-->
കോഴിക്കോട് : വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കോഴിക്കോട് എസ്എഫ്‌ഐ - യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തളിയിലെ ജൂബിലി ഹാളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ശിവന്‍കുട്ടി എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടല്‍. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ യുവമോര്‍ച്ചക്കാരെ എസ്എഫ്‌ഐ ആക്രമിച്ചെന്നും അടികൊള്ളാന്‍ മാത്രം നിന്നുകൊടുക്കുന്നവരല്ല തങ്ങളെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
ചായകുടിക്കാന്‍ പോയ യുവമോര്‍ച്ചാപ്രവര്‍ത്തകരെയാണ് എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചതെന്നും പോലീസ് നടപടിയെടുത്തില്ലെങ്കില്‍ തിരിച്ചടിക്കുമെന്നും ബിജെപി ജില്ലാ നേതാക്കള്‍ പ്രതികരിച്ചു. തല്ലു കൊള്ളാന്‍ മാത്രം പഠിച്ചവരല്ല തങ്ങളെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രകാശ്ബാബു പറഞ്ഞു. പൊലീസുകാര്‍ ക്രിമിനലുകളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടിക്ക് തിരിച്ചടി നല്‍കും.
അടിച്ചുതീര്‍ക്കാനാണെങ്കില്‍ അടിച്ചുതീര്‍ക്കാം. പൊലീസ് വേണ്ട നടപടി എടുത്തില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും പ്രകാശ് ബാബു പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയുടെ വാഹനത്തിന് സമീപത്ത് കൂടി കരിങ്കൊടിയുമായി ഓടിയ യുവാവിനെ പോലീസ്് പിടിച്ചുമാറ്റുമ്പോള്‍ പിന്നാലെയെത്തുന്നവര്‍ ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് അവിടേയ്ക്ക് കൂടുതല്‍ പേര്‍ എത്തുന്നതും രണ്ടുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.