-->
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനാപകടത്തില്‍ ഗുജറാത്തി സംവിധായകന്‍ മഹേഷ് ജിറാവാല മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലാണ് മഹേഷ് ജിറാവാലയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. വിമാനത്തിലെ യാത്രക്കാരനല്ലാത്ത മഹേഷ് അപകടം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടയിരുന്നു. അപകടസ്ഥലത്തുവച്ചാണ് മഹേഷിന്റെ മൊബൈല്‍ അവസാനമായി സ്വിച്ച് ഓഫായത്.
അപകടത്തിന് പിന്നാലെ മഹേഷിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പല സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. മരണം വിശ്വസിക്കാനാവാത്ത ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആദ്യം തയാറായിരുന്നില്ല. തുടര്‍ന്ന് ഡിഎന്‍എ റിപ്പോര്‍ട്ടും കത്തിക്കരിഞ്ഞ മഹേഷിന്റെ സ്‌കൂട്ടറും കാണിച്ചതിന് ശേഷമാണ് മൃതദേഹം ഏറ്റെടുത്തത്.
മഹേഷ് ജിറാവാലയുടെ മരണം ഗുജറാത്തി സിനിമാ ലോകത്തിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മഹേഷ് ജിറാവാലെ പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ സിഇഒ കൂടിയായിരുന്നു അദ്ദേഹം. അഡ്വര്‍ടോറിയലുകളും സംഗീത വീഡിയോകളും സംവിധാനം ചെയ്യുന്നതില്‍ പ്രശസ്തനായിരുന്നു മഹേഷ്. ഗുജറാത്തി ഭാഷയിലുളള നിരവധി സംഗീത വീഡിയോകള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 2019-ല്‍ പുറത്തിറങ്ങിയ, ആശാ പാഞ്ചലും വൃത്തി താക്കറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ' കോക്ക്‌ടെയില്‍ പ്രേമി പഗ് ഓഫ് റിവഞ്ച്' എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.