈ.എസ്.പി: എം.ആര്‍. മധുബാബു മുഖ്യമന്ത്രിക്കു പരാതി നല്‍കിയതു സംബന്ധിച്ച വിവാദം മുറുകുന്നു. പരാതി നല്‍കിയ ഡിവൈ.എസ്.പിക്കെതിരേ എസ്.പിയും ആരോപണവിധേയനായ അഡ്വ. പ്രശാന്ത് വി. കുറുപ്പും കരിക്കിനേത്ത് ടെക്‌സ്‌റ്റൈല്‍സില്‍ കൊല്ലപ്പെട്ട ബിജുവിന്റെ സഹോദരന്‍ സാബുവും രംഗത്തുവന്നു.

പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ 17-ാമനായ അഡ്വ. പ്രശാന്തിനെ കരിക്കിനേത്ത് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ശിപാര്‍ശ ചെയ്തതിനെതിരേയാണ് ഡിവൈ.എസ്.പി. പരാതി നല്‍കിയത്. 15 കേസില്‍ പ്രതിയായ പ്രശാന്ത്, കരിക്കിനേത്ത് കേസ് നടക്കുന്ന പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി(2)യില്‍ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ വിചാരണ നേരിടുന്നയാളാണെന്നും ഡിവൈ.എസ്.പി. ചൂണ്ടിക്കാട്ടി. എന്നാല്‍, ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പ്രശാന്തിനെ ശിപാര്‍ശ ചെയ്തതെന്നാണ് എസ്.പിയുടെ ഭാഷ്യം. എസ്.പി. പറയുന്നതിങ്ങനെ: ഡിവൈ.എസ്.പി. പരാതിപ്പെട്ടതു കോടതി വിധിക്കെതിരേയാണ്. കൊല്ലപ്പെട്ട ബിജു എം. ജോസഫിന്റെ സഹോദരന്മാരായ സാബുവിന്റെയും ബേബിയുടെയും അപേക്ഷപ്രകാരമാണ് പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ഹൈക്കോടതി നിര്‍ദേശിച്ചത്.

ഹൈക്കോടതി ഉത്തരവിനെതിരേ കരിക്കിനേത്ത് കേസില്‍ ആദ്യം അന്വേഷണോദ്യോഗസ്ഥനായിരുന്ന അന്നത്തെ സി.ഐ: മധുബാബു മാര്‍ച്ച് 16-ന് മുഖ്യമന്ത്രിക്കു പരാതി നല്‍കുകയായിരുന്നു. ഇത് അദ്ദേഹം ചാനലുകളിലൂടെ അറിയിക്കുകയും ചെയ്തു. തെളിവുകള്‍ നശിപ്പിച്ചവരെ ആവശ്യമെങ്കില്‍ പ്രതികളാക്കാമെന്നും ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം നടപടി ഭയന്നാണ് ഡിവൈ.എസ്.പി. പരാതിയുമായി മുന്നോട്ടുവന്നത്. റൗഡി ലിസ്റ്റിലുള്ള അഭിഭാഷകനെ താന്‍ ശിപാര്‍ശ ചെയ്‌തെന്നാരോപിച്ച് ഡിവൈ.എസ്.പി. പരാതി നല്‍കിയെന്ന വാര്‍ത്ത ശരിയല്ലെന്നും എസ്.പി. പറഞ്ഞു. തങ്ങളുടെ ആവശ്യപ്രകാരമാണു പ്രശാന്തിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആക്കിയതെന്നും മധുബാബു സി.ഐയായിരിക്കേ കേസ് അട്ടിമറിച്ചെന്നും കൊല്ലപ്പെട്ടയാളുടെ സഹോദരന്മാര്‍ ആരോപിച്ചു.

അതേസമയം, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനകാര്യത്തില്‍ എസ്.പി. അനാവശ്യതിടുക്കം കാട്ടിയെന്നും ആരോപണമുണ്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. പ്രശാന്തിന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ചാണ് എസ്.പി. റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ആരോപണം. ഡിവൈ.എസ്.പിയുടെ പരാതിയില്‍ എസ്.പിക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ നിയമനം മരവിപ്പിച്ചിരിക്കുകയുമാണ്. വിനോദ്കുമാറിനെതിരേ മുമ്പും മധുബാബു പരാതി നല്‍കിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് സി.ഐയായിരിക്കേ തനിക്ക് ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞുതന്നില്ലെന്നായിരുന്നു പരാതി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW