-->
ബച്ചന്‍ കുടുംബത്തില്‍ നിന്നെത്തി തന്റേതായ നിലയില്‍ പ്രശസ്തിയും ഇഷ്ടവും നേടിയെടുത്ത താരമാണ് അഭിഷേക് ബച്ചന്‍. അന്നുമിന്നും ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറായ അമിതാഭ് ബച്ചന്റെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയെങ്കിലും പിന്നീട് തന്റെ അഭിനയമികവിലൂടെ താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മുന്‍ മിസ് ഇന്ത്യ ഐശ്വര്യറായ് യെ വിവാഹം ചെയ്ത താരം കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നില്‍ക്കുകയാണ്.
അടുത്തിടെ ഒടിടി റിലീസായ ബീ ഹാപ്പിയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കാന്‍ അഭിഷേകിന് കഴിഞ്ഞിരുന്നു. അതിനു പിന്നാലെ അക്ഷയ് കുമാർ, റിതേഷ് ദേശ്‌മുഖ്, തുടങ്ങിയ വൻ താരനിര അണിനിരന്ന ഹൗസ്ഫുള്‍ 5 എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് താരം.
എന്നാല്‍ ഇപ്പോഴിതാ വിജയാഘോഷത്തിനിടെ താരം പങ്കുവച്ച പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയില്‍ ചർച്ചയാകുന്നത്. ഒരു ഹിന്ദി കവിതയാണ് ഇൻസ്റ്റാഗ്രാമില്‍ താരം പങ്കിട്ടത്. ‘‘ചിലപ്പോൾ, സ്വയം കണ്ടുമുട്ടാൻ, കണ്ടെത്താന്‍, നിങ്ങൾ എല്ലാവരെയും ‘മിസ്സ്’ ചെയ്യേണ്ടിവരും...സ്വയം ‘അപ്രത്യക്ഷനാകേണ്ടി’ വരു....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അഭിഷേകിന്റെ പോസ്റ്റ്.
കഴിഞ്ഞ ദിവസം വൈകിട്ട് പോസ്റ്റ് ചെയ്ത ഈ കുറിപ്പില്‍, എല്ലാവരില്‍ നിന്നും ഒളിച്ചിരുന്ന് സ്വയം വീണ്ടും കണ്ടെത്താനുള്ള ആഴത്തിലുള്ള ആഗ്രഹമാണ് പ്രകടമാകുന്നത്. ‘ഒരിക്കലെനിക്ക് കാണാതാവണം, ജനക്കൂട്ടത്തിനിടയില്‍ എന്നെത്തന്നെ വീണ്ടും കണ്ടെത്തണം. എനിക്കുള്ളതെല്ലാം ഞാൻ എന്റെ പ്രിയപ്പെട്ടവർക്കായി നല്‍കി, ഇപ്പോള്‍ കുറച്ചു സമയം എനിക്ക് മാത്രമായി വേണം...’ ഇതാണ് അഭിഷേക് ഷെയര്‍ ചെയ്ത കവിത.
പോസ്റ്റ് വന്നതോടെ ആരാധകരും ആശങ്കയിലാണ്. വ്യക്തിപരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ആളല്ല അഭിഷേക്. അതുകൊണ്ട് തന്നെയാണ് ഈ പോസ്റ്റ് കണ്ടിട്ട് അഭിഷേകിന് എന്തുപറ്റിയെന്ന് ആരാധകര്‍ ചോദിക്കുന്നത്.
എന്നാല്‍ മറ്റ് ചിലർ ഇത് പുതിയ പ്രൊജക്റ്റിന്റെ സൂചനയാണ് എന്നും കുറിക്കുന്നുണ്ട്. ‘മിസ്സിംഗ്’ എന്നത് താരത്തിന്റെ അടുത്ത സിനിമയുടെ പേരായിരിക്കാം എന്നും ചിലർ കമന്റായി കുറിച്ചു. ഏതായാലും താരത്തിന്റെ പോസ്റ്റ് സഹതാരങ്ങളടക്കം നിരവധി പേര്‍ ലൈക്ക് അടിക്കുന്നുണ്ട്. അഭിഷേക് ബച്ചന്റെ മൂത്ത സഹോദരി ശ്വേത ബച്ചനും ഇൻസ്റ്റാഗ്രാം പോസ്റ്റ് ‘ലൈക്ക്’ ചെയ്തുകൊണ്ട് നിഗൂഢമായ കുറിപ്പിനോട് പ്രതികരിച്ചു. എന്നാല്‍ ഐശ്വര്യറായ് യുടെ പ്രതികരണം എന്താണെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.