Sunday, March 15, 2026 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jun 2025 12.13 PM

‘‘വികൃതി കാരണം ചേച്ചിമാര്‍ ചെറുപ്പത്തില്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്;എന്നെപ്പോലെയൊരു കുട്ടിയെ ആർക്കും വളര്‍ത്താന്‍ പറ്റില്ല...’’ സുരഭിലക്ഷ്മി

അഭിനയമികവു കൊണ്ട് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് സുരഭിലക്ഷ്മി. ഇപ്പോഴിതാ ചെറുപ്പത്തില്‍ താനൊരു വികൃതിക്കുട്ടിയായിരുന്നെന്നും അക്കാരണം കൊണ്ട് ചേച്ചിമാര്‍ തന്നെ കൊല്ലാന്‍ നോക്കിയിട്ടുണ്ടെന്ന് പറയുകയാണ് താരം.
Surabhi Lakshmi
Surabhilakshmi shares her childhood memories (Image Source: Youtube)

നാടകമേഖലയില്‍ നിന്ന് മിനിസ്ക്രീന്‍ പരമ്പരകളില്‍ തിളങ്ങി അവിടെ നിന്ന് ബിഗ് സ്ക്രീനിലേക്കെത്തി കൈയടി നേടിയ താരമാണ് സുരഭിലക്ഷ്മി. ഇരുപതു വര്‍ഷത്തോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ താരം ടെലിവിഷൻ സീരിയലുകളിലൂടെയും വെള്ളിത്തിരയിലൂടെയും സുരഭി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട് താരം.
മികച്ച കഥാപാത്രങ്ങളിലൂടെ ബിഗ് സ്ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണിപ്പോള്‍ താരം.
കുസൃതിനിറഞ്ഞ തന്റെ കുട്ടിക്കാലത്തെ കുറിച്ച്‌ സുരഭി ലക്ഷ്മി മുമ്പും പറഞ്ഞിട്ടുണ്ട്. വളരെ വികൃതി നിറഞ്ഞ കുട്ടിയായിരുന്നെന്നും താരം പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ചേച്ചിമാർ ചെറുപ്പത്തില്‍ തന്നെ കൊന്നുകളയാൻ ആലോചിക്കുകയും അതിന് ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് തുറന്നു പറയുകയാണ് സുരഭി. സുരഭിയടക്കം നാല് പെണ്‍മക്കളാണ് അമ്മയ്ക്കുള്ളതെന്നും സുരഭിയെ ഗർഭം ധരിച്ചിരിക്കെ അത് വേണ്ടെന്നുവെക്കാൻ അമ്മ ഒരുപാട് ശ്രമങ്ങള്‍ നടത്തിയെന്നും എന്നാല്‍ പിന്നീട് അമ്മക്കു തന്നെ കുറ്റബോധം തോന്നി തന്നെ വളർത്താൻ തീരുമാനിക്കുകയായിരുന്നെന്നും സുരഭി അഭിമുഖത്തില്‍ പറഞ്ഞു.
‘‘അമ്മയ്ക്കും ചേച്ചിമാർക്കുമെല്ലാം ശല്യമായിരുന്നു ഞാന്‍. എപ്പോഴും വികൃതി കാണിക്കും. അതിനാല്‍ ചേച്ചിമാർ ചെറുപ്പത്തില്‍ തന്നെ കൊന്നുകളയാൻ ആലോചിച്ചു, അതിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നെപ്പോലെ ഒരു കുട്ടിയെ എനിക്ക് വളർത്താൻ പറ്റില്ല എന്ന് ഞാൻ പറയാറുണ്ട്. എന്റെ അമ്മയുടെ നാലാമത്തെ കുട്ടിയാണ് ഞാൻ. ഏറ്റവും ഇളയ ആള്‍. എന്നെ ഗർഭം ധരിച്ചിരിക്കെ അത് അലസിപ്പിക്കാൻ അമ്മ ഒരുപാട് ശ്രമിച്ചിരുന്നു. തോട്ടില്‍ ചാടിയും അരിയിടിച്ചും, എന്തൊക്കെ ഒരു ഗർഭിണി ചെയ്യാൻ പാടില്ലാ, അതെല്ലാം അമ്മ ചെയ്തു. ഏഴ് മാസം കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് കുറ്റബോധം തോന്നി. ഇങ്ങനെയെല്ലാം ചെയ്താല്‍ ശാരീരികമോ ബുദ്ധപരമോ ആയ വൈകല്യമുള്ള കുട്ടിയാകുമോ ജനിക്കുക എന്ന് കരുതി അമ്മ പിന്നീട് എന്നെ സ്നേഹിച്ചു തുടങ്ങി. അങ്ങനെ ഞാൻ ജനിച്ചു.
