-->
വില്ലന്‍ കഥാപാത്രങ്ങളിലൂടെ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളുണ്ട്. എന്നാല്‍ ചിലരാകട്ടെ വില്ലന്‍ കഥാപാത്രം ചെയ്ത് അതില്‍ത്തന്നെ അടിപ്പെട്ട് പോകുകയും ചെയ്യും. തന്റെ ആദ്യ സിനിമയില്‍ മികച്ച വില്ലന്‍ കഥാപാത്രമായി എത്തി ആളുകളുടെ വെറുപ്പും ദേഷ്യവും സമ്പാദിച്ച താരമാണ് അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായനായ ഷഫീഖ് റഹ്മാൻ. നാദിർഷ ഒരുക്കിയ സിനിമയില്‍ നായകന്മാരായി പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിലെ അന്യസംസ്ഥാന തൊഴിലാളിയായ ഷഫീഖിന്റെ വില്ലന്‍ വേഷം ഒരുപാട് വെറുപ്പ് നേടിയ കഥാപാത്രമായിരുന്നു.
ഇതില്‍ ഷഫീഖിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രേക്ഷകരുടെ വെറുപ്പ് നേടിയതിലൂടെ തന്നെയാണ്. ആദ്യ സിനിമ മികച്ചതായിരുന്നെങ്കിലും പിന്നീട് കരിയറില്‍ മുന്നേറ്റമുണ്ടാക്കാൻ താരത്തിന് സാധിച്ചില്ല. പിന്നീട് ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്‌ത താരം മോഹൻലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങള്‍ക്ക് അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് താരം. ചില ചിത്രങ്ങളിലേക്ക് എങ്ങനെയാണ് താൻ എത്തിപ്പെട്ടതെന്നും ഫഹദ് ഫാസിലിന്റെ ഒരു സിനിമയില്‍ നിന്ന് തന്റെ സീനുകള്‍ എല്ലാം അവസാന നിമിഷം വെട്ടിമാറ്റിയത് എങ്ങനെയാണെന്നും പറയുകയാണ് താരം
‘‘ഇട്ടിമാണിയില്‍ കിട്ടുന്നത് ആന്റണി ചേട്ടൻ വിളിച്ചിട്ടാണ്. ആന്റണി ചേട്ടനുമായി നല്ല അടുപ്പമാണുള്ളത്. എപ്പോള്‍ കാണുമ്പോളും വളരെയധികം സ്നേഹത്തോടെ നമ്മളോട് സംസാരിക്കുന്ന ആളാണ് അദ്ദേഹം. നീ എന്നെ വിളിക്കാത്തത് എന്താ? മെസേജ് അയക്കാത്തത് എന്താ എന്നൊക്കെ ചോദിക്കാറുണ്ട്. കഴിഞ്ഞ തവണ കണ്ടപ്പോള്‍ പുള്ളി കമ്മിറ്റ് ചെയ്‌തിട്ടുണ്ടായിരുന്നു ഒരു വേഷം ശരിയാക്കാം എന്ന്. കൂടെ നിർത്താമെന്ന് പറഞ്ഞിരുന്നു.
ക്രിക്കറ്റ് ഉള്ളപ്പോള്‍ മുതലേ ആന്റണി ചേട്ടൻ കാണുന്നതാണ്. ലാലേട്ടൻ എവിടെ ഉണ്ടെങ്കിലും അവിടെ ആന്റണി ചേട്ടന്റെയും സാന്നിധ്യം ഉണ്ടാവുമല്ലോ. അങ്ങനെ അന്ന് മുതലേ അറിയുന്നതാണെങ്കിലും ചേട്ടൻ പറഞ്ഞിട്ടാണ് എന്നെ ഇട്ടിമാണിയിലേക്ക് വിളിക്കുന്നതും ഒരു വേഷം തരുന്നതും. ലാലേട്ടനുമായിട്ടുള്ള കോമ്പിനേഷൻ സീൻ ആയിരുന്നു അതില്‍. പക്ഷേ കുറച്ചൊക്കെ കട്ട് ചെയ്‌തു പോയിരുന്നു.
അത്തരം അനുഭവങ്ങള്‍ മുൻപ് ഉണ്ടായിരുന്നു. ഫഹദ് ഫാസില്‍ അഭിനയിച്ച റോള്‍ മോഡല്‍സ് എന്ന സിനിമയില്‍ ഞാനും ഉണ്ടായിരുന്നു. എനിക്ക് നഷ്‌ടം സംഭവിച്ച സിനിമയായിരുന്നു അത്. ഞാൻ ഗോവയില്‍ ആയിരുന്നു ഷൂട്ട്. ആ സമയത്ത് ഞാൻ ലാലേട്ടന്റെ 1971, പൃഥ്വിയുടെ ടിയാൻ ഒക്കെ ചെയ്‌തു കൊണ്ട് ഇരിക്കുന്ന സമയമായിരുന്നു. മിലിട്ടറി സിനിമയില്‍ ആയിരുന്നതിനാല്‍ ആ ഫിറ്റ്നസില്‍ തന്നെ ആയിരുന്നു ഞാൻ.
ഗോവൻ പോലീസ് ആയിട്ടായിരുന്നു റോള്‍ മോഡല്‍സില്‍ വേഷം. പടം മൊത്തമായി ഏകദേശം പതിമൂന്ന് സീനോളം എനിക്ക് ഉണ്ടായിരുന്നു. ഡബ്ബ് ചെയ്യുകയും ചെയ്‌തിരുന്നു. റിലീസ് പെരുന്നാള്‍ ടൈമില്‍ ആയിരുന്നു. അങ്ങനെ ആ സമയത്താണ് റാഫിക്ക എന്നെ വിളിച്ചത്. വില്ലനില്‍ കൂടുതല്‍ പ്രാധാന്യം വരുന്നെന്നാണ് റാഫിക്ക പറഞ്ഞത്. അതുകൊണ്ട് ആ സീനുകള്‍ വെട്ടികുറക്കേണ്ടി വന്നുവെന്ന് പുള്ളി പറഞ്ഞു.
ഞാൻ ചോദിച്ചു ഇക്ക എത്ര സീനുകള്‍ ഉണ്ടെന്ന്, ഓള്‍മോസ്‌റ്റ് എല്ലാ സീനും പോയെന്ന് പറഞ്ഞു. പതിനഞ്ചോളം സീൻ അഭിനയിച്ചിട്ടാണ് ഒരു സീൻ മാത്രമായത്. അവർക്ക് അതുകൂടി കളയാമായിരുന്നു. ഞാൻ ആ ഒരു സീൻ മാത്രം അഭിനയിക്കാൻ വന്നുവെന്നാണ് എല്ലാവരും കരുതിയിട്ടുണ്ടാവുക. എല്ലാവർക്കും എനിക്ക് സീൻ അധികമാണ് എന്ന വിഷമമായിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയപ്പോള്‍ അതെല്ലാം മാറി. അങ്ങനെ കുറച്ച് ബുദ്ധിമുട്ടുകള്‍ എനിക്ക് ഇൻഡസ്ട്രിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്...’’ ഷഫീഖ് റഹ്മാൻ പറഞ്ഞു.