-->
തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്ലെ ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ 767.00 മീറ്ററില്‍ എത്തിയതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും അണക്കെട്ടിലെ ജലം 25 ശതമാനം ടണല്‍ മുഖേന കക്കയം ഡാമിലേക്ക് ഒഴുക്കി വിടുന്നതായും അധികൃതര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ മണിമലയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്. തൃശൂർ കരുവന്നൂരിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ഈ നദികളിൽ യാതൊരു കാരണവശാലും ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും സംസ്ഥാന ജലസേചന വകുപ്പിന്റെ നിർദേശമുണ്ട്.
അതേസമയം, നാളെയോടെ മഴയുടെ തീവ്രത കുറയും. ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ജൂണ്‍ 19, 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 19 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.2 മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.