Monday, March 23, 2026 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jun 2025 11.57 AM

ഏറ്റവും വലിയ ഡേറ്റ മോഷണം ; ചോര്‍ത്തിയത് 1600 കോടി പാസ്‌വേഡുകള്‍! സര്‍ക്കാര്‍ അക്കൗണ്ടുകളും ചോര്‍ന്നു; പാസ്‌വേഡുകള്‍ മാറ്റാന്‍ നിര്‍ദേശം

uploads/news/2025/06/787234/password.jpg

മുംബൈ: വിവിധ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കളുടെ 1600 കോടി പാസ്‌വേഡുകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റാ മോഷണമാണു നടന്നിരിക്കുന്നതെന്ന് സൈബര്‍ന്യൂസ്, ഫോര്‍ബ്‌സ് റിപ്പോര്‍ട്ടുകള്‍. ഇ-മെയില്‍, ഗൂഗിള്‍ അക്കൗണ്ട് വിവരങ്ങള്‍ക്കു പുറമേ ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം, ആപ്പിള്‍, തുടങ്ങിയവയിലെ അക്കൗണ്ടുകള്‍, വിവിധ സര്‍ക്കാര്‍ പോര്‍ട്ടലുകളിലെ ലോഗിന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ന്നതായാണു സംശയം.

സൈബര്‍ ന്യൂസ് ഗവേഷകര്‍ നടത്തിയ അന്വേഷണത്തിലാണ് ഡേറ്റാ മോഷണം പുറത്തുവന്നത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ആഗോളതലത്തില്‍ അക്കൗണ്ട് ഹാക്കിങ്ങിനും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും ഇത് ഇടയാക്കുമെന്നാണു മുന്നറിയിപ്പ്. പഴയ ഡേറ്റാ ശേഖരം മാത്രമല്ല ഏറ്റവും പുതുതായി ക്രമീകരിച്ച വിവരങ്ങള്‍ പോലും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ചോര്‍ന്ന വിവരങ്ങളില്‍ ഭൂരിഭാഗവും പുതിയതും മികച്ച രീതിയില്‍ ക്രമീകരിച്ചതുമാണ്.

ഇന്‍ഫോസ്റ്റീലര്‍സ് എന്നറിയപ്പെടുന്ന മാല്‍വേര്‍ ഉപയോഗിച്ചാണ് ഈ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ശേഖരിച്ചത്. ആളുകളുടെ ഇലക്‌ട്രോണിക് ഡിവൈസുകളില്‍ കടന്നുകയറി സ്വകാര്യ വിവരങ്ങളും പാസ്‌വേഡ് ഉള്‍പ്പെടെയുള്ള ലോഗിന്‍ വിവരങ്ങളും ഹാക്കര്‍മാര്‍ക്ക് മാല്‍വേര്‍ കൈമാറുകയാണുണ്ടായതെന്ന് സാങ്കേതികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ ഹാക്കര്‍മാര്‍ സ്വന്തമായി ഉപയോഗിക്കുകയോ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്കു വയ്ക്കുകയോ ചെയ്‌തേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ലോകമെമ്പാടും 550 കോടിപ്പേരാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 1600 കോടി പാസ്‌വേഡുകള്‍ ചോര്‍ന്നതിലൂടെ ആക്രമണത്തിന്റെ ഗൗരവം വ്യക്തമാണ്. കഴിഞ്ഞ മാസമാണു പാസ്‌വേഡ് ചോര്‍ച്ച സംബന്ധിച്ച സൂചന സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്കു ലഭിക്കുന്നത്. അന്നു കണ്ടെത്തിയ 18.4 കോടി റെക്കോഡുകള്‍ അടങ്ങിയ ഡേറ്റാബേസില്‍ ലക്ഷക്കണക്കിന് പൗരന്മാരുടെ ലോഗിന്‍ ഡേറ്റ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി ഗവണ്‍മെന്റുകളുമായി ബന്ധപ്പെട്ട മോഷ്ടിച്ച അക്കൗണ്ട് വിവരങ്ങളും ഉണ്ടായിരുന്നു.

മോഷ്ടിച്ച അക്കൗണ്ടുകളില്‍ 10,000 എണ്ണം പരിശോധിച്ചപ്പോള്‍ 220 ഇമെയില്‍ വിലാസങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളുമായി ബന്ധമുള്ളതായി കണ്ടെത്തി. അവ അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ, ചൈന, ഇന്ത്യ, ഇസ്രയേല്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ 29-ലധികം രാജ്യങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളുമായി ബന്ധമുള്ളതാണ്. ആകെ 47 ഗിഗാബൈറ്റ് ഡേറ്റയാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്റര്‍നെറ്റില്‍ അക്കൗണ്ടുകള്‍ ഉള്ളവര്‍ എത്രയും വേഗം പാസ്‌വേഡുകള്‍ മാറ്റണമെന്നു സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിച്ചു.

Ads by Google
Saturday 21 Jun 2025 11.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW