-->
ന്യൂഡല്‍ഹി: 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലാണ് മലയാളവിഭാഗത്തില്‍ പുരസ്‌കാരത്തിനര്‍ഹമായ കൃതി. 2022-ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകമാണിത്. ശിലാഫലകവും 50,000 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം.
വിവിധ ഭാഷകളില്‍നിന്നായി 24 എഴുത്തുകാരാണ് പുരസ്‌കാരം നേടിയത്. മലയാളത്തില്‍നിന്നും ഗ്രേസി ജോസഫ്, ഡോ. പി.കെ. കുശലകുമാരി, രാജീവ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ജൂറി മെമ്പര്‍മാരായിരുന്നു.കേശവന്‍ വെള്ളിക്കുളങ്ങര സ്മാരക ബാലസാഹിത്യ പുരസ്‌കാരത്തിനും അമ്പലക്കര സി. രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണാര്‍ഥം സരോവരം ബുക്സ് ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരത്തിനും 'പെന്‍ഗ്വിനുകളുടെ വന്‍കരയില്‍' അര്‍ഹമായിരുന്നു.
തൃശൂർ ജില്ലയിലെ ചേർപ്പ് സിഎൻഎൻ ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപകനാണ് നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത്. പാലറ്റ്, നയൻമൊനി, നിണവഴിയിലെ നിഴലുകൾ, ആഫ്രിക്കൻ തുമ്പികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. നോവൽ, കഥ, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.