-->
തിരുവനന്തപുരം: നാഗ്പൂരില്‍ ഇരിക്കുന്ന ആര്‍എസ്എസ് നേതൃത്വമാണ് കേരളത്തിലെ എല്‍ഡിഎഫ് നയിക്കുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും ഡല്‍ഹിയിലെ യജമാനന്‍മാരെ പേടിച്ചാണ് മുഖ്യമന്ത്രിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആര്‍എസ്എസുമായി സിപിഎം നേരത്തേ തന്നെ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ടെന്നും അടിയന്തരാവസ്ഥ കാലത്തും അതിന് ശേഷവും ഒരുമിച്ച് മത്സരിച്ചവരാണ് സിപിഎമ്മും ആര്‍എസ്എസ് എന്നും സതീശന്‍ പറഞ്ഞു. ബിജെപി നേതാക്കളെ മുഖ്യമന്ത്രി കാണാന്‍ പോകുന്നതും ബിജെപി നേതാക്കള്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ ഇടതു നേതാക്കളെ കാണാന്‍ കയറുന്നതുമെല്ലാം ഈ ബാന്ധവത്തിന് തെളിവാണെന്നും പറഞ്ഞു.
1967 ജനതാപാര്‍ട്ടി ആയ ശേഷവും 89 ല്‍ ബിജെപി ആയപ്പോഴും ഒരുമിച്ചവരാണ് സിപിഎമ്മും ബിജെപിയും അന്നത്തെ നേതാക്കളായ എല്‍കെ അദ്വാനിയും എബി വാജ്‌പേയിയും ഇഎംഎസുമൊക്കെ ഒരുമിച്ച് മത്സരിച്ചവരാണ്. ജനതാപാര്‍ട്ടി 89 ല്‍ ബിജെപി ആയ ശേഷവും ഈ ബന്ധം തുടര്‍ന്നിരുന്നതായും പറഞ്ഞു. വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്ക് പ്രകാശ് ജാവദേക്കര്‍ ജയരാജന്റെ വീട്ടിലെത്തിയതും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയെ പിണറായി സമ്മാനവും പൊന്നാടയായി കാണാന്‍ പോയതും ഇതിന്റെ ഭാഗമാണെന്നും സതീശന്‍ പ്രതികരിച്ചു. ദേശീയപാത തകര്‍ന്നതിനാണോ നിതിന്‍ ഗഡ്ക്കരിക്ക് മുഖ്യമന്ത്രി സമ്മാനം നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ഡല്‍ഹിയിലിരിക്കുന്ന നേതാക്കന്മാരെ പേടിച്ചും അവരെ സുഖിപ്പിക്കാനുമാണ്് മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന. ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ മലപ്പുറം മുഴുവന്‍ കുഴപ്പക്കാരും തീവ്രവാദികളുമാണെന്ന് പറയാനാണ് ശ്രമിച്ചത്. ഡല്‍ഹി യജമാനന്മാരെ സന്തോഷിപ്പിക്കാനാണ് ഇത്തരം പ്രസ്താവന. നിലമ്പൂരില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. പിന്നീട് ദുര്‍ബ്ബലനായ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നു. ഇതെല്ലാം സംഘപരിവാറിനെ സന്തോഷിപ്പിക്കുന്ന വര്‍ത്തമാനം പറയുകയാണ്. ദേശീയസഖ്യത്തില്‍ എന്‍ഡിഎയിലുള്ളവരാണ് ദേവഗൗഡയുടെ പാര്‍ട്ടി. അവരുടെ മന്ത്രി പിണറായിയുടെ മന്ത്രിസഭയിലുണ്ട്. ബിജെപിയുമായി സഖ്യമുള്ള പാര്‍ട്ടിയിലെ ആ മന്ത്രിയെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ല. നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും വിളിച്ചു പറഞ്ഞതിനാലാണ് ആ മന്ത്രി തുടരുന്നത്.
യാതൊരു ഏകോപനവുമില്ലാത്ത സംവിധാനമാണ് എല്‍ഡിഎഫ് എന്നും പാര്‍ട്ടിസെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ബിനോയ് വിശ്വത്തിനും മറ്റു ഘടകകക്ഷികള്‍ക്കും വെവ്വേറെ അഭിപ്രായം വരുന്നത് അതുകൊണ്ടാണെന്നും പറഞ്ഞു. രാവിലെ പാര്‍ട്ടി സെക്രട്ടറി ഒരു കാര്യം പറയും. പിന്നാലെ മുഖ്യമന്ത്രി മറ്റൊരു കാര്യം പറയും. ബിനോയ് വിശ്വം വേറൊരു കാര്യം പറയുമെന്നും മുഖ്യമന്ത്രി എഴുതി വായിച്ചത് ആര്‍ക്കും മനസ്സിലായില്ലെന്നും പറഞ്ഞു. തങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും അവരുടെ പാര്‍ട്ടിക്കാര്‍ക്ക് പോലും മനസ്സിലായില്ലെന്നും പറഞ്ഞു.
നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 15,000 ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആത്മവിശ്വാസം കൊണ്ടു. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള പൊളിറ്റിക്കല്‍ ഫൈറ്റാണ്. ബാക്കിയൊന്നും നിലമ്പൂരില്‍ ഏശില്ലെന്നും പറഞ്ഞു. നിഷ്‌ക്രിയമായ ഗവണ്‍മെന്റാണ് ഇതെന്നും കാട്ടുമൃഗങ്ങളുടെ ആക്രമണം നടക്കുന്ന നിലമ്പൂരില്‍ മലയോര ജനതയെ സര്‍ക്കാര്‍ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും പറഞ്ഞു. സര്‍ക്കാരിനെതിരായി വിധിയെഴുത്തു കൂടിയാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ്. എല്ലാവരും ഭീതിയില്‍ ജീവിക്കുന്ന മണ്ഡലത്തിലെ തെരഞ്ഞെടുപ്പാണെന്നും പറഞ്ഞു.