കരച്ചിലും സഹിക്കാൻ പറ്റാത്ത സ്വഭാവവുമുള്ള കുട്ടിയായിരുന്നു ഞാൻ. ചേച്ചിമാരെ പഠിക്കാൻ സമ്മതിക്കില്ല, അവരുടെ പുസ്തകം വലിച്ചു കീറുക, ഉച്ചക്ക് സ്കൂളില്‍ നിന്നും ചേച്ചിമാർ ഭക്ഷണം കഴിക്കാൻ വീട്ടില്‍ വരുമ്പോള്‍ അവർക്ക് ഭക്ഷണമെടുത്തുകൊടുക്കാൻ അമ്മയ്ക്ക് ഒഴുവുകൊടുക്കാതിരിക്കുക എന്നിവയെല്ലാം ഞാൻ ചെയ്യുമായിരുന്നു.
ചേച്ചിമാർ അന്ന് ചെറുതാണ്, ആറിലും എട്ടിലുമായിരുന്നു അവർ പഠിച്ചിരുന്നത്. ഞാനവർക്ക് ശല്യമായപ്പോള്‍ ഇതിനെ കൊന്നാലോ എന്ന് അവർ തമ്മില്‍ ഗൂഢാലോചന നടത്തുമായിരുന്നു. നിന്നെ ഞങ്ങള് കൊല്ലും എന്നവർ പറയും. കൊല്ലാൻ തീരുമാനിച്ച്‌ എന്നെ കൊണ്ടുപോകുമായിരുന്നു. പിന്നീട് വേണ്ട, പിന്നീട് കൊല്ലമെന്ന് പറഞ്ഞ് തിരികെ കൊണ്ടുവരും.
ചേച്ചിമാർ തോട്ടിലേക്ക് കുളിക്കാൻ പോകുമ്പോള്‍ ഞാനും പിന്നാലെ പോകും. എന്നെ തോട്ടില്‍ ഒരു വള്ളിയില്‍ പിടിപ്പിച്ച്‌ ഇരുത്തും. അത് പിടിച്ച്‌ അവർ കുളിക്കുന്നതുവരേ ഞാനങ്ങനെ ഇരിക്കും. നാലോ അഞ്ചോ വയസ്സേ അന്നെനിക്കുള്ളൂ. ആ വള്ളിയിലെ പിടുത്തംവിട്ട് പോയിരുന്നേല്‍ ഏതെങ്കിലും പുഴയില്‍ പോയേനെ. അധികം വികൃതി കാണിച്ചാല്‍ എന്നെ വെള്ളത്തില്‍ മുക്കി അവിടെ വെക്കും. കുട്ടിക്കാലത്ത് തന്റെ വികൃതികൊണ്ട് ചേച്ചിമാർ ഇങ്ങനെയെല്ലാം ചെയ്തിരുന്നെങ്കിലും അവർ എന്നെ നല്ലപോലെ നോക്കിയിട്ടുണ്ട്. ഇപ്പോള്‍ ചേച്ചിമാരുമായി നല്ല ബന്ധമാണ്.
മൂന്നാംക്ലാസില്‍ ആയിരുന്നപ്പോഴാണ് ഞാന്‍ൻ ശരിയായി സ്കൂളിലേക്ക് പോകാൻ തുടങ്ങിയത്. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുമ്പോള്‍ ക്ലാസില്‍ പോകാൻ മടിയായിരുന്നു. നഴ്സറിയില്‍ ഞാൻ പോയിട്ടില്ല. നഴ്സറിയില്‍ എന്നെ കൊണ്ടാക്കിയപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് എന്നെ കൊണ്ടുവരരുത്, ഉപ്പുമാവോ ഗോതമ്പോ ഞങ്ങളങ്ങോട്ട് കൊണ്ടുവരാം, ഇവളെ കൊണ്ടുവരരുത് എന്നവർ പറഞ്ഞു. കാരണം അമ്മ പോയി കഴിഞ്ഞാല്‍ ഞാൻ നിലത്ത് കിടന്ന് കരച്ചിലായിരുന്നു.
ഒരാള്‍ കരഞ്ഞാല്‍ നഴ്സറിയിലെ എല്ലാ മക്കളും കരയില്ലേ? അവർക്കതൊരു ശല്യമല്ലേ? അതുകൊണ്ട് കൊണ്ടുവരേണ്ടാ എന്ന് പറഞ്ഞു. ഒന്നാംക്ലാസിലും രണ്ടാംക്ലാസിലും പഠിക്കുമ്പോള്‍ എനിക്ക് എന്നും വയറുവേദനയായിരുന്നു. 11 മണിയാകുമ്പോള്‍ തുടങ്ങും മടികൊണ്ടുള്ള വയറുവേദന. ആറാം ക്ലാസില്‍ പഠിക്കുന്ന ചേച്ചിയെ ടീച്ചർ വിളിപ്പിച്ച്‌ സുരഭിക്ക് വയറുവേദനയാണെന്ന് പറയും.
അവള്‍ എന്നെ ബാത്റൂമിന്റെ അടുത്തുകൊണ്ടുപോയി നിനക്ക് വയറുവേദനയുണ്ടോ എന്ന് നുള്ളിക്കൊണ്ട് ചോദിക്കും. ഉച്ചക്ക് ചോറുണ്ണാൻ പോകുമ്പോള്‍ എന്നെ വീട്ടില്‍ കൊണ്ടാക്കും. അങ്ങനെ ഒന്നിലും രണ്ടിലും കാര്യമായി സ്കൂളില്‍ പോയിട്ടില്ല. മൂന്നിലെത്തിയപ്പോഴാണ് സ്കൂളിലൊക്കെ പോകണമെന്ന തോന്നലുണ്ടായി പോയിത്തുടങ്ങിയത്. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്...’’ തമാശയായി സുരഭി പറഞ്ഞു. അയാം വിത്ത് ധന്യാ വർമാ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് രസകരമായി സുരഭി മനസ്സു തുറന്നത്.

Ads by Google
Thursday 19 Jun 2025 12.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW