-->
തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാരതാംബ വിഷയത്തില്‍ കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവന്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'രാജ്ഭവന്‍ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജ്യത്ത് അംഗീകരിക്കാന്‍ സാധിക്കുന്ന, ഭരണഘടനാനുസൃതമായിരിക്കണം. രാജ്ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമാക്കി മാറ്റാന്‍ പാടില്ല. രാജ്ഭവന്‍ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയായി മാറ്റേണ്ടതല്ല. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയാണ് അത് അംഗീകരിക്കാന്‍ കഴിയില്ല', മുഖ്യമന്ത്രി പറഞ്ഞു.
വ്യക്തിപരമായി ഓരോരുത്തര്‍ക്കും പല ആശയങ്ങളും വിശ്വാസങ്ങളും ഉണ്ടായേക്കാം. സര്‍ക്കാര്‍ പരിപാടികളില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പൊതു ബിംബങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. അതില്‍ നിന്ന് വ്യത്യസ്തമായ നിലവന്നതുകൊണ്ടാണ് അതിനോട് യോജിപ്പില്ലെന്ന് കൃഷി മന്ത്രി രാജ് ഭവനം അറിയിച്ചത്. അത് പിന്നീട് ഗവര്‍ണര്‍ക്കും ബോധ്യപ്പെട്ടെന്നാണ് തോന്നുന്നത് . ആര്‍എസ്എസ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് എതിരായ നിലപാട് സ്വീകരിച്ച സംഘടനയെന്നും ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയാണ് ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്ക് പകരം മനു സ്മൃതി ഉയര്‍ത്തി പിടിക്കണം എന്ന് പറയുന്നവരാണ്. സ്വതന്ത്ര ഇന്ത്യയുടെ പതാക കാവി നിറത്തില്‍ ആകണമെന്നും RSS ആവശ്യപ്പെട്ടിട്ടുണ്ട് പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.